യു.എസ് ഉപരോധിച്ച കമ്പനികൾ പ്രവർത്തിക്കുന്നില്ലെന്ന് യു.എ.ഇ
text_fieldsദുബൈ: യു.എസ് സുഡാൻ ഉപരോധ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയ ഏഴ് സ്ഥാപനങ്ങളും യു.എ.ഇയിൽ പ്രവർത്തിക്കുന്നില്ലെന്ന് സ്ഥിരീകരിച്ച് നീതിന്യായ മന്ത്രാലയം. കാപ്പിറ്റൽ ടാപ് ഹോൾഡിങ് എൽ.എൽ.സി, കാപ്പിറ്റൽ ടാപ് മാനേജ്മെന്റ് കൺസൽട്ടൻസീസ് എൽ.എൽ.സി, കാപ്പിറ്റൽ ടാപ് ജനറൽ ട്രേഡിങ് എൽ.എൽ.സി, ക്രിയേറ്റിവ് പൈത്തൺ എൽ.എൽ.സി, അൽ സുമോ റൗണ്ട് ആൻഡ് അൽ യാഖൂബ് ഗോൾഡ് ആൻഡ് ജ്വല്ലേഴ്സ് എൽ.എൽ.സി, അൽ ജിൽ അൽ ഖാദിം ജനറൽ ട്രേഡിങ് എൽ.എൽ.സി, ഹോറിസോൺ അഡ്വാൻസ്ഡ് സൊലൂഷൻസ് ജനറൽ ട്രേഡിങ് എൽ.എൽ.സി എന്നീ കമ്പനികൾക്കെതിരെയാണ് യു.എസ് ഉപരോധം ഏർപ്പെടുത്തിയിരുന്നത്.
ഉപരോധത്തിന് പിന്നാലെ യു.എ.ഇ ഈ സ്ഥാപനങ്ങൾക്കും അതുമായി ബന്ധമുള്ള വ്യക്തികൾക്കും എതിരെ സ്വന്തം നിലയിൽ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ ഈ സ്ഥാപനങ്ങൾക്ക് യു.എ.ഇയിൽ വാണിജ്യ ലൈസൻസ് അനുവദിച്ചിട്ടില്ലെന്ന് വ്യക്തമായതായും അധികൃതർ അറിയിച്ചു. ബന്ധപ്പെട്ട അതോറിറ്റികൾ യു.എ.ഇയിലെ നിയമവ്യവസ്ഥകൾ അനുസരിച്ച് സംശയകരമായ പ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ജനുവരിയിലാണ് ഏഴ് കമ്പനികൾക്ക് യു.എസ് ഉപരോധം പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

