വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവ ചുവടുവെപ്പുമായി യു.എ.ഇ
text_fieldsകാൻസർ നിർണ്ണയത്തിന് എ.ഐ സാങ്കേതികവിദ്യയും നാഡീചികിത്സയ്ക്ക് പുതിയ ഉപകരണവും
അബൂദബി: പ്രോസ്റ്റേറ്റ് കാന്‍സര്‍ നിര്‍ണയ പ്രക്രിയ കൂടുതല്‍ വേഗത്തിലാക്കാനും ഫലങ്ങള്‍ അതീവ കൃത്യതയോടെ ലഭ്യമാക്കാനും സഹായിക്കുന്ന പുതിയ കൃത്രിമ ബുദ്ധി (എ.ഐ) സാങ്കേതികവിദ്യ യു.എ.ഇയില്‍ അവതരിപ്പിച്ചു. ബയോപ്‌സി ഫലങ്ങള്‍ക്കായി രോഗികള്‍ ഏറെ ഉത്കണ്ഠയോടെ കാത്തിരിക്കുന്ന സമയം ഗണ്യമായി കുറക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നു. രോഗനിര്‍ണയത്തില്‍ അന്തിമ തീരുമാനം ഡോക്ടര്‍മാരുടേത് തന്നെയായിരിക്കുമെങ്കിലും, ഈ അത്യാധുനിക സംവിധാനം മെഡിക്കല്‍ മേഖലയ്ക്ക് വലിയ തുണയാകും.
യു.എ.ഇയിലെ പ്രമുഖ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പായ ‘എം42വിന് കീഴിലുള്ള നാഷനല്‍ റഫറന്‍സ് ലബോറട്ടറി (എന്‍.ആര്‍.എല്‍), ഡിജിറ്റല്‍ പാത്തോളജി കമ്പനിയായ 'ക്രിറ്റീവ്' എന്നിവയുടെ സഹകരണത്തോടെയാണ് കാന്‍സര്‍ നിര്‍ണയത്തിനായുള്ള പുതിയ എ.ഐ സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഇതിന്‍റെ ഭാഗമായി ക്രിറ്റീവിന്റെ ‘എ.ഐ പ്രോസ്റ്റേറ്റ് മൊഡ്യൂള്‍’ നിലവില്‍ അബൂദബി ക്ലീവ്ലാന്‍ഡ് ക്ലിനിക്കിലെ എന്‍.ആര്‍.എല്‍ രോഗനിര്‍ണയ വിഭാഗത്തില്‍ വിജയകരമായി സംയോജിപ്പിച്ചു കഴിഞ്ഞു.
ബയോപ്‌സിയിലൂടെ ശേഖരിക്കുന്ന കോശസാമ്പിളുകള്‍ ഡിജിറ്റലായി പരിശോധിച്ച്, കാന്‍സര്‍ ബാധിക്കാന്‍ സാധ്യതയുള്ള ഭാഗങ്ങള്‍ കൃത്യമായി അടയാളപ്പെടുത്താനും രോഗത്തിന്‍റെ വ്യാപ്തിയും കാഠിന്യവും വിലയിരുത്താനും ഈ സംവിധാനത്തിന് കഴിയും. നിലവില്‍ പാത്തോളജിസ്റ്റുകള്‍ മൈക്രോസ്‌കോപ്പിലൂടെ ദീര്‍ഘനേരം പരിശോധിച്ചാണ് കാന്‍സറിന്‍റെ തീവ്രതയും 'ഗ്ലീസണ്‍ പാറ്റേണുകളും' നിര്‍ണയിക്കുന്നത്. എന്നാല്‍ എ.ഐ സംവിധാനം വരുന്നതോടെ ഈ പ്രക്രിയ കൂടുതല്‍ എളുപ്പമാകും. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട 'ഐ.എസ്.യു.പി' മാനദണ്ഡങ്ങള്‍ പാലിച്ച് അതീവ സൂക്ഷ്മതയോടെ വിവരങ്ങള്‍ വിശകലനം ചെയ്യാന്‍ ഈ ടൂളിന് സാധിക്കുമെന്ന് എന്‍.ആര്‍.എല്‍ മെഡിക്കല്‍ ആൻഡ് കൊമേഴ്‌സ്യല്‍ ഓപറേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ശ്വേത നാരംഗ് പറഞ്ഞു. പാത്തോളജിസ്റ്റുകള്‍ക്ക് ഒരു 'കോ പൈലറ്റ്' ആയിട്ടായിരിക്കും ഈ എ.ഐ സംവിധാനം പ്രവര്‍ത്തിക്കുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സാധാരണയായി രോഗനിര്‍ണയം നടത്തുമ്പോള്‍ ഉണ്ടാകാന്‍ ഇടയുള്ള ചെറിയ വ്യതിയാനങ്ങള്‍ പോലും ഇല്ലാതാക്കാന്‍ എ.ഐയുടെ സഹായത്തോടെ സാധിക്കുമെന്ന് ക്ലീവ്ലാന്‍ഡ് ക്ലിനിക് അബൂദബിയിലെ പാത്തോളജി ആൻഡ് ലബോറട്ടറി മെഡിസിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വൈസ് ചീഫ് ഡോ. ബാസല്‍ അല്‍ത്രാബുല്‍സി വ്യക്തമാക്കി. ബയോപ്‌സി സ്ലൈഡുകള്‍ പരിശോധിക്കുന്നതില്‍ ഇതൊരു 'സെക്കന്‍ഡ് റീഡര്‍' ആയി പ്രവര്‍ത്തിക്കും. പ്രോസ്റ്റേറ്റ് കാന്‍സറിന്‍റെ സ്വഭാവം മുന്‍നിര്‍ത്തിയാണ് ശസ്ത്രക്രിയ, റേഡിയോ തെറാപ്പി, അല്ലെങ്കില്‍ കൃത്യമായ നിരീക്ഷണം എന്നിവയില്‍ ഏത് ചികിത്സ വേണമെന്ന് തീരുമാനിക്കുന്നത്.
പ്രോസ്റ്റേറ്റ് കാന്‍സറുകള്‍ പല തരത്തിലുണ്ടെന്നും, സാവധാനം പടരുന്നവയ്ക്ക് കൃത്യമായ നിരീക്ഷണം മതിയെങ്കില്‍ തീവ്രത കൂടിയവയ്ക്ക് ഉടനടി ചികിത്സ ആവശ്യമാണെന്നും ബുര്‍ജീല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ ഡയറക്ടറും കണ്‍സള്‍ട്ടന്‍റ് മെഡിക്കല്‍ ഓങ്കോളജിസ്റ്റുമായ ഡോ. ഹസന്‍ ജാഫര്‍ ചൂണ്ടിക്കാട്ടി. എ.ഐ സാങ്കേതികവിദ്യ ഒരു തീരുമാന സഹായ ഉപകരണം മാത്രമാണെന്നും, ക്ലിനിക്കല്‍ തീരുമാനങ്ങളിലും രോഗീ പരിചരണത്തിലും മെഡിക്കല്‍ വിദഗ്ധരുടെ അന്തിമ വിലയിരുത്തലുകള്‍ തന്നെയാണ് എപ്പോഴും നിര്‍ണായകമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
അത്യാധുനിക കുത്തിവെപ്പ് ഉപകരണം വികസിപ്പിച്ചു
നാഡി വ്യൂഹ സംബന്ധമായ അസുഖം ബാധിച്ചവർക്ക് സങ്കീര്‍ണമല്ലാത്ത ചികിത്സാരീതിക്ക് സഹായകമാകും
അബൂദബി: ശസ്ത്രക്രിയയോ വയറുകളോ ബാറ്ററിയോ ഇല്ലാതെ കഠിനവേദനകള്‍ക്കും ചലനവൈകല്യങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന അത്യാധുനിക കുത്തിവെപ്പ് ഉപകരണം അബൂദബിയില്‍ വികസിപ്പിച്ചു. ന്യൂയോര്‍ക്ക് യൂനിവേഴ്‌സിറ്റി (എന്‍.വൈ.യു.) അബൂദബിയിലെയും ക്ലീവ് ലാന്‍ഡ് ക്ലിനിക്കിലെയും ഗവേഷകര്‍ സംയുക്തമായാണ് ഒരു ചെറിയ വിത്തിന്‍റെ വലുപ്പം മാത്രമുള്ള ഈ വിപ്ലവകരമായ മെഡിക്കല്‍ ഉപകരണം തദ്ദേശീയമായി വികസിപ്പിച്ചത്. നാഡീവ്യൂഹ സംബന്ധമായ അസുഖങ്ങള്‍ ബാധിച്ചവര്‍ക്ക് ലളിതവും ഒട്ടും സങ്കീര്‍ണവുമല്ലാത്ത ചികിത്സാരീതിയാണ് ഇത് സമ്മാനിക്കുന്നത്.
സാധാരണ സൂചി ഉപയോഗിച്ച് ശരീരത്തിലേക്ക് കുത്തിവെക്കാന്‍ കഴിയുന്ന ഈ ഉപകരണം ലക്ഷ്യമിടുന്ന നാഡിക്ക് സമീപമാണ് സ്ഥാപിക്കുക. പുറത്തുനിന്നുള്ള വയര്‍ലെസ് സംവിധാനം വഴി ഇതിലേക്ക് ആവശ്യമായ ഊര്‍ജം എത്തിക്കാന്‍ കഴിയും. രോഗിയുടെ അവസ്ഥയ്ക്ക് അനുസരിച്ച് തത്സമയം ഇതിന്‍റെ പ്രവര്‍ത്തനം ഡോക്ടര്‍മാര്‍ക്കോ രോഗികള്‍ക്കോ നിയന്ത്രിക്കാനാകും.
അള്‍ട്രാസൗണ്ട്, സി.ടി സ്‌കാന്‍ തുടങ്ങിയ സാധാരണ മെഡിക്കല്‍ ഇമേജിങ് സംവിധാനങ്ങളിലൂടെ ഈ ഉപകരണം ശരീരത്തില്‍ എവിടെയാണെന്ന് കൃത്യമായി കണ്ടെത്താനും നിരീക്ഷിക്കാനും സാധിക്കും.
ലബോറട്ടറികളിലും പ്രീ-ക്ലിനിക്കല്‍ ഘട്ടങ്ങളിലും നടത്തിയ പരിശോധനകളില്‍ നാഡീ ഉത്തേജനത്തില്‍ ഈ ഉപകരണം മികച്ച ഫലപ്രാപ്തിയും കൃത്യതയും നല്‍കുന്നതായി തെളിഞ്ഞുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
വലിയ ശസ്ത്രക്രിയകള്‍ ഒഴിവാക്കി നാഡീസംബന്ധമായ രോഗങ്ങള്‍ക്ക് ലളിതവും സുരക്ഷിതവുമായ ചികിത്സ ഉറപ്പാക്കാന്‍ പുതിയ സാങ്കേതികവിദ്യയിലൂടെ സാധിക്കുമെന്ന് എന്‍.വൈ.യു അബൂദബിയിലെ ബയോ എന്‍ജിനീയറിങ് അസി. പ്രൊഫസറും പഠനത്തിന്‍റെ മുഖ്യ രചയിതാവുമായ പ്രൊഫസർ ഖലീല്‍ റമാദി പറഞ്ഞു. മെഡിക്കല്‍ രംഗത്തെ അക്കാദമിക കൂട്ടായ്മകള്‍ക്ക് രോഗീ പരിചരണത്തില്‍ എത്രത്തോളം വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നതിന്‍റെ തെളിവാണ് ഈ നേട്ടമെന്ന് ക്ലീവ് ലാൻഡ് ചീഫ് അക്കാദമിക് ഓഫിസര്‍ ഡോ. സൗസന്‍ അബ്ദുല്‍ റാസിഖ് വ്യക്തമാക്കി.
നിലവിലുള്ള പരമ്പരാഗത ഇംപ്ലാന്‍റുകള്‍ക്കും മരുന്നുകള്‍ക്കും ഇടയിലുള്ള വലിയ വിടവ് നികത്താന്‍ ഈ സാങ്കേതികവിദ്യക്ക് സാധിക്കുമെന്ന് പഠനത്തില്‍ പങ്കാളിയായ എന്‍.വൈ.യു അബൂദബിയിലെ റിസര്‍ച്ച് അസോസിയേറ്റ് ഡോ. മുഹമ്മദ് അല്‍ ഷെരീഫ് കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

