ഭാവി തലമുറയിലൂടെ ലോകകപ്പ് സ്വപ്നങ്ങൾ കണ്ട് യു.എ.ഇ
text_fieldsദുബൈ: 2026 ലോകകപ്പിൽ യു.എ.ഇ ഫുട്ബാൾ ടീമിന്റെ അവസ്ഥ എന്തായിരിക്കും ?. ഒരുപക്ഷെ, ലോകഫുട്ബാളിനെ വെല്ലാൻ കെൽപുള്ള ടീമിനെ അവർ നിർമിച്ചെടുത്തേക്കാം. അസാധ്യം എന്ന വാക്ക് ഡിക്ഷ്ണറിയിൽ നിന്നൊഴിവാക്കിയ നേതാക്കൾ ഭരിക്കുന്ന നാട്ടിൽ, ഭാവി തലമുറ ലോകകപ്പിൽ പന്തുതട്ടുന്നത് സ്വപ്നം കണ്ട് പരിശീലനം നൽകുകയാണ് യു.എ.ഇയിലെ സ്കൂളുകൾ.
ഇക്കുറി കൈപ്പാടകലെ നഷ്ടപ്പെട്ട ലോകകപ്പ് യോഗ്യത വരും തലമുറകളിലൂടെ പിടിച്ചെടുക്കാനാണ് സ്കൂൾ തലം മുതൽ ഇമാറാത്തി കുട്ടികളെ കളിപഠിപ്പിച്ചെടുക്കുന്നത്. എല്ലാം ദീർഘ വീക്ഷണത്തോടെ ചെയ്യുന്ന യു.എ.ഇക്ക് ഈ നേട്ടവും സ്വന്തമാക്കാനാകുമെന്ന കാര്യത്തിൽ സംശയം വേണ്ട. എല്ലാ ഇമാറാത്തി സ്കൂളുകളിലും കുട്ടികൾക്കായി പ്രത്യേക ഫുട്ബാൾ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. ഖത്തറിലെ സൗദിയുടെയും മൊറോക്കോയുടെയും ജയം ഇതിന് കൂടുതൽ ആവേശം പകർന്നിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ തന്നെ പറയുന്നു.
നാല് വയസ് മുതൽ കുട്ടികളെ കാൽപന്തന്റെ ലോകത്തേക്ക് പറഞ്ഞയക്കുകയാണ് ഇമാറാത്തി മാതാപിതാക്കളും. ഇമാറാത്തി കുട്ടികൾക്ക് മാത്രമല്ല, ഇന്ത്യക്കാർ അടക്കമുള്ളവർക്കും കളിച്ചു തെളിയാനുള്ള എല്ലാ സൗകര്യവും സ്കൂളുകളും അതിനോടനുബന്ധിച്ച് നടത്തുന്ന അക്കാദമികളും ഒരുക്കിയിട്ടുണ്ട്. മാത്രമല്ല, റയൽ മഡ്രിഡ്, ബാഴ്സലോണ, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുനൈറ്റ് പോലുള്ള വമ്പൻ ക്ലബ്ബുകളുടെ പരിശീലനക്കളരികളും ഇവിടെയുണ്ട്.
ഗോൾ കീപ്പർമാർക്ക് മാത്രമായി സ്പാനിഷ് ഗോളിയായിരുന്ന ഐകർ കാസിലാസ് നടത്തിയ പരിശീലന ക്യാമ്പ് അടുത്തിടെ സമാപിച്ചിരുന്നു. 100ഓളം പേരാണ് ഈ കളരിയിൽ പരിശീലിച്ച് ഗോളിയുടെ ഗ്ലൗസണിയുന്നത്. ഒരുപക്ഷെ, ഭാവി ലോകകപ്പുകളിൽ യു.എ.ഇയുടെ വല കാക്കുന്നത് ഇവരിൽ ഒരാളാവാം.
ലോകകപ്പിന്റെ ക്വാർട്ടറിൽ പ്രവേശിക്കുന്ന ആദ്യ അറബ് ടീമാണ് മൊറോക്കോ. അർജന്റീനയെ തോൽപിച്ചാണ് സൗദി ലോകകപ്പ് പ്രയാണം തുടങ്ങിയത്. ഈ രണ്ട് നേട്ടങ്ങളും യു.എ.ഇയിലെ കുട്ടികൾക്ക് പ്രചോദനമാണ്. ലോകകപ്പിൽ തങ്ങൾക്കും മികച്ച പോരാട്ടങ്ങൾ കാഴ്ചവെക്കാൻ കഴിയുമെന്ന് അവർ സ്വപ്നം കാണുന്നു.
1990ൽ മാത്രമാണ് യു.എ.ഇക്ക് ലോകകപ്പ് യോഗ്യത ലഭിച്ചത്. അന്ന് മൂന്ന് മത്സരങ്ങളിലും ജയിക്കാൻ കഴിഞ്ഞില്ല. പക്ഷെ, ഇക്കുറി യു.എ.ഇ പ്രതീക്ഷയിലായിരുന്നു. രണ്ട് മത്സരങ്ങൾ കൂടി ജയിച്ചാൽ ലോകകപ്പ് യോഗ്യത എന്ന നിലയിൽ വരെ എത്തി. പക്ഷെ, ആസ്ട്രേലിയയോട് തോറ്റതോടെ ഈ പ്രതീക്ഷകൾ അസ്തമിച്ചു. ഭാവി തലമുറയിലൂടെ ലോകകപ്പ് സ്വപ്നം കാണുകയും അതിനായി അവരെ അണിയിച്ചൊരുക്കുകയുമാണ് യു.എ.ഇ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

