ഗസ്സയിലേക്ക് 789 ടൺ സഹായവസ്തുക്കളുമായി യു.എ.ഇ വാഹനവ്യൂഹം
text_fieldsഗസ്സ: 789 ടൺ ഭക്ഷണ സാധനങ്ങളും താൽക്കാലിക ഷെൽട്ടർ സാമഗ്രികളുമായി യു.എ.ഇയുടെ വാഹനവ്യൂഹം ഗസ്സ മുനമ്പിലെത്തി. ആകെ 60 ട്രക്കുകളിലായാണ് ഇവ ഗസ്സയിലെത്തിച്ചത്. ഫലസ്തീൻ ജനതക്ക് പിന്തുണ നൽകുന്നതിനും അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനുമുള്ള യു.എ.ഇയുടെ ‘ഓപറേഷൻ ഷിവാൽറസ് നൈറ്റ് 3’ പദ്ധതിയുടെ ഭാഗമായാണിത്.
ദുരിതമനുഭവിക്കുന്ന ഗസ്സയിലെ ജനങ്ങളുടെ മാനുഷിക ആവശ്യങ്ങൾ നിറവേറ്റാനും അവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കാനും ഈ സഹായം വലിയ തോതിൽ ഉപകരിക്കും. ഗസ്സയിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള സഹായ പദ്ധതികൾ യു.എ.ഇ കൂടുതൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
‘ഓപറേഷൻ ഷിവാൽറസ് നൈറ്റ് 3’ ആരംഭിച്ചത് മുതൽ ഇതുവരെ ആകെ 14,579 ട്രക്കുകളാണ് ഗസ്സയിൽ പ്രവേശിച്ചത്. ഇതിലൂടെ മൊത്തം 1,38,030 ടൺ സഹായം ആവശ്യക്കാരിലേക്ക് എത്തിക്കാൻ യു.എ.ഇക്ക് കഴിഞ്ഞു. ഈജിപ്തിലെ അൽ ആരിശ് നഗരത്തിലുള്ള യു.എ.ഇ ഹ്യുമാനിറ്റേറിയൻ എയ്ഡ് ലോജിസ്റ്റിക്സ് സെന്‍റർ വഴിയാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ഗസ്സയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പായി അവശ്യവസ്തുക്കൾ സ്വീകരിക്കുന്നതും തരംതിരിക്കുന്നതും തയാറാക്കുന്നതുമെല്ലാം ഇവിടെയാണ്. ദുരിതാശ്വാസ സാമഗ്രികളുടെ വിതരണം മുടങ്ങാതെ തുടരുന്നുവെന്ന് ഉറപ്പാക്കാൻ സന്നദ്ധ സംഘം നിരന്തരം പ്രവർത്തിച്ചുവരികയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

