യു.എ.ഇ സ്പെഷല്‍ ഒളിമ്പിക്‌സ് ജൂണ്‍ മൂന്നിന്
text_fieldsദുബൈ: നിശ്ചയദാർഢ്യ വിഭാഗങ്ങൾക്ക് കഴിവുകൾ ലോകത്തിന് മുമ്പിൽ പ്രദർശിപ്പിക്കാൻ അവസരം നൽകുന്ന യു.എ.ഇ സ്പെഷ്യല്‍ ഒളിമ്പിക്‌സ് - 2026 രണ്ടാം പതിപ്പ് ജൂണ്‍ മൂന്നിന് തുടങ്ങും.
ദുബൈയിലെ സര്‍ക്കിള്‍ മാളില്‍ വെല്‍ഫിറ്റ് ജിംനാസ്റ്റിക്‌സ് അക്കാദമിയുമായി സഹകരിച്ച് നടക്കുന്ന ആര്‍ട്ടിസ്റ്റിക്, റിഥമിക് ജിംനാസ്റ്റിക്‌സ് മത്സരങ്ങളോടെയാണ് ഗെയിംസിന് തുടക്കമാവുക. തുടര്‍ന്ന് ജൂണ്‍ ആറുമുതല്‍ 26 വരെ അബൂദബി നാഷണല്‍ എക്‌സിബിഷന്‍ സെന്‍ററിലും സായിദ് സ്‌പോര്‍ട്‌സ് സിറ്റി - ഖലീഫ ഇന്‍റര്‍നാഷണല്‍ ബൗളിങ് സെന്‍ററിലും വിവിധ മത്സരങ്ങള്‍ നടക്കും. ബാസ്‌കറ്റ്ബാള്‍, ഫുട്‌ബാള്‍, ബാഡ്മിന്‍റണ്‍, ബൗളിങ്, പവര്‍ലിഫ്റ്റിങ് തുടങ്ങിയ ഇനങ്ങളാണ് യു.എ.ഇ ഗെയിംസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യു.എ.ഇയിലെ 1,000 ത്തിലേറെ നിശ്ചയദാര്‍ഢ്യക്കാരായ കായിക താരങ്ങള്‍ പങ്കെടുക്കും. വിപുലമായ അന്താരാഷ്ട്ര പങ്കാളിത്തമുണ്ടാകും.
ഈ വര്‍ഷത്തെ യു.എ.ഇ. ഗെയിംസിന്‍റെ ഭാഗമായി വിവിധ സ്ഥാപനങ്ങളുടെയടക്കം സഹകരണം ഉറപ്പാക്കുന്നതിനും അവയുടെ വിപുലീകരണത്തിനുമായി സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് യു.എ.ഇ ‘പങ്കാളി പ്ലാറ്റ്ഫോം’ ദിനം സംഘടിപ്പിക്കും.
മേളയുടെ പങ്കാളികളുമായുള്ള ധാരണാപത്ര കൈമാറ്റങ്ങളും ഉണ്ടാവും. നിശ്ചയദാര്‍ഢ്യക്കാരായ രാജ്യത്തെ കായിക താരങ്ങള്‍ക്കുള്ള പ്രോത്സാഹനമായാണ് മേളയെ വിലയിരുത്തുന്നത്.
യു.എ.ഇ. ഗെയിംസ് വിജയം പൊതു, സ്വകാര്യ മേഖലകളിലെ ദേശീയ സഹകരണത്തിന്‍റെ ശക്തിയെ പ്രതിഫലിപ്പിക്കുന്നുവെന്ന് സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് യു.എ.ഇ. ദേശീയ ഡയറക്ടര്‍ തലാല്‍ അല്‍ ഹാഷെമി പറഞ്ഞു.
യു.എ.ഇ. ബാസ്‌കറ്റ്‌ബാള്‍ ഫെഡറേഷന്‍, ഫുട്‌ബാള്‍ അസോസിയേഷന്‍, ബൗളിങ് ഫെഡറേഷന്‍, ബാഡ്മിന്‍റണ്‍ ഫെഡറേഷന്‍, എമിറേറ്റ്‌സ് ബോഡിബില്‍ഡിങ് ഫെഡറേഷന്‍, എസ്പോര്‍ട്സ് ഫെഡറേഷന്‍, അക്വാട്ടിക്സ് ഫെഡറേഷന്‍, അതിലറ്റിക്സ് ഫെഡറേഷന്‍, സൈക്ലിങ് ഫെഡറേഷന്‍, സ്പോര്‍ട്സ് ഫോര്‍ ഓള്‍ ഫെഡറേഷന്‍ ഉള്‍പ്പെടെ മേളയുമായി സഹകരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

