വിസ നടപടികൾ വേഗത്തിലാക്കുന്നതിന് വർക്ക് പെർമിറ്റ് നവീകരിച്ച് യു.എ.ഇ
text_fieldsദുബൈ: വിസ നടപടികൾ വേഗത്തിലാക്കാൻ വർക്ക് പെർമിറ്റ് സേവനങ്ങൾ കൂടുതൽ ലളിതമാക്കി യു.എ.ഇ തൊഴിൽ മന്ത്രാലയം. നിബന്ധനകൾ ലളിതമാക്കിയും സേവന നടപടികൾ പുനഃക്രമീകരിച്ചും ഡിജിറ്റൽ ചാനലുകൾ വിപുലീകരിച്ചുമാണ് പുതിയ ഘട്ടത്തിന് തുടക്കം കുറിക്കുന്നത്. ഇടപാടുകൾ വേഗത്തിലാക്കുക, ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുക, യു.എ.ഇ തൊഴിൽ വിപണിയുടെ കാര്യക്ഷമതയും മത്സരശേഷിയും വർധിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ഉന്നമിടുന്നത്.
നിലവിലുള്ള വർക്ക് പെർമിറ്റ് സേവനങ്ങളെക്കുറിച്ചും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുമുള്ള ഉപഭോക്താക്കളുടെയും പൊതുജനങ്ങളുടെയും നിർദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കും. ഇതിനായി ജൂലൈ 30 വരെ നീളുന്ന ഓൺലൈൻ പൊതുസംവാദ കാലയളവ് മന്ത്രാലയം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ആരംഭിച്ചിട്ടുണ്ട്. പെർമിറ്റ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുനഃക്രമീകരിക്കുന്നതിലും ഭരണപരമായ നിബന്ധനകൾ കുറയ്ക്കുന്നതിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും. വിസ നടപടികളുടെ സമയം കുറക്കാനും തൊഴിൽ നിയമങ്ങളോട് കൂടുതൽ പൊരുത്തപ്പെടാനും ഇത് സഹായിക്കും.
സർക്കാർ നടപടികൾ ലളിതമാക്കുന്നതിനും ഡിജിറ്റൽ സേവന ചാനലുകൾ വിപുലീകരിക്കുന്നതിനുമുള്ള യു.എ.ഇയുടെ നയങ്ങൾക്ക് അനുസൃതമായാണ് പുതിയ പരിഷ്കാരം. ‘സീറോ ഗവൺമെന്‍റ് ബ്യൂറോക്രസി' പ്രോഗ്രാമിന്‍റെ ഭാഗമായി മന്ത്രാലയം അടുത്തിടെ വർക്ക് പെർമിറ്റ് സേവനങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തിയിരുന്നു. ഇതിലൂടെ അനുബന്ധ രേഖകൾ സമർപ്പിക്കേണ്ട നിബന്ധന 100 ശതമാനം ഒഴിവാക്കുകയും, ചില പെർമിറ്റുകൾക്കായി പൂരിപ്പിക്കേണ്ട വിവരങ്ങൾ 75 ശതമാനം മുതൽ 97 ശതമാനം വരെ കുറക്കുകയും ചെയ്തു.
തൊഴിലുടമകൾക്കും ഉപഭോക്താക്കൾക്കും ഓൺലൈനായി തടസ്സമില്ലാതെ അപേക്ഷകൾ പൂർത്തിയാക്കാൻ സാധിക്കുന്ന രീതിയിൽ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി വർക്ക് പെർമിറ്റ് സേവനങ്ങൾ മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്.
വർക്ക് പെർമിറ്റുകളുടെ വിവിധ ഇനങ്ങൾ
മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾക്ക് ജോലിയുടെ സ്വഭാവവും ആവശ്യകതയും അനുസരിച്ച് ജീവനക്കാർക്കായി നേടാനാകുന്ന 13 തരം വർക്ക് പെർമിറ്റുകൾ താഴെ പറയുന്നവയാണ്:
പ്രൈവറ്റ് ട്യൂട്ടറിങ് വർക്ക് പെർമിറ്റ് (: സ്വകാര്യ ട്യൂഷൻ എടുക്കുന്നവർക്കായി നൽകുന്നത്.
യുഎഇക്ക് പുറത്തുനിന്നുള്ള റിക്രൂട്ട്‌മെന്‍റ് പെർമിറ്റ്: വിദേശത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നതിനായി നൽകുന്നത് (കാലാവധി: രണ്ടു വർഷം).
ട്രാൻസ്ഫർ വർക്ക് പെർമിറ്റ്: യു.എ.ഇക്ക് ഉള്ളിൽ തന്നെയുള്ള ഒരു തൊഴിലാളിയുടെ മുമ്പത്തെ ജോലി അവസാനിച്ചതിന് ശേഷം പുതിയ തൊഴിലുടമയ്ക്ക് അയാളെ നിയമിക്കാൻ അനുവദിക്കുന്നത് (കാലാവധി: രണ്ടു വർഷം).
കുടുംബത്തിന്‍റെ സ്പോൺസർഷിപ്പിലുള്ളവർക്കുള്ള പെർമിറ്റ്: ഫാമിലി സ്പോൺസർഷിപ്പിൽ യു.എ.ഇയിൽ കഴിയുന്ന സ്ത്രീകളെയും പുരുഷന്മാരെയും ജോലിക്ക് വെക്കാൻ സ്ഥാപനങ്ങളെ അനുവദിക്കുന്നത് (കാലാവധി: രണ്ടു വർഷം).
താത്കാലിക വർക്ക് പെർമിറ്റ് : യുഎഇയിൽ താമസിക്കുന്ന ഒരു തൊഴിലാളിയെ താൽക്കാലിക സ്വഭാവമുള്ള ജോലികൾക്കായി മറ്റ് സ്ഥാപനങ്ങൾക്ക് നിയമിക്കാൻ അനുവദിക്കുന്നത്. ജോലിക്ക് ശേഷം തൊഴിലാളി പ്രധാന തൊഴിലുടമയുടെ അടുത്തേക്ക് തന്നെ മടങ്ങും.
മിഷൻ വർക്ക് പെർമിറ്റ്: ഒരു നിശ്ചിത കാലയളവിലെ താൽക്കാലിക ആവശ്യങ്ങൾക്കോ നിർദിഷ്ട പ്രോജക്ടുകൾക്കോ വേണ്ടി വിദേശത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവരാൻ സ്ഥാപനങ്ങളെ അനുവദിക്കുന്നത്.
പാർട്ട് ടൈം വർക്ക് പെർമിറ്റ്: യു.എ.ഇക്ക് അകത്തോ പുറത്തോ ഉള്ള തൊഴിലാളികളെ പാർട്ട് ടൈം കരാറിൽ നിയമിക്കാൻ അനുവദിക്കുന്നു. ഒന്നാം എക്സ്പെർട്ട് ലെവലിലും രണ്ടാം സ്കിൽ ലെവലിലും വരുന്ന ജോലികളുള്ളവർക്ക് ഒരേസമയം ഒന്നിലധികം തൊഴിലുടമകൾക്ക് കീഴിൽ ജോലി ചെയ്യാം. ഇതിനായി പ്രധാന തൊഴിലുടമയുടെ അനുമതി ആവശ്യമില്ല (കാലാവധി: രണ്ടു വർഷം).
പ്രായപൂർത്തിയാകാത്തവർക്കുള്ള പെർമിറ്റുകൾ
ജുവനൈൽ വർക്ക് പെർമിറ്റ്: 15-നും 18-നും ഇടയിൽ പ്രായമുള്ള കൗമാരക്കാരെ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷത്തിൽ നിയമിക്കാൻ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നു.
സ്റ്റുഡന്‍റ് ട്രെയിനിങ് ആൻഡ് എംപ്ലോയ്‌മെന്‍റ് പെർമിറ്റ്: സ്വദേശികളോ വിദേശികളോ ആയ 15 വയസ്സിന് മുകളിലുള്ള വിദ്യാർഥികൾക്ക് അനുയോജ്യമായ സാഹചര്യത്തിൽ പരിശീലനമോ ജോലിയോ നൽകാൻ സ്ഥാപനങ്ങളെ അനുവദിക്കുന്നു.
മറ്റ് അഡീഷനൽ പെർമിറ്റുകൾ
യു.എ.ഇ/ജി.സി.സി നാഷനൽ വർക്ക് പെർമിറ്റ്: യു.എ.ഇ സ്വദേശികളെയും മറ്റ് ജി.സി.സി രാജ്യങ്ങളിലെ പൗരന്മാരെയും ജോലിക്ക് നിയമിക്കാൻ സ്ഥാപനങ്ങൾക്ക് നൽകുന്നത് (കാലാവധി: രണ്ടു വർഷം).
ഗോൾഡൻ റെസിഡൻസി ഹോൾഡർ വർക്ക് പെർമിറ്റ്: ഗോൾഡൻ വിസയുള്ള വ്യക്തികളെ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് നിയമിക്കാനായി നൽകുന്നത്.
ട്രെയിനി യു.എ.ഇ നാഷനൽ വർക്ക് പെർമിറ്റ്: യു.എ.ഇ സ്വദേശികൾക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായി പരിശീലന അവസരങ്ങൾ നൽകാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾക്ക് അനുവദിക്കുന്നത്.
ഫ്രീലാൻസ് വർക്ക് പെർമിറ്റ്: ഒരു പ്രത്യേക തൊഴിലുടമയുടെയോ സ്ഥാപനത്തിന്‍റെയോ സ്പോൺസർഷിപ്പ് ഇല്ലാതെ സ്വതന്ത്രമായി സ്വയം തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് (സ്വന്തം സ്പോൺസർഷിപ്പിൽ വിസയുള്ള വിദേശികൾക്ക്) നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

