ഇന്ത്യയിൽ വൻ നിക്ഷേപത്തിന് യു.എ.ഇ; 200 കോടി ഡോളറിന്‍റെ ഭക്ഷ്യ പാർക്കുകൾ വരുന്നു
text_fieldsഇന്ത്യ, ഇസ്രായേൽ, യു.എ.ഇ, യു.എസ് എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ഐ2യു2’വിന്‍റെ പ്രഥമ ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റ് രാഷ്ട്രനേതാക്കന്മാരുമായി സംസാരിക്കുന്നു
ദുബൈ: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കാർഷിക ഭക്ഷ്യ പാർക്കുകൾ സ്ഥാപിക്കുന്ന പദ്ധതിയിൽ യു.എ.ഇ 200 കോടി ഡോളറിന്‍റെ നിക്ഷേപം നടത്തും. പുതുതായി രൂപം കൊടുത്ത 'ഐ2യു2' കൂട്ടായ്മയുടെ പ്രഥമ ഉച്ചകോടിയിലെ ആദ്യ തീരുമാനമാണിത്. ഇന്ത്യ, ഇസ്രായേൽ, യു.എ.ഇ, യു.എസ് എന്നീ രാജ്യങ്ങളാണ് ഈ കൂട്ടായ്മയിലെ അംഗങ്ങൾ. വ്യാഴാഴ്ച ഓൺലൈൻ ആയാണ് ഈ രാജ്യങ്ങളിലെ തലവന്മാർ യോഗം ചേർന്നത്. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി, യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ, ഇസ്രായേൽ പ്രധാനമന്ത്രി യായിർ ലാപിഡ് എന്നിവർ ഉച്ചകോടിയിൽ പങ്കെടുത്തു.
200 കോടി ഡോളറിന്‍റെ ഭക്ഷ്യ പാർക്ക് പദ്ധതി കൂടാതെ ഗുജറാത്തിൽ കാറ്റിൽ നിന്നും സൗരോർജത്തിൽ നിന്നും 300 മെഗാവാട്ട് വൈദ്യുതി ഉൽപാദനം സാധ്യമാകുന്ന ഹൈബ്രിഡ് പുനരുപയോഗ ഊർജ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ 13 സംസ്ഥാനങ്ങളിൽ കൃഷി അധിഷ്ഠിതമായ 150 മാതൃകാ ഗ്രാമങ്ങൾ സ്ഥാപിക്കാനുള്ള ഇസ്രായേൽ പദ്ധതിക്കു പുറമേയാണ് 200 കോടി ഡോളറിന്‍റെ പുതിയ പദ്ധതി. തെക്കു-കിഴക്കൻ ഏഷ്യയിലും മിഡിലീസ്റ്റിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് കാർഷിക ഭക്ഷ്യ പാർക്കുകൾ സ്ഥാപിക്കുന്നതെന്ന് നേതാക്കന്മാർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ഭക്ഷ്യസുരക്ഷയും സുസ്ഥിര ഭക്ഷ്യസംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള നൂതനവും സമഗ്രവും ശാസ്ത്രാധിഷ്‌ഠിതവുമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനുള്ള നീക്കത്തിന്‍റെ ഭാഗമാണ് ഭക്ഷ്യ പാർക്കുകളെന്ന് അവർ വ്യക്തമാക്കി. ഇതിനാവശ്യമായ അത്യാധുനിക സാങ്കേതികവിദ്യകളും വൈദഗ്ധ്യവും യു.എസും ഇസ്രായേലും നൽകും. വിവിധ സംസ്ഥാനങ്ങളിൽ ഭക്ഷ്യ പാർക്കുകൾക്കാവശ്യമായ ഭൂമി നൽകുന്ന ഇന്ത്യ, കർഷകരെ ഈ പദ്ധതിയുമായി ബന്ധപ്പെടുത്തുന്നതിനുള്ള നടപടികളുമെടുക്കും.
വിളവെടുപ്പ് വർധിപ്പിക്കുന്നതിനും തെക്കു-കിഴക്കൻ ഏഷ്യയിലെയും മിഡിലീസ്റ്റിലെയും ഭക്ഷ്യ അരക്ഷിതാവസ്ഥയെ നേരിടാൻ സഹായിക്കുന്നതിനുമായി ഭക്ഷണം പാഴാക്കുന്നതും കേടാകുന്നതും കുറക്കുക, ശുദ്ധജലം സംരക്ഷിക്കുക, പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ സ്രോതസ്സുകൾ ഉപയോഗിക്കുക എന്നീ നടപടികളെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ലോകം ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാൻ തങ്ങളുടെ ഊർജസ്വലതയും സംരംഭകത്വ മികവും പ്രയോജനപ്പെടുത്തുകയാണ് 'ഐ2യു2' കൂട്ടായ്മയുടെ ലക്ഷ്യമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. ഇതിനായി ജലം, ഊർജം, ഗതാഗതം, ബഹിരാകാശം, ആരോഗ്യം, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിലെ സംയുക്ത നിക്ഷേപങ്ങളിലും പുതിയ സംരംഭങ്ങളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആളുകളുടെയും ചരക്കുകളുടെയും നീക്കം മെച്ചപ്പെടുത്തുന്ന സംരംഭങ്ങളും നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദീർഘകാല പങ്കാളിത്തത്തിന്‍റെ ആദ്യ ചുവടുകൾ മാത്രമാണ് ഈ പദ്ധതികളെന്ന് അവർ ചൂണ്ടിക്കാട്ടി. ശാസ്ത്ര-സാങ്കേതിക പങ്കാളിത്തത്തിലൂടെ സുസ്ഥിരതയും പ്രതിരോധവും ഊർജിതമാക്കുകയാണ് ലക്ഷ്യം. അടിസ്ഥാന സൗകര്യ വികസനത്തിന് സ്വകാര്യ മേഖലയുടെയും വിദഗ്ധരുടെയും പങ്കാളിത്തം ആകർഷിക്കാനും പൊതുജനാരോഗ്യം, ഹരിത സാങ്കേതിക വിദ്യ എന്നിവയുടെ പ്രോത്സാഹനവും കൂട്ടായ്മ ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

