യു.എ.ഇ സ്വാത് ചലഞ്ചിന് ദുബൈയിൽ തുടക്കം
text_fieldsയു.എ.ഇ സ്വാത് ചലഞ്ചിന്റെ ഭാഗമായ പ്രകടനങ്ങളുടെ ദൃശ്യം
ദുബൈ: ലോകമെമ്പാടുമുള്ള മുൻനിര പൊലീസ് സേനകളുടെ പങ്കാളിത്തത്തോടെ യു.എ.ഇ സ്വാത് ചലഞ്ച് 2026ന് ദുബൈയിലെ അൽ റുവയ്യ ട്രെയിനിങ് സിറ്റിയിൽ ശനിയാഴ്ച ഔദ്യോഗിക തുടക്കമായി. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങൾക്ക് 2.6 ലക്ഷം ഡോളർ ആണ് മൊത്തം സമ്മാനത്തുക. അന്താരാഷ്ട്ര മത്സരത്തിന്റെ ഏഴാമത് പതിപ്പാണ് ഇത്തവണ അരങ്ങേറുന്നത്. ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി, ദുബൈ എക്സിക്യൂട്ടിവ് കൗൺസിൽ സെക്രട്ടറി ജനറൽ അബ്ദുല്ല മുഹമ്മദ് അൽ ബസ്തി, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള തന്ത്രസംഘങ്ങളുടെ നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. ആറ് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള പൊലീസ് സംഘങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
പ്രത്യേക പൊലീസ് യൂനിറ്റുകളുടെ കഴിവ്, ശാരീരിക ക്ഷമത, അടിയന്തര സാഹചര്യങ്ങളിലെ പ്രവർത്തനം എന്നിവ വിലയിരുത്തുന്ന രീതിയിലാണ് മത്സരങ്ങൾ. ആദ്യ ദിവസം ആക്രമണ ചലഞ്ചാണ് നടന്നത്. ബന്ദി രക്ഷാപ്രവർത്തനം, ഓഫിസർ റെസ്ക്യൂ, ടവർ ചലഞ്ച്, ഒബ്സ്റ്റക്കിൾ ചലഞ്ച് എന്നിവ വരും ദിവസങ്ങളിൽ നടക്കും. മത്സര വേദിയോടൊപ്പം ‘യുവർ സെക്യൂരിറ്റി ഈസ് അവർ ഹാപ്പിനസ്’ പ്രദർശനവും പങ്കാളി സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഭക്ഷണ ഔട്ട്ലറ്റുകളും ഒരുക്കിയിട്ടുണ്ട്. പരിപാടിയിൽ ഫെബ്രുവരി 12 വരെ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടെന്ന് സംഘാടകർ അറിയിച്ചു.
ആദ്യദിനം മത്സര വേദി സന്ദർശിച്ച ലഫ്. ജനറൽ അൽ മർറി, ‘യുവർ സെക്യൂരിറ്റി ഈസ് അവർ ഹാപ്പിനസ്’ എന്ന പ്രദർശനം ഉൾപ്പെടെ വിവിധ അനുബന്ധ പ്രവർത്തനങ്ങൾ വിലയിരുത്തി. മത്സരങ്ങൾ തത്സമയം പ്രക്ഷേപണം ചെയ്യുന്ന മീഡിയ സെന്ററും മത്സരാർഥികൾക്ക് സേവനം നൽകുന്ന മെഡിക്കൽ സംവിധാനങ്ങളും അദ്ദേഹം സന്ദർശിച്ചു. പരസ്പരം അറിവുകൾ പങ്കുവെക്കുകയും സങ്കീർണമായ സുരക്ഷാ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലെ പൊലീസ് സേനകളുടെ തയാറെടുപ്പ് വിലയിരുത്തുകയുമാണ് മത്സരത്തിന്റെ ലക്ഷ്യമെന്ന് സംഘാടക സമിതി ചെയർമാൻ ബ്രി. ഉബൈദ് മുബാറക് അൽ കെത്ബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

