യു.എ.ഇ ഇറാനുമായി ചേർന്ന് പ്രവർത്തിക്കാൻ വഴി തേടുന്നു -അൻവർ ഗർഗാഷ്
text_fieldsഡോ. അൻവർ ഗർഗാഷ്
ദുബൈ: ഇറാനുമായി ചേർന്ന് പ്രവർത്തിക്കാൻ യു.എ.ഇ വഴിതേടുകയാണെന്ന് യു.എ.ഇ പ്രസിഡൻറിന്റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ഗർഗാഷ്. എക്സ്പോ നഗരിയിൽ നടക്കുന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോകം വളരെ പ്രതിസന്ധി നിറഞ്ഞ ഒരു പതിറ്റാണ്ടിലൂടെയാണ് കടന്നുപോകുന്നത്. മേഖലയിലെ എല്ലാ രാജ്യങ്ങളുമായും ബന്ധം സ്ഥാപിക്കാനും സംഘർഷങ്ങൾ കുറക്കാനുമാണ് യു.എ.ഇ ശ്രമിക്കുന്നത്. സുഹൃത്തുക്കളോടും എതിരാളികളോടും ഒരുപോലെ ബന്ധങ്ങൾ രൂപപ്പെടുത്താനാണ് ശ്രമിക്കുന്നത്. അവർ ചെയ്യാൻ ശ്രമിക്കുന്നതെല്ലാം നാം അംഗീകരിക്കുന്നു എന്ന് അതിന് അർഥമില്ല. പശ്ചിമേഷ്യ ഇറാനും ഇസ്രായേലും മാത്രമല്ല -അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലയിൽ സ്ഥിരതയും ഐശ്വര്യവും സൃഷ്ടിക്കലാണ് നയതന്ത്ര ബന്ധങ്ങൾ ശക്തമാക്കുന്നതിലൂടെ ലക്ഷ്യമാക്കുന്നതെന്നും ഗർഗാഷ് പറഞ്ഞു. ഭക്ഷ്യസുരക്ഷ, സൈബർ സുരക്ഷ എന്നിവയും ലോകം ശ്രദ്ധയൂന്നണം. 21ാം നൂറ്റാണ്ടിൽ ജീവിതവും അന്താരാഷ്ട്ര ബന്ധങ്ങളും വളരെയേറെ മാറിയിട്ടുണ്ട്. എന്നാൽ ചിന്താഗതി ഇപ്പോഴും 19ാം നൂറ്റാണ്ടിലേതാണ്. ദേശീയത, ശക്തിപ്രയോഗിക്കൽ, പരമാധികാരം എന്നിവയാണ് അതിൽ മുന്നിട്ടുനിൽക്കുന്നത്. 19-ാം നൂറ്റാണ്ടിലെ ചിന്താരീതിയിലാണ് ലോകം അന്താരാഷ്ട്ര ബന്ധങ്ങളെ നിയന്ത്രിക്കുന്നത് -അദ്ദേഹം ചൂണ്ടിക്കാട്ടി. യുെക്രയ്ൻ യുദ്ധം അന്താരാഷ്ട്ര തലത്തിൽ കാര്യമായ മാറ്റമുണ്ടാക്കുകയും ആഴത്തിലുള്ള പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നും ഇതിന് രാഷ്ട്രീയ പരിഹാരം കണ്ടെത്തുകയും വെടിനിർത്തൽ ആരംഭിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

