സാമ്പത്തിക വളർച്ചയിൽ കുതിച്ച് യു.എ.ഇ
text_fieldsദുബൈ: ലോകത്ത് അതിവേഗം വികസിക്കുന്ന സമ്പദ്വ്യവസ്ഥയായി യു.എ.ഇ മാറുന്നു. എണ്ണയിതര ഉൽപന്നങ്ങളുടെ വിദേശ വ്യാപാരത്തിൽ രേഖപ്പെടുത്തിയ കുതിപ്പാണ് സമ്പദ്വ്യവസ്ഥക്ക് കരുത്തേകിയത്. ആഭ്യന്തര, വിദേശ നിക്ഷേപത്തിലെ വർധന, ബിസിനസ് സമൂഹത്തിന് അനുകൂലമായ നിയമങ്ങൾ, സുഗമമായ നിയന്ത്രണ അന്തരീക്ഷം എന്നിവയും സമ്പദ്വ്യവസ്ഥയുടെ വളർച്ചയിൽ നിർണായകമായി.
ഈ വർഷം ആദ്യ പകുതി പിന്നിടുമ്പോൾ രാജ്യത്തിന്‍റെ എണ്ണയിതര വിദേശ വ്യാപാരം 24.5 ശതമാനം ഉയർന്ന് 1.7 ലക്ഷം കോടി ദിർഹമായി . ആഗോള വളർച്ച നിരക്കിന്‍റെ 15 മടങ്ങ് കൂടുതലാണിത്. യു.എൻ കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്മെന്റ് (യു.എൻ.സി.ടി.എ.ഡി) വേൾഡ് ഇൻവെസ്റ്റ്മെന്റ് റിപ്പോർട്ട് 2025ലെ റാങ്കിങ്ങിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ യു.എ.ഇയുടെ സ്ഥാനം ആഗോള തലത്തിൽ 10 ആണ്.
അന്താരാഷ്ട്ര നാണ്യനിധി യു.എ.ഇയുടെ 2025ലെ വളർച്ച 4.8 ശതമാനമാകുമെന്ന് പ്രവചിച്ചിരുന്നു. ശക്തമായ സാമ്പത്തിക പ്രകടനത്തിന്‍റെയും മികച്ച സാമ്പത്തിക നയത്തിന്‍റെയും കരുത്തിൽ യു.എ.ഇയുടെ സമ്പദ്വ്യവസ്ഥ മികച്ച വളർച്ച നേടുമെന്ന് ആഗോള റേറ്റിങ് സ്ഥാപനങ്ങളായ ഫിച്ച്, മൂഡീസ്, എസ് ആൻഡ് പി ഗ്ലോബൽ എന്നിവയും പ്രവചിച്ചിരുന്നു.
യു.എ.ഇ സെൻട്രൽ ബാങ്കിന്‍റെ കണക്കുകൾ പ്രകാരം ബാങ്കുകളുടെ ആസ്തി ഈ വർഷം സെപ്റ്റംബറോടെ 5.10 ലക്ഷം കോടി ദിർഹമായി വർധിച്ചിട്ടുണ്ട്. ഇതേ കാലയളവിൽ അറ്റ ക്രഡിറ്റ് 2.47 ലക്ഷം കോടി ദിർഹമായും വർധിച്ചു. സാമ്പത്തിക സേവനങ്ങളിലേക്ക് പ്രവേശനം വ്യാപിപ്പിക്കുന്നതിനും സാമ്പത്തിക സ്ഥിരതയെ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് യു.എ.ഇ നാഷനൽ ഇൻക്ലൂഷൻ സ്ട്രാറ്റജി 2026-2030ന് സെൻട്രൽ ബാങ്ക് തുടക്കമിട്ടിരിക്കുകയാണ്.
ഈ വർഷം ആദ്യ പകുതിയിൽ രാജ്യത്തെ ആഭ്യന്തര മൊത്ത ഉത്പാദന (ജി.ഡി.പി) വളർച്ച 4.2 ശതമാനമാണ്. എണ്ണയിതര മേഖലയിലെ ജി.ഡി.പി 5.7 ശതമാനമായി ഉയർന്ന് 720 ശതകോടി ദിർഹമിലെത്തി. യഥാർഥ ജി.ഡി.പിയുടെ 77.5 ശതമാനം വരുമിത്. എണ്ണ ഉത്പാദന മേഖലയുടെ സംഭാവന 22.5 ശതമാനമാണെന്നും സെൻട്രൽ ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു. 2026 സാമ്പത്തിക വർഷത്തേക്ക് 92.4 ശതകോടി ദിർഹമിന്‍റെ ബജറ്റിനാണ് യു.എ.ഇ അംഗീകരം നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

