അംബരചുംബികളുടെ എണ്ണത്തിൽ അമേരിക്കയെ മറികടന്ന് യു.എ.ഇ
text_fieldsദുബൈ നഗരത്തിലെ ഉയർന്ന കെട്ടിടങ്ങൾ
ദുബൈ: 300 മീറ്ററിൽ കൂടുതൽ ഉയരമുള്ള പൂർത്തിയായ കെട്ടിടങ്ങളുടെ എണ്ണത്തിൽ അമേരിക്കയെയും മറികടന്ന് യു.എ.ഇ. കൗൺസിൽ ഓഫ് ടാൾ ബിൽഡിങ്സ് ആൻഡ് ഹാബിറ്റാറ്റ് (സി.ടി.ബി.യു.എച്ച്) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. നിലവിൽ 300 മീറ്ററിൽ കൂടുതൽ ഉയരമുള്ള 37 കെട്ടിടങ്ങളാണ് യു.എ.ഇയിലുള്ളത്. അമേരിക്കയിൽ 31 കെട്ടിടങ്ങളാണ് ഇത്തരത്തിലുള്ളത്. അതേസമയം 122 ‘സൂപ്പർ ടാൾ’ കെട്ടിടങ്ങളുമായി ചൈനയാണ് മുന്നിൽനിൽക്കുന്നത്. ചൈനക്കുശേഷം പട്ടികയിൽ രണ്ടാം സ്ഥാനമാണ് യു.എ.ഇ കരസ്ഥമാക്കിയിട്ടുള്ളത്.
യു.എ.ഇയിൽ ഏറ്റവും കൂടുതൽ അംബരചുംബികളുള്ളത് ലോകത്തെ ഏറ്റവും ഉയർന്ന കെട്ടിടമായ 828 മീറ്റർ ഉയരമുള്ള ബുർജ് ഖലീഫയടക്കം സ്ഥിതി ചെയ്യുന്ന ദുബൈയിലാണ്. പട്ടികയിൽ എല്ലാ വിഭാഗങ്ങളിലുമായി മൂന്നാം സ്ഥാനത്താണ് യു.എ.ഇയുള്ളത്. 150 മീറ്ററിൽ കൂടുതൽ ഉയരമുള്ള 345 കെട്ടിടങ്ങളും 200 മീറ്ററിൽ കൂടുതൽ ഉയരമുള്ള 159 കെട്ടിടങ്ങളുമാണ് രാജ്യത്തുള്ളത്.
അതേസമയം എല്ലാ വിഭാഗത്തിലും ചൈനയാണ് മുന്നിട്ടുനിൽക്കുന്നത്. 150 മീറ്ററിൽ കൂടുതൽ ഉയരമുള്ള 3,497 കെട്ടിടങ്ങളും 200 മീറ്ററിൽ കൂടുതൽ ഉയരമുള്ള 1,271 കെട്ടിടങ്ങളുമാണ് ചൈനയിലുള്ളത്. നഗര, സാമ്പത്തിക വളർച്ചയിലെ ചൈനയുടെ മുന്നേറ്റത്തെ പ്രതിനിധീകരിക്കുന്നതാണ് നേട്ടം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 10 കെട്ടിടങ്ങളുടെ പട്ടികയിൽ ഷാങ്ഹായ്, ഷെൻഷെൻ, ഗ്വാങ്ഷോ തുടങ്ങിയ നഗരങ്ങൾ പ്രധാന സ്ഥാനം നേടിയിട്ടുണ്ട്. എൻജിനീയറിങ് അത്ഭുതങ്ങളായി വിലയിരുത്തപ്പെടുന്ന ലാൻഡ്മാർക്കുകളായ ഷാങ്ഹായ് ടവർ (632 മീറ്റർ), പിങ് ആൻ ഫിനാൻസ് സെന്റർ (599 മീറ്റർ) എന്നിവ ഇവിടങ്ങളിലാണ്.
ഒരുകാലത്ത് അംബരചുംബികളായ കെട്ടിടങ്ങളുടെ രൂപകൽപനയിൽ എതിരാളികളില്ലാതെ മുന്നിട്ടുനിന്ന അമേരിക്ക, നിലവിൽ മൊത്തം ഉയരമുള്ള കെട്ടിടങ്ങളുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്താണ്. 150 മീറ്ററിൽ കൂടുതൽ ഉയരമുള്ള 909 എണ്ണമാണ് യു.എസിലുള്ളത്. ഇതിൽ ന്യൂയോർക്കിലെ വൺ വേൾഡ് ട്രേഡ് സെന്റർ (541 മീറ്റർ) പോലുള്ള ഐക്കണിക് ടവറുകൾ ഉൾപ്പെടും. ലോകത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കെട്ടിടമായ മെർദക അടക്കം സ്ഥിതി ചെയ്യുന്ന മലേഷ്യയും ജപ്പാൻ, ദക്ഷിണകൊറിയ, കാനഡ, ആസ്ട്രേലിയ എന്നിവയാണ് കൂടുതൽ ഉയർന്ന കെട്ടിടങ്ങളുള്ള മറ്റു രാജ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

