ഓര്‍മയില്‍ വീണ്ടും എം.വി ദാര നങ്കൂരമിടുമ്പോള്‍
text_fieldsഷാര്‍ജ: 56 വര്‍ഷം മുമ്പ് ഷാര്‍ജ അല്‍ഖാന്‍ തീരത്ത് തീപ്പിടിച്ച് മുങ്ങിയ എം.വി ദാര എന്ന കപ്പലിന്‍െറ അവശിഷ്ടങ്ങള്‍ക്കിടയിലേക്ക് ഊളിയിട്ട് ചെന്ന് 300 കിലോ മാലിന്യവുമായി സ്കൂബ മുങ്ങല്‍ വിദഗ്ധര്‍ കരക്കടുത്തപ്പോള്‍ ഷാര്‍ജയുടെ ഓര്‍മയിലിന്നും അലയടിക്കുകയാണ് 238പേരുടെ ജീവനുള്ള നിലവിളി. 1961 മെയ് 23, ബോംബെ തുറമുഖത്ത് നിന്ന് എം.വി ദാര എന്ന കപ്പല്‍ യാത്ര തിരിച്ചു. ഒമാന്‍, ദുബൈ, ബസറ വഴി കുവൈത്തിലേക്കാണ് കപ്പല്‍ പോകുന്നത്. 19 ഓഫീസര്‍മാരും 113 ജീവനക്കാരുമടക്കം 819 പേരാണ് കപ്പലിലുണ്ടായിരുന്നത്. ദുബൈ റാഷിദ് തുറമുഖത്തിറക്കേണ്ട ടണ്‍ കണക്കിന് ചരക്കും കപ്പലിലുണ്ടായിരുന്നു.
1856ല്‍ രൂപികൃതമായ ബ്രിട്ടീഷ്-ഇന്ത്യ സ്റ്റീം കമ്പനിയുടെതായിരുന്നു കപ്പല്‍. 1947 ഡിസംബര്‍ 17നാണ് ഇത് കടലിലിറങ്ങിയത്. 5030 ടണ്‍ ഭാരവും 398.7 അടി നീളവമുണ്ടായിരുന്നു കപ്പലിന്. 1961 എപ്രില്‍ എട്ടിനാണ് കപ്പല്‍ ഷാര്‍ജയിലെ അല്‍ഖാന്‍ തീരത്ത് എത്തുന്നത്. അന്ന് യു.എ.ഇ രൂപികരിക്കപ്പെട്ടിട്ടില്ലായിരുന്നുവെങ്കിലും ട്രുഷ്യല്‍ സ്റ്റേറ്റുകളുമായി ബ്രീട്ടിഷുകാര്‍ ജനറല്‍ മാരിടൈം ഉടമ്പടിയില്‍ ഒപ്പിട്ടിരുന്നത് കാരണം കപ്പല്‍ യാത്ര സുഗമമായിരുന്നു. ദുബൈ തീരത്തേക്ക് പോകുന്നത് കൊണ്ടാണ് കപ്പല്‍ അല്‍ഖാന്‍ ഭാഗത്ത് എത്തിയത്. എന്നാല്‍ ഇവിടെ വെച്ച് കപ്പലിന് തീപിടിച്ചു. ഇന്ധനടാങ്കും വൈദ്യുത സംവിധാനങ്ങളും കത്തി പടര്‍ന്നു. സമയം വൈകീട്ട് 4.30. ക്യാപ്റ്റന്‍ എലിസന്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. കപ്പലിലെ ജീവരക്ഷാബോട്ടുകള്‍ കടലിലിറക്കി നിരവധി പേര്‍ കരക്കടുത്തു. എന്നാല്‍ ശക്തമായ കാറ്റും കോളും കാരണം ലൈഫ് ബോട്ടുകള്‍ തകര്‍ന്നത് വില്ലനായി. അപകടം അറിഞ്ഞ് അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നെല്ലാം ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് പാഞ്ഞത്തെി. എന്നാല്‍ ശക്തമായ പൊട്ടിത്തെറിയും തീയും പുകയും കാരണം മുഴുവന്‍ പേരെയും രക്ഷിക്കാനായില്ല. 238 പേരാണ് പലവിധത്തില്‍ മരണപ്പെട്ടത്. ഇതിലധികവും ഇന്ത്യ, പാകിസ്താന്‍, ഗള്‍ഫ് മേഖലകളില്‍ നിന്നുള്ളവരായിരുന്നു.
കത്തിനാശമായ കപ്പല്‍ 1961 എപ്രില്‍ 10 പകല്‍ 9.20ന് മുങ്ങുകയായിരുന്നു. ഷാര്‍ജ അക്വറിയത്തിന് പിറക് വശത്തെ കടലില്‍ 20 അടി താഴ്ചയില്‍ ഇപ്പോഴും കിടപ്പുണ്ട് ആ കപ്പല്‍ച്ചേതത്തിന്‍െറ അവശിഷ്ടങ്ങള്‍.
മുങ്ങല്‍ വിദഗ്ധര്‍ എല്ലാവര്‍ഷവും ഇവിടെ എത്തി ടണ്‍കണക്കിന് മാലിന്യങ്ങള്‍ പുറത്തെടുക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
