ഏഴു രാജ്യങ്ങളിലെ 668 അന്താരാഷ്ട്ര വിദ്യാർഥികൾക്ക് യു.എ.ഇ സ്‌കോളർഷിപ്പ്
text_fieldsഅബൂദബി: വിദേശ വിദ്യാർഥികൾക്കായി യു.എ.ഇ ഉന്നതവിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രാലയം നടപ്പാക്കുന്ന ‘ഇന്‍റർനാഷനൽ സ്റ്റുഡന്‍റ് സ്‌കോളർഷിപ്പ് പ്രോഗ്രാമി’ലൂടെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള 668 വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് പിന്തുണ ലഭിച്ചു. ബഹ്‌റൈൻ, ഇത്യോപ്യ, എറിത്രിയ, സിറിയ, ചാഡ്, കൊമോറോസ്, തുനീഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കാണ് യു.എ.ഇയിലെ 11 പ്രമുഖ സർവകലാശാലകളിൽ പഠിക്കാൻ പൂർണമായോ ഭാഗികമായോ ഉള്ള സ്‌കോളർഷിപ്പ് ലഭിക്കുന്നത്.
2016ൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതുവരെ 338 വിദ്യാർഥികൾ പഠനം പൂർത്തിയാക്കി ബിരുദം നേടി. നിലവിൽ 330 വിദ്യാർഥികൾ വിവിധ ബാച്ചിലർ, മാസ്റ്റേഴ്സ്, ഡോക്ടറേറ്റ് കോഴ്സുകളിൽ പഠനം തുടരുന്നുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ട്യൂഷൻ ഫീസിളവിന് പുറമെ പ്രതിമാസ അലവൻസുകളും മറ്റ് ആനുകൂല്യങ്ങളും പദ്ധതിയിലൂടെ ലഭ്യമാക്കുന്നുണ്ട്.
എഞ്ചിനീയറിങ്, ടെക്നോളജി മേഖലകളോടാണ് വിദ്യാർഥികളിൽ ഭൂരിഭാഗവും താൽപര്യം കാട്ടുന്നത്. ആകെയുള്ളവരിൽ 579 പേർ എഞ്ചിനീയറിങ്, സാങ്കേതിക കോഴ്സുകളിലും 89 പേർ സോഷ്യൽ സയൻസ്, അഡ്മിനിസ്ട്രേറ്റീവ് സയൻസ്, മെഡിക്കൽ മേഖലകളിലുമാണ് പഠനം നടത്തുന്നത്. യു.എ.ഇ.യു, ഖലീഫ സർവകലാശാല, ഷാർജ സർവകലാശാല തുടങ്ങിയ മുൻനിര സ്ഥാപനങ്ങളാണ് ഈ പദ്ധതിയുമായി സഹകരിക്കുന്നത്.
വിദ്യാഭ്യാസത്തിലൂടെ അന്താരാഷ്ട്ര തലത്തിൽ സാംസ്കാരിക ബന്ധങ്ങളും മാനുഷിക മൂല്യങ്ങളും വളർത്തിയെടുക്കാനാണ് യു.എ.ഇ ലക്ഷ്യമിടുന്നതെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രിയും ആക്ടിങ് ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായ ഡോ. അബ്ദുർറഹ്മാൻ അൽ അവാർ വ്യക്തമാക്കി. സ്വന്തം രാജ്യങ്ങളുടെ പുരോഗതിക്ക് സംഭാവന നൽകാൻ ശേഷിയുള്ള യുവതലമുറയെ വാർത്തെടുക്കാൻ ഈ സഹകരണം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

