ആരോഗ്യം ശ്രദ്ധിക്കണേ...
text_fieldsദുബൈ: രാജ്യത്തെ പകുതിയിലധികം മുതിർന്നവരിലും ഉയർന്ന കൊളസ്ട്രോളും രക്തത്തിലെ പഞ്ചസാരയുടെ അളവും വർധിച്ചതായി യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ ദേശീയ ആരോഗ്യ സർവേ റിപ്പോർട്ട്. 2024-2025 കാലയളവിൽ 9,997 കുടുംബങ്ങളെ ഉൾപ്പെടുത്തിയാണ് ഈ സർവേ നടത്തിയത്. അമിതവണ്ണവും പുകവലിയും കുറഞ്ഞതായും സർവേ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സർവേ പ്രകാരം അമിതവണ്ണം 27.8 ശതമാനത്തിൽ നിന്ന് 22.4 ശതമാനമായും, പുകവലി 9.1 ശതമാനത്തിൽ നിന്ന് 8.7 ശതമാനമായും കുറഞ്ഞു. ഉയർന്ന രക്തസമ്മർദമുള്ളവരുടെ എണ്ണത്തിലും 28.8 ശതമാനത്തിൽനിന്ന് 25.9 ശതമാനമായി കുറവു വന്നിട്ടുണ്ട്. എന്നാൽ, ഉയർന്ന കൊളസ്ട്രോൾ ബാധിച്ചവരുടെ അനുപാതം 43.7 ശതമാനത്തിൽ നിന്ന് 54.2 ശതമാനമായി കുത്തനെ ഉയർന്നു.
രാജ്യത്തെ മുതിർന്നവർ ദിവസേന ശരാശരി 10 ഗ്രാം ഉപ്പ് ഉപയോഗിക്കുന്നുണ്ട്. ഇത് ലോകാരോഗ്യ സംഘടനയുടെ ശിപാർശ ചെയ്ത പരിധിയുടെ ഇരട്ടിയാണെന്ന് സർവേ കണ്ടെത്തി. ഇത് രക്തസമ്മർദത്തിനും ഹൃദ്രോഗങ്ങൾക്കും പ്രധാന കാരണമാകുന്നു. ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാത്തവരുടെ നിരക്ക് 70.8 ശതമാനത്തിൽ നിന്ന് 59.1 ശതമാനമായി കുറഞ്ഞത് വലിയ നേട്ടമായി സർവേയിൽ ചൂണ്ടിക്കാട്ടുന്നു.
സ്തനാർബുദ പരിശോധനയായ മാമോഗ്രാം ചെയ്തത് 40 വയസ്സിനു മുകളിലുള്ള 36.4 ശതമാനം സ്ത്രീകൾ മാത്രമാണ്. ബോധവൽകരണക്കുറവാണ് ഇതിന് പ്രധാന തടസ്സം. കോളോറെക്ടൽ കാൻസർ പരിശോധന നടത്തിയവർ വെറും 5.6 ശതമാനം. കാൻസർ പ്രതിരോധത്തിലും നേരത്തെയുള്ള കണ്ടെത്തലിലും ഇത്തരം പരിശോധനാ വിടവുകൾ നികത്തേണ്ടതുണ്ടെന്നും സർവേ പറയുന്നു.
മാനസികാരോഗ്യ രംഗത്ത്, വിഷാദരോഗ ലക്ഷണങ്ങൾ അനുഭവപ്പെടുന്നതായി 0.4 ശതമാനം പേർ അറിയിച്ചിട്ടുണ്ട്. എന്നാൽ, പ്രൊഫഷനൽ പിന്തുണ തേടുന്നവരുടെ നിരക്ക് വളരെ കുറവാണ്. അതേസമയം, അവശ്യഘട്ടങ്ങളിൽ ആരോഗ്യ സേവനങ്ങൾ ലഭ്യമാകുന്നതിൽ 96.6 ശതമാനം പേരും തൃപ്തി രേഖപ്പെടുത്തി. ഇൻപേഷ്യന്റ് സേവനങ്ങളിൽ 97.5 ശതമാനവും ഔട്ട്പേഷ്യന്റ് സേവനങ്ങളിൽ 98.6 ശതമാനവുമാണ് രോഗികളുടെ സംതൃപ്തി നിരക്ക്.
അമിതവണ്ണവും പുകവലിയും പോലുള്ള ചില ഘടകങ്ങളിൽ പുരോഗതിയുണ്ടെങ്കിലും, ഉയർന്ന കൊളസ്ട്രോൾ, കൂടിയ ഉപ്പ് ഉപഭോഗം, കാൻസർ സ്ക്രീനിങ്ങിലെ കുറഞ്ഞ പങ്കാളിത്തം എന്നിവ രാജ്യത്ത് വലിയ വെല്ലുവിളിയായി തുടരുന്നു. ഈ കണ്ടെത്തലുകൾ ഭാവിയിലെ ദേശീയ ആരോഗ്യ നയങ്ങൾ രൂപീകരിക്കുന്നതിനും രോഗപ്രതിരോധ നടപടികൾ ശക്തമാക്കുന്നതിനും സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

