ഗസ്സൻ ജനതക്ക് 2100 ടൺ സഹായവുമായി യു.എ.ഇ കപ്പൽ
text_fieldsഗസ്സയിലേക്കുള്ള സഹായവസ്തുക്കൾ കപ്പലിൽ കയറ്റുന്നു
ദുബൈ: യുദ്ധത്തെ തുടർന്ന് ദുരിതത്തിലായ ഗസ്സയിലേക്ക് അടിയന്തര സഹായവുമായി വീണ്ടും യു.എ.ഇ. ഇതിന്റെ ഭാഗമായി 2100 ടൺ അവശ്യവസ്തുക്കൾ അടങ്ങുന്ന കപ്പൽ എത്തിച്ചിട്ടുണ്ട്. ഇസ്രായേൽ ഏർപ്പെടുത്തിയ കടുത്ത ഉപരോധത്തിനിടെയാണ് ഫലസ്തീനികൾക്കുള്ള യു.എ.ഇയുടെ സഹായം.ഭക്ഷണം, മരുന്ന്, ധാന്യങ്ങൾ അടക്കമുള്ള 2100 ടൺ അവശ്യവസ്തുക്കളുമായി യു.എ.ഇയിൽനിന്നുള്ള കപ്പൽ ഇസ്രായേലിലെ അഷ്ദോദ് തുറമുഖത്താണ് നങ്കൂരമിട്ടത്. ഇവിടെനിന്ന് 123 ട്രക്കുകളിൽ സഹായങ്ങൾ ഗസ്സയിലെ ദുരിതബാധിത പ്രദേശങ്ങളിലെത്തിക്കും. ഈ മാസം യു.എ.ഇ ഗസ്സയിലെത്തിക്കുന്ന രണ്ടാമത്തെ സഹായമാണിത്.
ജൂൺ ആദ്യത്തിൽ 1039 ടൺ സഹായം യു.എ.ഇ മേഖലയിലെത്തിച്ചിരുന്നു. ദുരിതബാധിതർക്കായി യു.എ.ഇയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഓപറേഷൻ ഷിവൽറസ് നൈറ്റ് 3ന്റെ ഭാഗമായാണ് സഹായം വിതരണം ചെയ്യുക. റെഡ്ക്രോസ് അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളും വിതരണത്തിന്റെ ഭാഗമാകും. 20 ലക്ഷത്തിലേറെ ഫലസ്തീനികൾ ആവശ്യത്തിന് മരുന്നും ഭക്ഷണവും കിട്ടാതെ ദുരിതത്തിലാണ് എന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ഇസ്രായേൽ ഉപരോധംമൂലം ഗസ്സ അതിർത്തിയിൽ നിരവധി സഹായ വസ്തുക്കൾ കെട്ടിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്. ഗസ്സയിലേക്ക് സഹായമെത്തിക്കാനുള്ള ശ്രമങ്ങൾക്ക് തടയിടുന്ന ഇസ്രായേൽ നിലപാടിനെതിരെ വിവിധ അറബ് രാഷ്ട്രങ്ങൾ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

