സഹായവുമായി ഗസ്സയിലേക്ക് വീണ്ടും യു.എ.ഇയുടെ കപ്പൽ
text_fieldsദുബൈ ഹംരിയ തുറമുഖത്തുനിന്ന് ഗസ്സയിലേക്കുള്ള സഹായവസ്തുക്കൾ കപ്പലിൽ കയറ്റുന്നു
ദുബൈ: ഗസ്സയിലെ ജനങ്ങൾക്ക് സഹായമെത്തിക്കുന്നതിന് യു.എ.ഇ നടപ്പിലാക്കിവരുന്ന പദ്ധതികളുടെ ഭാഗമായി വീണ്ടും സഹായ കപ്പൽ പുറപ്പെട്ടു. സായിദ് ഹ്യുമാനിറ്റേറിയൻ ഷിപ് -7 എന്നുപേരിട്ട കപ്പൽ ദുബൈ ഹംരിയ തുറമുഖത്തുനിന്ന് ഈജിപ്തിലെ അൽ ആരിശ് തുറമുഖത്തേക്കാണ് പുറപ്പെട്ടത്.
യുദ്ധത്തിന്റെ തുടക്കം മുതൽ ഫലസ്തീൻ ജനതയെ സഹായിക്കുന്നതിനായി ആരംഭിച്ച പദ്ധതിയുടെ ഭാഗമായാണ് റമദാൻ പശ്ചാത്തലത്തിൽ പ്രത്യേക കപ്പൽ പുറപ്പെട്ടത്. ഭക്ഷണസാധനങ്ങൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, പാർപ്പിട സാമഗ്രികൾ എന്നിവയുൾപ്പെടെ 5820 ടൺ മാനുഷിക സഹായങ്ങളാണ് കപ്പലിലുള്ളത്.
എമിറേറ്റ്സ് റെഡ് ക്രസന്റ്, സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ ചാരിറ്റബ്ൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ, ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഫൗണ്ടേഷൻ, ഫുജൈറ ചാരിറ്റി അസോസിയേഷൻ, ദാർ അൽ ബിർറ് സൊസൈറ്റി, സഖർ ബിൻ മുഹമ്മദ് അൽ ഖാസിമി ഫൗണ്ടേഷൻ ഫോർ ചാരിറ്റി ആൻഡ് ഹ്യുമാനിറ്റേറിയൻ വർക്ക്, ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി ചാരിറ്റി ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ, ഷാർജ ചാരിറ്റി ഇന്റർനാഷനൽ, ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ, ഈസാ സാലിഹ് അൽ ഗർഗ് ചാരിറ്റി ഫൗണ്ടേഷൻ, അൽ ഇത്തിഹാദ് ചാരിറ്റി ഫൗണ്ടേഷൻ, അൽ ഇഹ്സാൻ ചാരിറ്റി അസോസിയേഷൻ എന്നിവയുൾപ്പെടെ നിരവധി മാനുഷിക സംഘടനകൾ ഇതിലേക്ക് സംഭാവന നൽകിയിട്ടുണ്ട്.
ഗസ്സയിലേക്ക് 5800 ടൺ വസ്തുക്കളുമായി യു.എ.ഇ ജനുവരിയിൽ കപ്പൽ അയച്ചിരുന്നു. രാഷ്ട്ര മാതാവ് ശൈഖ ഫാത്തിമ ബിൻത് മുബാറക് സംഭാവന ചെയ്ത സഹായ വസ്തുക്കൾ യു.എ.ഇയുടെ ഓപറേഷൻ ഗാലന്റ് നൈറ്റിന്റെ ഭാഗമായാണ് അയച്ചത്. 2023ൽ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ആരംഭിച്ച ഓപറേഷൻ ഗാലന്റ് നൈറ്റ്-3ന്റെ ഭാഗമായി 500ലധികം വിമാനങ്ങൾ, ആറ് കപ്പലുകൾ എന്നിവയിൽ സഹായം ഇതിനകം എത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

