ഭീകരതക്കെതിരെ ഇന്ത്യക്ക് യു.എ.ഇ പിന്തുണ -പ്രതിനിധി സംഘം
text_fieldsഓപറേഷൻ സിന്ദൂറിന്റെ പശ്ചാത്തലം വിശദീകരിക്കാനെത്തിയ കേന്ദ്ര പ്രതിനിധി സംഘം ദുബൈയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു
ദുബൈ: ഭീകരതക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് യു.എ.ഇ പൂർണ പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് ഓപറേഷൻ സിന്ദൂറിന്റെ പശ്ചാത്തലം വിശദീകരിക്കാനെത്തിയ കേന്ദ്ര പ്രതിനിധി സംഘം. കൂടിക്കാഴ്ചകൾ പൂർത്തിയായശേഷം ദുബൈയിൽ മാധ്യമങ്ങളോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയുടെ ഭീകരതയോടുള്ള വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് യു.എ.ഇ പ്രമുഖരുടെ മുന്നിൽ രണ്ടു ദിവസത്തെ കൂടിക്കാഴ്ചയിൽ വിശദീകരിച്ചതെന്ന് സംഘത്തിന് നേതൃത്വം നൽകുന്ന ശ്രീകാന്ത് ഏകനാഥ് ഷിൻഡെ എം.പി പറഞ്ഞു.
വ്യാപാരവും ഭീകരതയും ഒന്നിച്ചുപോവില്ലെന്നും രക്തവും ജലവും ഒന്നിച്ച് ഒഴുകില്ലെന്നും പാകിസ്താനെ ബോധ്യപ്പെടുത്താൻ ഓപറേഷൻ സിന്ദൂറിലൂടെ സാധിച്ചു. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ്. പലതവണ രാജ്യത്തിനുനേരെ ആക്രമണങ്ങളുണ്ടായി. എന്നാൽ, ഇത്തവണ ദൃഢനിശ്ചയത്തോടെ ഇന്ത്യ നിലപാടെടുക്കുകയും തിരിച്ചടി നൽകുകയും ചെയ്തു. പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളെ മാത്രം ലക്ഷ്യമാക്കിയുള്ള ആക്രമണം വലിയ വിജയമായിരുന്നു. പഹൽഗാം ആക്രമണത്തെ ആദ്യ അവസരത്തിൽ അപലപിച്ച രാജ്യമാണ് യു.എ.ഇ. ഭീകരതക്കെതിരെ ഇന്ത്യക്ക് പൂർണ പിന്തുണയാണ് കൂടിക്കാഴ്ചയിൽ എല്ലാവരും ഉറപ്പുനൽകിയത് -അദ്ദേഹം വ്യക്തമാക്കി.പാകിസ്താന്റെ വ്യാജ പ്രചാരണങ്ങൾക്ക് എതിരായ തെളിവുകൾ പ്രതിനിധി സംഘം കൂടിക്കാഴ്ചകളിൽ വിശദീകരിച്ചെന്നും ചോദ്യത്തിന് മറുപടിയായി ഷിൻഡെ പറഞ്ഞു. പഹൽഗാം ആക്രമണ ശേഷം ഇന്ത്യ ഐക്യത്തോടെയാണ് പ്രവർത്തിച്ചതെന്നും അതിന്റെ തുടർച്ചയാണ് വിദേശരാജ്യങ്ങളിലേക്ക് സർവകക്ഷി പ്രതിനിധി സംഘത്തിന്റെ യാത്രയെന്നും ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. ലോകാടിസ്ഥാനത്തിൽ തന്നെ ഭീകരതക്കെതിരെ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ യു.എ.ഇ സന്നദ്ധമാണെന്ന് പ്രമുഖർ വ്യക്തമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര പ്രതിനിധി സംഘം വെള്ളിയാഴ്ച അൻവർ ഗർഗാഷ് ഡിപ്ലോമാറ്റിക് അക്കാദമി ഡയറക്ടർ ജനറൽ നികോലായ് മ്ലദനേവുമായും മറ്റു പ്രമുഖരുമായും കൂടിക്കാഴ്ചകൾ നടത്തി. തുടർന്ന് വൈകുന്നേരമാണ് യു.എ.ഇ, ഇന്ത്യൻ മാധ്യമങ്ങളുമായി മുഖാമുഖം നടന്നത്. വാർത്തസമ്മേളനത്തിൽ യു.എ.ഇയിലെത്തിയ ദൗത്യ സംഘത്തിലെ മറ്റു അംഗങ്ങളായ ബാൻസുരി സ്വരാജ് എം.പി, അതുൽ ഗാർഗ് എം.പി, സാംസിത് പാത്ര എം.പി, മനൻകുമാർ മിശ്ര എം.പി, മുൻ പാർലമെന്റ് അംഗം എസ്.എസ്. അഹ്ലുവാലിയ, മുൻ അംബാസഡർ സുജൻ ചിനോയ് എന്നിവരും യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറും ചോദ്യങ്ങൾക്ക് മറുപടി നൽകി.
ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ സ്വാഗതം പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെയാണ് സംഘം അബൂദബിയിലെത്തിയത്. രണ്ടുദിവസങ്ങളിലായി അബൂദബിയിലും ദുബൈയിലും കൂടിക്കാഴ്ചകൾ പൂർത്തീകരിച്ച സംഘം ശനിയാഴ്ച രാവിലെ ഉഗാണ്ട വഴി വിവിധ ആഫ്രിക്കൻ രാജ്യങ്ങളായ ലൈബീരിയ, കോംഗോ, സിയറ ലിയോൺ എന്നീ രാജ്യങ്ങൾ സന്ദർശിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.