ചരിത്രക്കുതിപ്പിൽ ഓഹരി വിപണി
text_fieldsദുബൈ: യു.എ.ഇ ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പ് നടത്തിയ വർഷമായി 2022. കഴിഞ്ഞ വർഷം അവസാനിച്ചപ്പോൾ അബൂദബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചും ദുബൈ ഫിനാൻഷ്യൽ മാർക്കറ്റും 3.206 ട്രില്യൺ ദിർഹം മൂലധനവുമായാണ് വ്യാപാരം അവസാനിപ്പിച്ചത്. 2021ൽ ഇത് 2.038 ട്രില്യൺ ദിർഹമായിരുന്നു. ഈ വർഷം മാത്രം 1.2 ട്രില്യൺ ദിർഹമിന്റെ നേട്ടമാണ് വിപണിയിലുണ്ടായത്. കോവിഡിന് ശേഷം രാജ്യത്തെ സാമ്പത്തിക രംഗം തിരിച്ചെത്തിയതിന്റെ വ്യക്തമായ തെളിവാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഓഹരി വിപണിയിലേക്ക് പുതിയ കമ്പനികൾ എത്തിയതാണ് ഈ വർഷത്തെ കുതിപ്പിന്റെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ദീവ, സാലിക്, അബൂദബി പോർട്ട്, ബോറൂജ്, ജി.എഫ്.എച്ച്, ഇൻവിക്ടസ് ഇൻവസ്റ്റ്മെന്റ്, ടീകോം, യൂനിയൻ കോപ്, ബുർജീൽ, ബയാനത്, എംപവർ, ടാലീം, അമേരിക്കാന തുടങ്ങിയ സ്ഥാപനങ്ങൾ ഈ വർഷം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിരുന്നു. വിദേശ നിക്ഷേപകരാണ് ഈ വർഷം ഓഹരി വിപണിയിൽ കൂടുതലും നിക്ഷേപിച്ചത്. അബൂദബി ജനറൽ മാർക്കറ്റ് ഇൻഡക്സ് 1722.7 പോയന്റ് വർധിച്ചു. 20.3 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
സാലിക്കിന്റെയും ദീവയുടെയും ഓഹരി വിൽപന തുടങ്ങിയതോടെ ദുബൈയിൽ ഓഹരി വിപണിയിൽ വൻ മുന്നേറ്റം നേരത്തെ തന്നെ പ്രകടമായിരുന്നു. ഈവർഷം ഒമ്പത് മാസത്തിനിടെ ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിന്റെ ലാഭത്തിൽ 133 ശതമാനം വളർച്ചയുണ്ടായി എന്നാണ് കണക്ക്. സെപ്തംബർ 30 വരെയുള്ള കണക്ക് പ്രകാരം 89 മില്യൺ ദിർഹമിന്റെ ലാഭമാണ് ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിനുണ്ടായത്. കഴിഞ്ഞവർഷം ഇതേ കാലയവളവിൽ 38.1 മില്യൺ ദിർഹമായിരുന്നു ലാഭം. ഡി.എഫ്.എമ്മിന്റെ മൊത്തം വരുമാനം ഒമ്പത് മാസത്തിൽ 237.8 മില്യൺ ദിർഹമാണ്. കഴിഞ്ഞവർഷം ഇക്കാലയളവിൽ 183.1 ദശലക്ഷം മാത്രമാണ് വരുമാനുണ്ടായത്. നിക്ഷേപരുടെ എണ്ണം ആദ്യമായി 10 ലക്ഷം കടന്നതും ഈവർഷമാണ്. പുതിയ നിക്ഷേപകരുടെ എണ്ണം 41 ഇരട്ടി വർധിച്ചു. 1,55,060 പുതിയ നിക്ഷേപകർ ദുബൈ ഓഹരി വിപണിയിൽ ഈവർഷം എത്തി എന്നാണ് കണക്ക്.
എമിറേറ്റിലെ ടോൾ ഗേറ്റുകൾ പ്രവർത്തിപ്പിക്കുന്ന കമ്പനിയായ ‘സാലിക്’ ഓഹരിയുടെ 20 ശതമാനം ഇനീഷ്യൽ പബ്ലിക് ഓഫറിങ്ങിലൂടെ (ഐ.പി.ഒ) വിറ്റിരുന്നു. 150 കോടി ഓഹരികളാണ് ഇത്തരത്തിൽ വിൽപനക്ക് വെച്ചത്. ഫിനാൻഷ്യൽ മാർക്കറ്റിന്റെ വലുപ്പം വർധിപ്പിക്കുന്നതിനായി സർക്കാർ ഉടമസ്ഥതയിലുള്ള 10 കമ്പനികളെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുമെന്ന് കഴിഞ്ഞ നവംബറിൽ ദുബൈ പ്രഖ്യാപിച്ചിരുന്നു. മാർച്ചിൽ ദുബൈ ജല, വൈദ്യുതി വകുപ്പായ ‘ദീവ’ ഐ.പി.ഒയിലൂടെ 22.41 ബില്യൺ ദിർഹം സമാഹരിച്ചിരുന്നു. 8.50 ബില്യൺ ഷെയറുകളാണ് ‘ദീവ’ വിറ്റത്. ഷെയറുകൾ സ്വന്തമാക്കുന്നതിന് വലിയ പ്രതികരണം ദൃശ്യമായതിനെത്തുടർന്ന് ഐ.പി.ഒ 17 ശതമാനം ഉയർത്തിയിരുന്നു. ബാക്കി 83 ശതമാനം ഷെയറും ദുബൈ സർക്കാർ ഉടമസ്ഥതയിലാണുള്ളത്.
ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശീതീകരണ സ്ഥാപനമായ എംപവറിന്റെ ഓഹരികളും ഷെയർമാർക്കറ്റിലെത്തിയിരുന്നു. ദുബൈയിലെ സെൻട്രൽ കൂളിങ് സംവിധാനമായ എംപവറിന്റെ 100 കോടി ഷെയറുകളാണ് വിപണിയിലെത്തിയത്. ഒരു ഷെയറിന് 10 ദിർഹം എന്ന നിലയിലാണ് ദുബൈ ഫിനാൻഷ്യൽ മാർക്കറ്റ് വഴി ഓഹരി വിപണിയിൽ വിറ്റഴിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

