സഹായ വസ്തുക്കളുമായി യു.എ.ഇ കപ്പൽ സൈപ്രസ് വഴി ഗസ്സയിലേക്ക്
text_fieldsയു.എ.ഇ ഫ്ലാഗുമായി കാർഗോ ട്രക്ക് സൈപ്രസിലെ ലർണാക തുറമുഖത്തേക്ക് പോകുന്നു
ദുബൈ: ഇസ്രായേൽ അധിനിവേശത്തിൽ ദുരിതംപേറുന്ന ഫലസ്തീൻ നിവാസികൾക്ക് കൂടുതൽ സഹായവുമായി യു.എ.ഇ. 1160 ടൺ അവശ്യ ഭക്ഷ്യവസ്തുക്കളുമായി യു.എ.ഇ ചരക്കുകപ്പൽ സൈപ്രസ് വഴി ഗസ്സ മുനമ്പിലേക്ക് പുറപ്പെട്ടു. യുനൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷനൽ ഡവലപ്മെന്റിന്റെ (യു.എസ്.എ.ഐ.ഡി) സഹകരണത്തോടെയാണ് സഹായമെത്തിക്കുന്നത്. യു.എസ്.എ, സൈപ്രസ്, യുനൈറ്റഡ് നേഷൻസ് എന്നിവ കൂടാതെ യൂറോപ്യൻ യൂനിയൻ ഉൾപ്പെടുന്ന മറ്റ് അന്താരാഷ്ട്ര സേവനദാതാക്കളുമായി കൈകോർത്ത് യു.എസ്.എ.ഐ.ഡി രണ്ടാഴ്ച മുമ്പ് സൈപ്രസ് വഴി സഹായമെത്തിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കൂടുതൽ സഹായങ്ങളുമായി കപ്പൽ പുറപ്പെട്ടത്.
സൈപ്രസിലെ ലർണാക തുറമുഖത്തുനിന്ന് ആഷ്ദൂദിലേക്ക് പോകുന്ന കപ്പൽ അമേരിക്കൻ നിയർ ഈസ്റ്റ് റഫ്യൂജീസ് എയ്ഡിന്റെ സഹകരണത്തോടെ ബൈത്ത് ഹാനൂൻ വഴി ഗസ്സ മുനമ്പിൽ പ്രവേശിക്കും. തുടർന്ന് എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ നേതൃത്വത്തിൽ സഹായങ്ങൾ വിതരണം ചെയ്യും. ഗസ്സയിലേക്കുള്ള സഹായമെത്തിക്കുന്നതിനും വിതരണം ഉറപ്പുവരുത്തുന്നതിനും അന്താരാഷ്ട്ര സമൂഹങ്ങളുമായി സഹകരിച്ച് നടത്തുന്ന പ്രവർത്തനം യു.എ.ഇ തുടരുകയാണ്. ഗസ്സയിലെ ഫലസ്തീൻ ജനത നേരിടുന്ന മാനുഷികമായ പ്രതിസന്ധി ലഘൂകരിക്കുന്നതിനുള്ള നടപടികളും യു.എ.ഇയുടെ ഭാഗത്തുനിന്ന് സജീവമായി നടക്കുന്നുണ്ട്. ഗസ്സയിൽ പരിക്കേറ്റവരെയും രോഗബാധിതരെയും തുടർ ചികിത്സക്കായി എത്തിക്കുന്ന പദ്ധതിയും യു.എ.ഇ തുടർന്നുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

