രാജ്യത്ത് ജനനനിരക്കിൽ കുറവെന്ന് യു.എൻ റിപ്പോർട്ട്
text_fieldsദുബൈ: കഴിഞ്ഞ 30 വർഷത്തിനിടെ യു.എ.ഇയിലെ ജനനനിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും അടുത്ത മൂന്ന് ദശകങ്ങളിൽ ഇത് നേരിയ തോതിൽ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും യു.എൻ റിപ്പോർട്ട്. 2024ലെ വേൾഡ് ഫെർട്ടിലിറ്റി റിപ്പോർട്ട് പ്രകാരമാണ് ഒരു സ്ത്രീ പ്രസവിക്കാനുള്ള സാധ്യത 1994ൽ 3.76 ആയിരുന്നത് 2024ൽ 1.21 ആയി കുറഞ്ഞതായി വ്യക്തമാക്കിയത്.
അതേസമയം, 2054 ആകുമ്പോഴേക്കും യു.എ.ഇയിൽ ഒരു സ്ത്രീക്ക് 1.34 ആയി നേരിയ വർധനയുണ്ടാകുമെന്ന് റിപ്പോർട്ട് പ്രവചിക്കുന്നു.
കുടുംബ മന്ത്രാലയം സ്ഥാപിച്ചും കമ്യൂണിറ്റി വികസന മന്ത്രാലയത്തെ കമ്യൂണിറ്റി ശാക്തീകരണ മന്ത്രാലയമായി ഉയർത്തിയും യു.എ.ഇ സർക്കാർ ഇക്കാര്യത്തിൽ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കുടുംബ രൂപീകരണം പ്രോത്സാഹിപ്പിക്കുക, കുടുംബങ്ങളെ ശാക്തീകരിക്കുക, ഐക്യം ശക്തിപ്പെടുത്തുക, പൗരന്മാർക്കിടയിൽ പ്രത്യുൽപാദന നിരക്ക് വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ മാറ്റങ്ങൾ രൂപപ്പെടുത്തിയത്. അബൂദബിയിലെ കമ്യൂണിറ്റി ഡെവലപ്മെന്റ് വകുപ്പ് ഇമാറാത്തി കുടുംബത്തിന്റെ വളർച്ചക്കായി ആറു സംരംഭങ്ങൾ ഉൾക്കൊള്ളുന്ന ഒരു പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്.
രാജ്യത്തെ ജനിതക വ്യതിയാനത്തിനും ജനനനിരക്കിനും ഇടിവിന് പിന്നിലെ പ്രധാന ഘടകങ്ങളിലൊന്ന് താമസക്കാരുടെ ജീവിതശൈലി മാറ്റമാണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
യു.എൻ റിപ്പോർട്ടിൽ ഗൾഫ് അറബ് രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.
ജി.സി.സിയിലെ ഏറ്റവും വലിയ രാജ്യമായ സൗദി അറേബ്യയിൽ ഫെർട്ടിലിറ്റി നിരക്ക് 1994ൽ ഒരു സ്ത്രീക്ക് 5.16 ജനനനിരക്കിൽനിന്ന് 2024ൽ 2.31 ആയി കുറഞ്ഞു. അടുത്ത മൂന്നു ദശകങ്ങളിൽ ഇത് 1.85 ആയി കുറയുമെന്നാണ് പ്രവചിക്കപ്പെടുന്നത്.
അതുപോലെ, ഒമാനിലെ ഫെർട്ടിലിറ്റി നിരക്ക് മൂന്ന് പതിറ്റാണ്ട് മുമ്പ് ഒരു സ്ത്രീക്ക് 5.36 ആയിരുന്നത് കഴിഞ്ഞവർഷം 2.51 ആയി കുറഞ്ഞു.
കുവൈത്തിൽ, 1994ൽ 3.27 ആയിരുന്നത് 2024ൽ 1.51 ആയി കുറഞ്ഞു. ഗൾഫ് മേഖലയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
ഖത്തറിൽ, 1994ൽ 3.66 ആയിരുന്ന ഫെർട്ടിലിറ്റി നിരക്ക് 2024ൽ 1.72 ആയി കുറഞ്ഞു. ബഹ്റൈനിൽ 1994ൽ 3.29 ആയിരുന്ന ഫെർട്ടിലിറ്റി നിരക്ക് 2024ൽ 1.8 ആയും കുറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.