പാരാലിമ്പിക് ഗെയിംസിൽ യു.എ.ഇ ഷൂട്ടിങ് ടീം പങ്കെടുക്കും
text_fieldsപാരിസിൽ നടക്കുന്ന പാരാലിമ്പിക് ഗെയിംസിൽ പങ്കെടുക്കുന്ന യു.എ.ഇയുടെ ഷൂട്ടിങ് ടീം
ദുബൈ: ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ എട്ടുവരെ പാരിസിൽ നടക്കുന്ന പാരാലിമ്പിക് ഗെയിംസിൽ പങ്കെടുക്കുന്നതിനായി യു.എ.ഇ പ്രതിനിധി സംഘത്തോടൊപ്പം ഷൂട്ടിങ് ടീമും ചേർന്നു.
ഷൂട്ടിങ്, അത്ലറ്റിക്സ്, വെയിറ്റ് ലിഫ്റ്റിങ്, ജൂഡോ, സൈക്ലിങ് എന്നീ വിഭാഗങ്ങളിലായി 14 അംഗ യു.എ.ഇ ടീമാണ് ഇത്തവണ മത്സരത്തിൽ പങ്കെടുക്കുന്നത്. 12 ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ 23 കായിക ഇനങ്ങളിലായി 4,400 അത്ലറ്റുകളാണ് മാറ്റുരക്കുന്നത്.
അബ്ദുല്ല സുൽത്താൻ അൽ ആര്യാണി, സെയ്ഫ് അൽ നുഐമി, ഉബൈദ് അൽ ദഹ്മാനി, ആയിശ അൽ ശംസി, ആയിശ അൽ മുഹൈരി എന്നിവരാണ് യു.എ.ഇയുടെ ഷൂട്ടിങ് ടീം അംഗങ്ങൾ. ആഗസ്റ്റ് 31വരെ മധ്യ ഫ്രാൻസിലെ ചാത്തിയൂറോക്സ് ഷൂട്ടിങ് സെന്ററിൽ ടീം പരിശീലനം നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
പാരാലിമ്പിക്സിൽ മികച്ച വിജയം നേടാനുള്ള ആത്മവിശ്വാസത്തോടെ ടീം പൂർണ സജ്ജമാണെന്ന് കോച്ച് മുഹമ്മദ് ഹുസൈൻ പറഞ്ഞു.
ടീമിൽ അബ്ദുല്ല സുൽത്താൻ അൽ ആര്യാണി നാലാം തവണയാണ് പാരാഒളിമ്പിക്സിൽ മത്സരിക്കുന്നത്. 2020ൽ ടോക്യോ പാരാലിമ്പിക്സിലും 2012ൽ ലണ്ടൻ പാരാലിമ്പിക്സിലും ഇദ്ദേഹത്തിനായിരുന്നു സ്വർണ മെഡൽ.
ഇത്തവണയും വിജയം ആവർത്തിച്ച് മെഡൽ നേട്ടം നിലനിർത്താൻ ഇദ്ദേഹത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കോച്ച് മുഹമ്മദ് ഹുസൈൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

