200 വര്‍ഷം പഴക്കമുള്ള മരം സംരക്ഷിക്കാന്‍ റോഡ് വഴിമാറ്റി
text_fieldsഷാര്‍ജ: ഷാര്‍ജയുടെ തുറമുഖ ജനവാസ മേഖലയായ അല്‍ ഹംറിയയില്‍ ഒരു ഗാഫ് മരമുണ്ട്. 200 വര്‍ഷം പഴക്കമുള്ളതെന്ന് കരുതുന്നു. സ്ഥലവാസികള്‍ ആദരവോടെയാണ് മരത്തെ കാണുന്നത്. ഹംറിയയിലേക്ക് വരുന്ന പുതിയ അതിഥികളോട് പ്രദേശ വാസികള്‍ അടയാളമായി പറയാറുള്ളത് ഈ മരമാണ്. തലനിറയെ ജഡപിടിച്ച് പൂര്‍ണ ആരോഗ്യത്തോടെ നില്ക്കുന്ന മരത്തിെൻറ ചുവട്ടിലെന്നും തണലാണ്. ഹംറിയയില്‍ എത്തുന്ന ദേശാടന പക്ഷികള്‍ കൂടണയാനെത്തുന്നതും ഈ മരത്തിലാണ്.
എന്നാല്‍ ഉള്‍നാടന്‍ ഗതാഗത വികസനവുമായി ബന്ധപ്പെട്ട് പുതിയ റോഡുകളുടെ രൂപരേഖ തയ്യാറാക്കിയതില്‍ മരം ഉള്‍പ്പെട്ടു. മരം മുറിച്ച് മാറ്റിയാലെ കൃത്യമായ രീതിയില്‍ റോഡ് നിര്‍മാണം നടക്കുകയുള്ളു. 200 വര്‍ഷം പഴക്കമുള്ള മരം മുറിച്ച് മാറ്റുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല നഗരസഭക്ക്. ഉടനെ നഗരസഭ ഷാര്‍ജ ഗതാഗത വിഭാഗവുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ മരത്തെ ഒഴിവാക്കി റോഡിന്റ രൂപരേഖ തയ്യാറാക്കാന്‍ തീരുമാനമായി.
ഒരു ഭാഗത്ത് ജനവാസ മേഖലയും മറുഭാഗത്ത് വിജന പ്രദേശവുമാണ്. ജനവാസ മേഖലയോട് തൊട്ടാണ് മരം നില്‍ക്കുന്നത്. റോഡ് മരത്തിനപ്പുറത്തേക്ക് മാറ്റിയാല്‍ റോഡ് വീടുകളില്‍ നിന്ന് ഏറെ അകലെയാകും. എന്നാല്‍ വീടുകളോട് ചേര്‍ന്ന് റോഡിെൻറ രൂപരേഖ തയ്യാറാക്കിയതോടെ മരമുത്തച്ചന് രണ്ടാം ജന്മമായി. ഹംറിയയുടെ മുഖമുദ്രയാണ് ഈ മരമെന്നാണ് പഴയ തലമുറയും പുതിയ തലമുറയും കരുതുന്നത്. റോഡിെൻറ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
