ഭക്ഷ്യ മേഖലയിൽ ഇന്ത്യയിൽ വൻ നിക്ഷേപത്തിന് യു.എ.ഇ
text_fieldsദുബൈ ഇന്ത്യൻ കോൺസുലേറ്റിെൻറ നേതൃത്വത്തിൽ നടന്ന യു.എ.ഇ-ഇന്ത്യ ഭക്ഷ്യ ഉച്ചകോടി
ദുബൈ: ഭക്ഷ്യമേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഊട്ടിയുറപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഇന്ത്യ -യു.എ.ഇ ഭക്ഷ്യസുരക്ഷ ഉച്ചകോടി തുടങ്ങി. ദുബൈ ഇന്ത്യൻ കോൺസുലേറ്റും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും (സി.ഐ.ഐ) സഹകരിച്ചാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ബുധനാഴ്ച സമാപിക്കും.
ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലെ പദ്ധതി വഴി യു.എ.ഇയിലേക്കുള്ള ഇന്ത്യയുടെ കാർഷിക കയറ്റുമതി മൂന്നു മടങ്ങ് വർധിക്കുമെന്ന് ഇന്ത്യയിലെ യു.എ.ഇ അംബാസഡർ ഡോ. അഹ്മദ് അൽ ബന്ന പറഞ്ഞു. നിലവിലെ രണ്ടു ബില്യൺ ഡോളർ ഇടപാട് മൂന്നു വർഷത്തിനുള്ളിൽ 67 ബില്യണാകുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിലെ കാർഷിക മേഖലയിൽ നിക്ഷേപമിറക്കാൻ യു.എ.ഇയിലെ നിക്ഷേപകരെ ക്ഷണിക്കുന്നുവെന്ന് പഞ്ചാബ് പ്രവാസികാര്യ മന്ത്രി റാണ ഗുർമീത് സിങ് സോധി പറഞ്ഞു. 5000 ഹെക്ടറിലേറെ ഭൂമിയും എന്തിനും സഹായിക്കുന്ന സംഘവും പഞ്ചാബിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-യു.എ.ഇ ഭക്ഷ്യ ഇടനാഴി പദ്ധതി വഴി 20 ലക്ഷം കർഷകർക്ക് ഗുണം ചെയ്യുമെന്ന് യു.എ.ഇ സാമ്പത്തികകാര്യ മന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ജുമ അൽ കൈത് പറഞ്ഞു. ഇതുവഴി രണ്ടു ലക്ഷം പേർക്ക് ജോലി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുക, ഭക്ഷ്യ ഉൽപാദന സുസ്ഥിര മാതൃകയുണ്ടാക്കുക, കാര്യക്ഷമത നേടുക തുടങ്ങിയ പൊതുലക്ഷ്യങ്ങൾ കൈവരിക്കാൻ ഇരുരാജ്യങ്ങളും പരസ്പരം സഹായിക്കണമെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസൽ ഡോ. അമൻ പുരി പറഞ്ഞു. ജമ്മു-കശ്മീരിൽ കാർഷികമേഖലയിലെ നിക്ഷേപം ഇരട്ടിയാക്കാനാണ് പദ്ധതിയെന്നും ഇതിലേക്ക് യു.എ.ഇയുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും ജമ്മു- കശ്മീർ കാർഷിക പ്രിൻസിപ്പൽ സെക്രട്ടറി നവീൻ കെ. ചൗധരി പറഞ്ഞു.
നിക്ഷേപകർ, സംരംഭകർ, കയറ്റുമതിക്കാർ, ഇറക്കുമതിക്കാർ അടക്കം 200ഓളം പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ അധ്യക്ഷത വഹിച്ചു. ലോജിസ്റ്റിക്സ്, കാർഷിക സാങ്കേതികവിദ്യ, പാക്കേജിങ് തുടങ്ങിയ മേഖലകളിൽ ചർച്ച നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

