ലോകകപ്പ് പ്രതീക്ഷകളുമായി യു.എ.ഇ ഇന്ന് ഒമാനെ നേരിടും
text_fieldsയു.എ.ഇ താരം യഹ്യ അല്ഖസ്സാനി മുഖ്യപരിശീലകന്‍ കോസ്മിന്‍ ഒലറോയിയോടൊപ്പം
ദുബൈ: അടുത്തവർഷത്തെ ലോകകപ്പ് പ്രവേശനത്തിനായി അവസാന രണ്ടു ഏഷ്യന്‍ ടീമുകളെ തിരഞ്ഞെടുക്കുന്ന ഗ്രൂപ് എ മത്സരത്തില്‍ ശനിയാഴ്ച യു.എ.ഇ ഒമാനെ ദോഹ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ എതിരിടും. ഇതുവരെയുള്ള കളിയുടെ നിലവാരമനുസരിച്ച് യു.എ.ഇക്ക് സാധ്യത കൂടുതലാണ്. ആദ്യ മത്സരത്തില്‍ ഖത്തറും ഒമാനും സമനിലയിലായതാണ് ‘ദി വൈറ്റ്’ (അല്‍ അബിയള്) എന്നറിയപ്പെടുന്ന യു.എ.ഇ ടീമിന്റെ സാധ്യത വർധിച്ചത്.
ശനിയാഴ്ച ഒമാനെ തോല്പിക്കുകയും 14ാം തീയതി ഖത്തറിനെതിരെ സമനിലയും നേടിയാല്‍ രണ്ടാം തവണയും യു.എ.ഇക്ക് ലോകകപ്പില്‍ കളിക്കാം. ഒരു സമനിലയും ഒരു ജയവും നേടണം. പരാജയപ്പെട്ടാല്‍ സാധ്യത മങ്ങും. ഒമാനെതിരെ കണക്കുകളില്‍ യു.എ.ഇയാണ് മുന്നില്‍. ഇരുവരും 14 തവണ ഏറ്റുമുട്ടിയപ്പോള്‍ അഞ്ച് പ്രാവശ്യം യു.എ.ഇയും നാലു മത്സരം ഒമാനും വിജയിച്ചു. അഞ്ചെണ്ണം സമനിലയിലായിരുന്നു. അവസാനമായി ഇരുടീമുകളും അറബ് കപ്പില്‍ നേരിട്ടപ്പോള്‍ 1-1ന് തുല്യത പാലിച്ചു. സന്നാഹ മത്സരത്തില്‍ ബഹ്റൈനെയും സിറിയയെയും തകര്‍ത്തുവിട്ട ആവേശത്തിലാണ് ടീം. 67ാം സ്ഥാനത്തുള്ള യു.എ.ഇ റാങ്കിങ്ങിലും ഒമാനേക്കാള്‍ മുന്നിലാണ്. 78ാം സ്ഥാനത്താണ് ഒമാന്‍.
രണ്ടാം റൗണ്ടില്‍ ഗ്രൂപ് ജേതാക്കളായി വന്ന യു.എ.ഇ അടുത്ത റൗണ്ടില്‍ ഇറാന്, ഉസ്ബെകിസ്താന്‍ തുടങ്ങിയ ശക്തരുൾപ്പെട്ട ഗ്രൂപ്പില്‍ നിന്ന് 15 പോയന്റോടെ മൂന്നാം സ്ഥാനം നേടിയപ്പോള്‍ ഫലസ്തീനെ ഒരു പോയന്റ് വ്യത്യാസത്തില്‍ പിന്തള്ളിയാണ് ഒമാന്‍ നാലാം റൗണ്ടില്‍ കടന്നുകൂടിയത്. കടുത്ത മത്സരങ്ങളില്‍ സ്വീകരിക്കുന്ന 4-2-3-1 ശൈലി തന്നെയാവും മുഖ്യ പരിശീലകന് റുമാനിയയുടെ കോസ്മിന്‍ ഒലറോയ് പരീക്ഷിച്ചേക്കുക.
ഇതുവരെ എട്ടു ഗോള്‍ നേടിയ മിഡ് ഫീല്‍ഡര്‍മാരായ ഫാബിയോ ലിമയും ആറു ഗോളടിച്ച ഹാരിബ് അബ്ദുല്ലയും പ്രകടനം നിലനിര്‍ത്തിയാല്‍ വിജയം ഉറപ്പാകും. പുറമെ യഹ്യ അല്ഖസ്സാനിയും മികച്ച ഫോമിലാണ്. 1990 ഇറ്റാലിയൻ ലോകകപ്പിനുശേഷം രണ്ടാം ലോക കപ്പ് പ്രവേശന പ്രതീക്ഷയിലാണ് യു.എ.ഇ. കഴിഞ്ഞ 2022 യോഗ്യതാ പ്ലേ ഓഫ് മത്സരത്തില്‍ ആസ്ട്രേലിയയോട് പരാജയപ്പെട്ടാണ് പ്രതീക്ഷ പൊലിഞ്ഞത്.
ഇരു ടീമുകളുടെ ക്യാപ്റ്റന്മാരും ഗോള്കീപ്പര്മാരാണെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ഖത്തര്‍ സമയം രാത്രി 09.15നാണ് പോരാട്ടം. സൗദിയില്‍ നടക്കുന്ന ഗ്രൂപ് ബിയില്‍ ഇറാഖ്-ഇന്തോനേഷ്യ മത്സരം 11.30നും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

