ചരിത്രമെഴുതി ‘എം.ബി.ഇസെഡ് സാറ്റ്’ പറന്നുയർന്നു; യു.എ.ഇയുടെ ബഹിരാകാശ രംഗത്തിന് അഭിമാന മുഹൂർത്തം
text_fieldsകാലിഫോർണിയയിലെ വാൻഡൻബർഗ് സ്‌പേസ് ഫോഴ്‌സ് ബേസിൽ നിന്ന് എം.ബി.ഇസെഡ്-സാറ്റ്’ ഉപഗ്രഹവുമായി ഫാൽക്കൺ 9 റോക്കറ്റ് പറന്നുയരുന്നു
ദുബൈ: ബഹിരാകാശ രംഗത്ത് വീണ്ടും ചരിത്രം കുറിച്ച് യുഎ.ഇയുടെ ‘എം.ബി.ഇ സെഡ്-സാറ്റ്’ ഉപഗ്രഹം വിക്ഷേപിച്ചു. യു.എസിലെ കാലിഫോർണിയയിലെ വാൻഡൻബർഗ് സ്‌പേസ് ഫോഴ്‌സ് ബേസിൽ നിന്ന് ചൊവ്വാഴ്ച യു.എ.ഇ സമയം 10.49നാണ് ഇലോൺ മസ്‌കിന്‍റെ സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപണം നടന്നത്.
മേഖലയിലെ ഏറ്റവും ശക്തമായ ഭൗമ നിരീക്ഷണ കാമറ സജ്ജീകരിച്ചിരിക്കുന്ന ഉപഗ്രഹമാണ് ‘എം.ബി.ഇസെഡ്-സാറ്റ്’. ഇതിനൊപ്പം യു.എ.ഇയിലെ വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ വികസിപ്പിച്ച ഭൂ നിരീക്ഷണ ക്യൂബ്സാറ്റായ എച്ച്.സി.ടി സാറ്റ്-1ഉം വിക്ഷേപിച്ചിട്ടുണ്ട്.
രാജ്യത്തിന്‍റെ ബഹിരാകാശ ദൗത്യങ്ങൾക്ക് നേതൃത്വം നൽകുന്ന മുഹമ്മദ് ബിൻ റാശിദ് സ്‌പേസ് സെൻറർ (എം.ബി.ആർ.എസ്.സി) അധികൃതരാണ് ഉപഗ്രഹ വിക്ഷേപണം സംബന്ധിച്ച് വെളിപ്പെടുത്തിയത്. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ പേരിലുള്ള എം.ബി.ഇസെഡ്-സാറ്റിന് ഒരു ടൺ ഭാരമാണുള്ളത്. നാനോ സാറ്റലൈറ്റായ എച്ച്.സി.ടി സാറ്റ്-1 മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രത്തിലെ എൻജിനീയർമാരുടെ മാർഗനിർദേശപ്രകാരം വിദ്യാർഥികൾ വികസിപ്പിച്ചെടുത്തതാണ്.
‘എം.ബി.ഇസെഡ്-സാറ്റ്’ ഒക്ടോബറിൽ വിക്ഷേപിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ നീട്ടുകയായിരുനു. ഗൾഫ് മേഖലയിൽ ഇതുവരെ വിക്ഷേപിച്ചുട്ടുള്ളതിൽ ഏറ്റവും നൂതന സംവിധാനങ്ങൾ ഉൾകൊള്ളുന്ന ഉപഗ്രഹമാണിത്.
പൂർണമായും ഇമാറാത്തി എൻജിനീയർമാരുടെ സംഘം വികസിപ്പിച്ച് നിർമ്മിച്ച ‘എം.ബി.ഇസെഡ്-സാറ്റ്’ സാങ്കേതിക രംഗത്തെ രാജ്യത്തിന്‍റ മുന്നേറ്റത്തെ പ്രതിനിധീകരിക്കുന്നതാണ്. യു.എ.ഇയുടെ സുസ്ഥിര ബഹിരാകാശ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിൽ ഉപഗ്രഹം പ്രധാന പങ്ക് വഹിക്കും. ഇതിൽ സജ്ജീകരിച്ച കാമറ വഴി വ്യക്തതയോടെ ഉയർന്ന മിഴിവുള്ള ചിത്രങ്ങൾ പകർത്താനാകും.
ഉയർന്ന റെസല്യൂഷനുള്ള ഉപഗ്രഹ ചിത്രങ്ങൾക്ക് വാണിജ്യ ആവശ്യക്കാർ വർധിച്ച സാഹചര്യത്തിൽ ഇത് വളരെയധികം ഉപകാരപ്പെടും. ആഗോള ബഹിരാകാശ വ്യവസായത്തിലെ യു.എ.ഇയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതാണ് പദ്ധതി.
വിക്ഷേപണത്തിന് ശേഷം ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിൽ നിന്ന് തന്നെ ഉപഗ്രഹത്തെ നിയന്ത്രിക്കാനും കഴിയും. നാനോ സാറ്റലൈറ്റുകളടക്കം അഞ്ച് കൃത്രിമ ഉപഗ്രഹങ്ങൾ യു.എ.ഇ നേരത്തേ വിക്ഷേപിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.