അന്താരാഷ്ട്ര നിയമസഹായത്തിന് ഇനി മിന്നൽ വേഗം; യുഎഇയുടെ ഡിജിറ്റൽ കുതിപ്പ്
text_fieldsയു.എ.ഇ നീതിന്യായ മന്ത്രി അബ്ദുല്ല സുല്‍ത്താന്‍ ബിന്‍ അവദ് അല്‍ നുഐമി
അബൂദബി: അന്താരാഷ്ട്ര നിയമസഹായ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ചില നടപടിക്രമങ്ങളുടെ കൈകാര്യ സമയം ഏഴ് ദിവസത്തില്‍ നിന്ന് വെറും അഞ്ച് മിനിറ്റായി കുറച്ചതായി യു.എ.ഇ നീതിന്യായ മന്ത്രാലയം വെളിപ്പെടുത്തി. അബൂദബിയില്‍ നടക്കുന്ന 15-ാമത് യു.എ.ഇ. ഐക്യരാഷ്ട്രസഭയുടെ കുറ്റകൃത്യ പ്രതിരോധത്തിനും ക്രിമിനല്‍ നീതിക്കും വേണ്ടിയുള്ള കോണ്‍ഗ്രസിലാണ് ഈ വിവരം വെളിപ്പെടുത്തിയത്. 2026 ജനുവരിയില്‍ തുടക്കം കുറിച്ച 'ഐകാസ്' (ഇന്റര്‍നാഷനല്‍ കോ ഓപറേഷന്‍ അസിസ്റ്റന്‍സ് സിസ്റ്റം) എന്ന അന്താരാഷ്ട്ര സഹായ സംവിധാനം, ജീവനക്കാരുടെ ജോലിഭാരം ഏകദേശം 80 ശതമാനത്തോളം കുറക്കുകയും തെരഞ്ഞെടുത്ത നടപടിക്രമങ്ങളില്‍ 90 ശതമാനം വരെ പുരോഗതി കൈവരിക്കുകയും ചെയ്തതായി യു.എ.ഇ നീതിന്യായ മന്ത്രി അബ്ദുല്ല സുല്‍ത്താന്‍ ബിന്‍ അവദ് അല്‍ നുഐമി വ്യക്തമാക്കി.
ഇന്നത്തെ കുറ്റകൃത്യങ്ങള്‍ക്ക് അതിര്‍ത്തികളില്ല. കുറ്റവാളികളും പണവും തെളിവുകളും ഒന്നിലധികം രാജ്യങ്ങളിലേക്ക് നീങ്ങാമെന്നിരിക്കെ, ഒരു രാജ്യത്തിനും ഒറ്റക്കുനിന്ന് അന്താരാഷ്ട്ര കുറ്റകൃത്യങ്ങളെ നേരിടാനാകില്ല. നിയമവ്യവസ്ഥ പാലിച്ച് കുറ്റകൃത്യങ്ങളിലൂടെയുള്ള മുതലുകള്‍ കണ്ടെത്താനും മരവിപ്പിക്കാനും പിടിച്ചെടുക്കാനും വീണ്ടെടുക്കാനും നിയമസഹായം ഉറപ്പാക്കുകയാണ് യു.എ.ഇയുടെ ലക്ഷ്യം. പേപ്പര്‍ അധിഷ്ഠിതമായ എല്ലാ ഇടപാടുകളും ഡിജിറ്റൈസ് ചെയ്യുന്ന ഈ സംവിധാനം, 141 നടപടിക്രമങ്ങളെ അപേക്ഷ സമര്‍പ്പിക്കല്‍, പരിശോധന, കമ്മിറ്റി റഫറല്‍, ഇലക്ട്രോണിക് പേയ്‌മെന്‍റ് എന്നിങ്ങനെ നാല് സ്റ്റാന്‍ഡേര്‍ഡ് ഘട്ടങ്ങളിലേക്ക് ചുരുക്കുന്നു. ഈ പ്രവര്‍ത്തനക്ഷമതയിലൂടെ 60 മുതല്‍ 180 ദിവസം വരെ വേണ്ടിവരുന്ന പരസ്പര നിയമസഹായ അപേക്ഷകള്‍ വെറും 35 ദിവസത്തിനുള്ളില്‍ യു.എ.ഇ ഇപ്പോള്‍ പൂര്‍ത്തിയാക്കുന്നുണ്ട്. കൈമാറല്‍ അപേക്ഷകളുടെ ശരാശരി പ്രതികരണ സമയം അഞ്ച് ദിവസമായി കുറഞ്ഞിട്ടുമുണ്ട്.
2021നും 2025നും ഇടയില്‍ രാജ്യത്തേക്ക് വന്ന കൈമാറല്‍ അപേക്ഷകളില്‍ 235 ശതമാനത്തിന്‍റെയും, പരസ്പര നിയമസഹായ അപേക്ഷകളില്‍ 244 ശതമാനത്തിന്‍റെയും വർധനവാണ് രേഖപ്പെടുത്തിയത്. നിലവില്‍ 53 രാജ്യങ്ങളുമായി യു.എ.ഇക്ക് 140ലധികം ഉഭയകക്ഷി നിയമസഹായ കരാറുകളുണ്ട്. ഇതിന്‍റെ ഏകദേശം 30 ശതമാനവും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഒപ്പുവെച്ചവയാണ്. അന്താരാഷ്ട്ര സഹായം വേഗത്തിലും ഫലപ്രദവുമാക്കുക, ലോകമെമ്പാടുമുള്ള മുഖ്യ അധികാരികളുമായി നേരിട്ടുള്ള ആശയവിനിമയം ശക്തമാക്കുക, എല്ലാ നടപടിക്രമങ്ങളും നിയമവ്യവസ്ഥയുമായി പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കുക എന്നീ വിശാലമായ ലക്ഷ്യങ്ങളെ ഈ സംവിധാനം പിന്തുണക്കുന്നുവെന്ന് അല്‍ നുഐമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

