ഗ്ലോബൽ മിനിമം ടാക്സ്: പങ്കാളികളിൽനിന്ന് അഭിപ്രായം തേടി യു.എ.ഇ ധനമന്ത്രാലയം
text_fieldsദുബൈ: ഗ്ലോബൽ മിനിമം ടാക്സ് ഉൾപ്പെടെ കോർപറേറ്റ് നികുതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രാജ്യത്തെ പ്രധാന പങ്കാളികളിൽനിന്ന് അഭിപ്രായം തേടി യു.എ.ഇ ധനമന്ത്രാലയം.
ഡിജിറ്റൽ പബ്ലിക് കൺസൾട്ടേഷൻ എന്ന പേരിലാണ് അഭിപ്രായ സർവേക്ക് ധനമന്ത്രാലയം തുടക്കമിട്ടിരിക്കുന്നത്. ഈ മാസം 15 മുതൽ ഏപ്രിൽ 10 വരെയാണ് കാമ്പയിൻ. ഇക്കാലയളവിൽ ഗവൺമെന്റ് പോർട്ടൽ വഴിയോ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ സ്ഥാപനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താം. അഭിപ്രായങ്ങളെ രണ്ടായി തിരിച്ചിട്ടുണ്ട്. ആഗോള നികുതി നിയമങ്ങൾ നടപ്പാക്കുന്നതിനായുള്ള നയരൂപവത്കരണവുമായി ബന്ധപ്പെട്ട ആശങ്കകൾ കമ്പനികൾക്ക് അറിയിക്കാമെന്നതാണ് ആദ്യത്തേത്. ഇതിനായി ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപറേഷൻ ആൻഡ് ഡെവലപ്മെന്റ് (ഒ.ഇ.സി.ഡി) ആഗോള നികുതി മാതൃകകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോർപറേറ്റ് നികുതിയുടെ ഭാഗമായുള്ള ഇളവുകൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനാണ് രണ്ടാമത്തെ അവസരം.
നിയമങ്ങളുമായി ബന്ധപ്പെട്ടവരെ പരിചയപ്പെടുത്താനും അവരുടെ അഭിപ്രായങ്ങൾ ലഭിച്ചുവെന്ന് ഉറപ്പുവരുത്താനും അഭിപ്രായ സർവേക്കൊപ്പം ഗ്ലോബൽ മിനിമം ടാക്സ് വിവരങ്ങൾ അടങ്ങിയ രേഖകളും മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
യു.എ.ഇയിൽ പ്രവർത്തിക്കുന്ന മൾട്ടി നാഷനൽ ഗ്രൂപ്പുകൾ, ഉപദേഷ്ടാക്കൾ, സേവന ദാതാക്കൾ, നിക്ഷേപകർ എന്നിവരുൾപ്പെടെ എല്ലാ പങ്കാളികളുമായുള്ള കൂടിയാലോചനയുടെ പ്രാധാന്യത്തിലുള്ള മന്ത്രാലയത്തിന്റെ വിശ്വാസത്തെയാണ് ഡിജിറ്റൽ പബ്ലിക് കൺസൽട്ടേഷൻ പ്രതിഫലിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

