റഷ്യൻ റോക്കറ്റിൽ കുതിച്ച് യു.എ.ഇ ബഹിരാകാശ ഉപഗ്രഹം
text_fieldsയു.എ.ഇയുടെ ഉപഗ്രഹവുമായി റഷ്യയുടെ സൂയസ്-2 റോക്കറ്റ് കുതിച്ചുയരുന്നു
ദുബൈ: ബഹിരാകാശ പര്യവേക്ഷണ രംഗത്ത് അതിവേഗം സഞ്ചരിക്കുകയാണ് യു.എ.ഇ. സ്വകാര്യ കമ്പനികൾക്കും മറ്റ് രാജ്യങ്ങൾക്കും ബഹിരാകാശ പ്രവേശനം വേഗത്തിലാക്കാൻ സഹായിക്കുന്ന പുതിയ ഉപഗ്രഹം യു.എ.ഇ വിക്ഷേപിച്ചു. ചൊവ്വാഴ്ച റഷ്യയുടെ സോയൂസ് റോക്കറ്റ് ഉപയോഗിച്ചാണ് പി.എച്ച്.ഐ-ഡെമോ ക്യുബ്സാറ്റ് എന്ന ഉപഗ്രഹം വിക്ഷേപിച്ചത്. യു.എ.ഇ സമയം വൈകീട്ട് 3.35ന് റഷ്യയിലെ വൊസ്തോനി കോസ്മോഡ്രോമിൽ നിന്ന് സൂയസ്-2 റോക്കറ്റ് 20 കിലോഗ്രാം മോഡുലാർ ഉപഗ്രഹവുമായി കുതിച്ചുയർന്നതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (എം.ബി.ആർ.എസ്.സി) അറിയിച്ചു.
ബഹിരാകാശ യാത്രയിലേക്കുള്ള പ്രവേശനം വിശാലമാക്കുന്നതിനായി യു.എ.ഇയും യുഎന്നും തമ്മിലുണ്ടാക്കിയ സഹകരണത്തിന് വഴിയൊരുക്കാൻ പുതിയ വിക്ഷേപണത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. യുനൈറ്റഡ് നേഷൻസ് ഓഫിസ് ഫോർ ഔട്ടർ സ്പേസ് അഫയേഴ്സ്, മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ എന്നിവയിൽനിന്നുള്ള പ്ലാറ്റ്ഫോമായ പേലോഡ് ഹോസ്റ്റിങ് സംരംഭത്തിന് കീഴിലുള്ള ആദ്യ ദൗത്യമാണിത്. സ്വന്തമായി ഉപഗ്രഹം നിർമിക്കുന്നതിനായി പണവും സമയവും ചെലവിടുന്നതിനുപകരം ബഹിരാകാശത്ത് വേഗത്തിൽ പ്രവേശനം അനുവദിക്കാൻ ഇതുവഴി സാധിക്കും. സ്വകാര്യ മേഖലയുടെ സഹകരണത്തോടെ യു.എ.ഇയിലാണ് ഉപഗ്രഹത്തിന്റെ പ്ലാറ്റ്ഫോം നിർമിച്ചത്.
ബഹിരാകാശ പര്യവേക്ഷണത്തിൽ യു.എ.ഇയുടെ ചരിത്രത്തിൽ പുതിയ നാഴികക്കല്ലാണ് ഇതെന്നാണ് വിശേഷിപ്പിക്കുന്നത്. എം.ബി.ആർ.എസ്.സി, അമേരിക്കൻ യൂനിവേഴ്സിറ്റി റാക്, ഖലീഫ യൂനിവേഴ്സിറ്റി എന്നിവയിൽ നിന്നാണ് ഉപഗ്രഹം നിയന്ത്രിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

