കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാൻ യു.എ.ഇ
text_fieldsനെറ്റ് സീറോ 2050 പദ്ധതി പ്രഖ്യാപനച്ചടങ്ങിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവർ
ദുബൈ: കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ആഗോള പേരാട്ടങ്ങൾക്ക് കരുത്തുപകർന്ന് യു.എ.ഇയുടെ സുപ്രധാന പ്രഖ്യാപനം. 2050ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള വൻ പദ്ധതിയാണ് എക്സ്പോ 2020 വേദിയിൽ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാെൻറ സാന്നിധ്യത്തിൽ പ്രഖ്യാപിച്ചത്. സുപ്രധാനമായ ലക്ഷ്യം നേടുന്നതിനായി രാജ്യത്തെ മുഴുവൻ സംവിധാനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും പുനരുൽപാദക ഊർജത്തിെൻറ പ്രോത്സാഹനത്തിനായി 600 ബില്യൺ ദിർഹം വരും വർഷങ്ങളിൽ ചെലവിടുമെന്നും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ട്വിറ്ററിൽ കുറിച്ചു. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ആഗോളപരിശ്രമങ്ങളെ പിന്തുണക്കുന്നതിനാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
'നെറ്റ് സീറോ 2050' സംരംഭം യു.എ.ഇയുടെയും അതിെൻറ ജനതയുടെയും ദീർഘകാല കാഴ്ചപ്പാടുകളുമായി പൊരുത്തപ്പെടുന്നതും ആഗോള സുസ്ഥിരശ്രമങ്ങളിൽ വലിയ സംഭാവന നൽകുന്നതുമാണെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് ട്വിറ്ററിൽ കുറിച്ചു. രാജ്യത്തെയും ലോകത്തെയും സാമ്പത്തികവും മാനവികവുമായ വികസനത്തെ പിന്തുണക്കുന്നതാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രഖ്യാപന ചടങ്ങിൽ യു.എ.ഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും ദുബൈ ഡെപ്യൂട്ടി ഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ അഫയേഴ്സ് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനും പങ്കെടുത്തു. കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതിമന്ത്രാലയമാണ് പദ്ധതി നടപ്പിലാക്കുന്നതിന് നേതൃത്വം വഹിക്കുക.
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ലോകരാജ്യങ്ങൾ വിവിധ സംരംഭങ്ങൾക്ക് തുടക്കംകുറിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം ഇമാറാത്തിലും ചൂട് കൂടാനും കനത്ത മഴക്കും കാരണമാകുമെന്ന് സമീപകാലത്ത് പഠനങ്ങൾ പുറത്തുവന്നിരുന്നു. മാനവസമൂഹത്തിന് കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന ആഘാതങ്ങൾ മനസ്സിലാക്കി, ഭാവിതലമുറയുടെ അതിജീവനത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിന് കൂടിയാണ് വൻ പദ്ധതി യു.എ.ഇ പ്രഖ്യാപിച്ചിരിക്കുന്നത്. പരിസ്ഥിതിക്ക് പരിക്കേൽക്കാത്ത വികസനപ്രവർത്തനങ്ങളും ഊർജ ഉൽപാദനവും പ്രോത്സാഹിപ്പിക്കുന്ന നയമാണ് ഇതിെൻറ ഭാഗമായി സ്വീകരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

