മടങ്ങാൻ കഴിയാത്ത സുഡാനികൾക്ക് സഹായവുമായി യു.എ.ഇ
text_fieldsദുബൈയിലുള്ള സുഡാൻ സ്വദേശികളെ ബസിൽ കയറ്റുന്നു
ദുബൈ: ആഭ്യന്തര സംഘർഷത്തെതുടർന്ന് മടങ്ങാൻ കഴിയാത്ത സുഡാൻ സ്വദേശികൾക്ക് സഹായവുമായി ദുബൈയിലെ ജീവകാരുണ്യ സംഘടനകൾ. ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്മെന്റും മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം ചാരിറ്റി ആൻഡ് ഹ്യുമാനിറ്റേറിയൻ എസ്റ്റാബ്ലിഷ്മെന്റും സംയുക്തമായി സഹകരിച്ചാണ് സുഡാനികൾക്ക് സഹായമൊരുക്കുന്നത്.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശത്തെതുടർന്നാണ് നടപടി. സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാൻ കഴിയുന്നതുവരെ അവർക്ക് സഹായം നൽകാനാണ് തീരുമാനം.
ആദ്യഘട്ടമായി 30 ലക്ഷം ദിർഹം സഹായം പ്രഖ്യാപിച്ചു. ദുബൈ വിമാനത്താവളവുമായി ബന്ധപ്പെട്ട് ഇവർക്ക് ആവശ്യമായ സഹായങ്ങൾ നൽകും. താമസസ്ഥലം, ആരോഗ്യ സംരക്ഷണം തുടങ്ങിയവ അവർക്ക് ലഭ്യമാകുമെന്ന് ഉറപ്പാക്കും. മാതൃരാജ്യത്തേക്ക് സുരക്ഷിതമായി മടങ്ങുന്നതിന് ആവശ്യമായ സൗകര്യം ചെയ്യും. അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ സുഡാനിലെത്തിക്കും.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്ന രാജ്യമെന്ന നിലയിൽ സുഡാൻ പൗരന്മാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡയറക്ടർ ജനറൽ ഡോ. ഹമദ് അൽ ശൈഖ് അഹ്മദ് അൽ ഷൈബാനി പറഞ്ഞു. കഴിഞ്ഞ ദിവസം സുഡാനിലേക്ക് 30 ടൺ ഭക്ഷ്യ, സാധനസാമഗ്രികൾ യു.എ.ഇ അയച്ചിരുന്നു. സുഡാന്റെ അയൽരാജ്യമായ ഛാദിലാണ് യു.എ.ഇയുടെ സഹായം എത്തിച്ചത്.
ഭക്ഷണം, മെഡിക്കൽ ഉപകരണങ്ങൾ, ടെന്റുകൾ എന്നിവയുൾപ്പെടെയുള്ള സഹായം മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം ഗ്ലോബൽ ഇനിഷ്യേറ്റിവ്സ് മുഖേന നൽകാൻ തീരുമാനിച്ചിട്ടുണ്ട്. സുഡാനിൽനിന്ന് നിരവധിപേരെ വിമാനമാർഗം യു.എ.ഇയിൽ എത്തിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

