ഇന്ത്യയിലെ അലൂമിനിയം കമ്പനിക്ക് യു.എ.ഇ സാങ്കേതികവിദ്യ
text_fieldsദുബൈ: ഇന്ത്യയിലെ നാഷനല്‍ അലുമിനിയം കമ്പനിയുടെ (നാല്‍കോ) വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി യു.എ.ഇ വികസിപ്പിച്ച അത്യാധുനിക അലുമിനിയം സാങ്കേതികവിദ്യ കൈമാറാന്‍ ധാരണയായി. യു.എ.ഇയിലെ പ്രമുഖ വ്യാവസായിക സ്ഥാപനമായ എമിറേറ്റ്‌സ് ഗ്ലോബല്‍ അലുമിനിയവുമായാണ് ഇ.ജി.എ) അലുമിനിയം ഉൽപാദനം ഇരട്ടിയിലധികമാക്കാന്‍ സഹായിക്കുന്ന നിര്‍ണായക കരാറില്‍ നാല്‍കോ ഒപ്പുവെച്ചത്.
ഇന്ത്യയിലെ ഉൽപാദനം ഇരട്ടിയാകും
ഒഡിഷയിലെ അംഗുല്‍ സ്‌മെല്‍റ്ററിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് അത്യാധുനിക യു.എ.ഇ. സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രതിവര്‍ഷം അഞ്ചുലക്ഷം ടണ്‍ അലുമിനിയം ഉൽപാദനശേഷി അധികമായി ലഭിക്കും. 2030 അവസാനത്തോടെ ആദ്യ അലുമിനിയം ഉൽപാദനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ആഗോള തലത്തിലെ മത്സര ലേലത്തിലൂടെയാണ് നാല്‍കോ യു.എ.ഇ സാങ്കേതികവിദ്യ തിരഞ്ഞെടുത്തത്.
സാങ്കേതിക പിന്തുണയും പരിശീലനവും യു.എ.ഇ നല്‍കും
കരാര്‍ പ്രകാരം നാല്‍കോക്ക് സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള ലൈസന്‍സ് ഇ.ജി.എ നല്‍കും. കൂടാതെ, പദ്ധതിയുടെ എല്ലാ ഘട്ടങ്ങളിലും സാങ്കേതിക പിന്തുണ ഉറപ്പാക്കുന്നതിനൊപ്പം ഈ സാങ്കേതികവിദ്യ പ്രവര്‍ത്തിപ്പിക്കുന്നതിനായി നാല്‍കോ ജീവനക്കാര്‍ക്ക് ഇ.ജി.എ പ്രത്യേക പരിശീലനവും നല്‍കും.
സ്വന്തമായി സാങ്കേതികവിദ്യ വികസിപ്പിച്ചത് ഇ.ജി.എയുടെ വിപണിയിലെ മേല്‍ക്കോയ്മക്കും വരുമാന വളര്‍ച്ചക്കും നിര്‍ണായകമായതായി കമ്പനി സി.ഇ.ഒ അബ്ദുല്‍നാസര്‍ ബിന്‍ കല്‍ബാന്‍ വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തില്‍ തങ്ങളുടെ സാങ്കേതികവിദ്യയുടെ സ്വീകാര്യത വര്‍ധിക്കുന്നതിന്‍റെ തെളിവാണ് ഈ കരാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സാങ്കേതികവിദ്യ യാഥാർഥ്യമാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന അലൂമിനിയം ഉൽപാദിപ്പിക്കുന്ന കേന്ദ്രമായി അംഗുല്‍ പ്ലാന്‍റ് മാറുമെന്ന് നാല്‍കോ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബ്രിജേന്ദ്ര പ്രതാപ് സിങ് പറഞ്ഞു.
വ്യാവസായിക രംഗത്തെ യു.എ.ഇയുടെ കരുത്ത്
മൂന്ന് പതിറ്റാണ്ടിലേറെയായി അലുമിനിയം നിര്‍മാണ രംഗത്ത് സ്വന്തമായി സാങ്കേതികവിദ്യ വികസിപ്പിക്കുന്ന സ്ഥാപനമാണ് ഇ.ജി.എ. 2016ല്‍ അല്‍ബെയ്ന്‍ ലൈന്‍ 6 വികസനത്തിനായി ബഹ്റൈന്‍ അലുമിനിയത്തിന് സാങ്കേതികവിദ്യ കൈമാറിയാണ് ഇ.ജി.എ അന്താരാഷ്ട്ര തലത്തില്‍ ആദ്യമായി സാങ്കേതിക ലൈസന്‍സിങ് ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ പ്രീമിയം അലുമിനിയം ഉൽപാദകരായ ഇ.ജി.എ, യു.എ.ഇയിലെ എണ്ണയിതര വ്യാവസായിക മേഖലയിലെ ഏറ്റവും വലിയ കമ്പനി കൂടിയാണ്. 2025ല്‍ 28.4 ലക്ഷം ടണ്‍ അലുമിനിയം ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ച കമ്പനിയിലൂടെ ലോകത്തിലെ അഞ്ചാമത് വലിയ അലുമിനിയം ഉൽപാദന രാജ്യമായി യു.എ.ഇ മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

