Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ നിവാസികൾക്ക്...

യു.എ.ഇ നിവാസികൾക്ക് ആശ്വാസവാർത്ത; ‘സുഹൈൽ’ ഉദിക്കുന്നത് ആഗസ്റ്റ് 24ന്

text_fields
bookmark_border
യു.എ.ഇ നിവാസികൾക്ക് ആശ്വാസവാർത്ത; ‘സുഹൈൽ’ ഉദിക്കുന്നത് ആഗസ്റ്റ് 24ന്
cancel

ദുബൈ: കടുത്ത വേനൽച്ചൂടിൽ വെന്തുരുകുന്ന യു.എ.ഇ നിവാസികൾക്ക് ആശ്വാസവാർത്ത. വേനൽക്കാലത്തിന്‍റെ ഏറ്റവും തീവ്രമായ ഘട്ടം അവസാനിക്കാറായെന്നും, ആഗസ്റ്റ് 24ഓടെ കാലാവസ്ഥാ മാറ്റത്തിന്‍റെ സൂചകമായ ‘സുഹൈൽ’ നക്ഷത്രം മാനത്ത് പ്രത്യക്ഷപ്പെടുമെന്നും എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ അറിയിച്ചു.

ജൂൺ ആദ്യവാരത്തോടെയാണ് രാജ്യത്ത് ഉഷ്ണകാലം ആരംഭിച്ചത്. വേനൽച്ചൂടിന്‍റെ ഏറ്റവും തീവ്രമായ സമയത്തെ കുറിക്കുന്ന ‘അൽ ഖൈസ്’ ഘട്ടത്തിലെ അവസാന നക്ഷത്രങ്ങൾ ആഗസ്റ്റ് 11 ചൊവ്വാഴ്ചയോടെ ഉദിക്കും. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് യു.എ.ഇയിൽ വേനൽച്ചൂട് ഏറ്റവും കഠിനമായി അനുഭവപ്പെടുന്നത്.

തണുപ്പിലേക്ക് നയിക്കുന്ന ‘സുഫ്രിയ’ കാലം

അറബ് പാരമ്പര്യത്തിൽ ‘യമന്‍റെ നക്ഷത്രം’ എന്നും അറിയപ്പെടുന്ന സുഹൈൽ ഉദിക്കുന്നതോടെ രാജ്യത്ത് ചൂടിന്‍റെ തീവ്രത കുറഞ്ഞുതുടങ്ങും. സുഹൈൽ നക്ഷത്രം ദൃശ്യമായി കഴിഞ്ഞാൽ അടുത്ത 40 ദിവസം ‘സുഫ്രിയ’ എന്നാണ് അറിയപ്പെടുന്നത്. കടുത്ത ചൂടിൽനിന്ന് കുളിർമയുള്ള കാലാവസ്ഥയിലേക്കുള്ള മാറ്റം പൂർത്തിയാകുന്ന കാലയളവാണിത്.

കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ രേഖപ്പെടുത്തിയിരുന്നു. ആഗസ്റ്റ് അഞ്ചിന് രേഖപ്പെടുത്തിയ 51.2 ഡിഗ്രി സെൽഷ്യസാണ് ഈ സീസണിലെ ഏറ്റവും ഉയർന്ന ചൂട്.

അപ്രതീക്ഷിത മഴ ആശ്വാസം

കടുത്ത ചൂടിനിടയിലും രാജ്യത്തിന്‍റെ ചില പ്രദേശങ്ങളിൽ അപ്രതീക്ഷിത മഴ ലഭിക്കുന്നത് ജനങ്ങൾക്ക് വലിയ ആശ്വാസമേകുന്നു. അന്തരീക്ഷത്തിൽ കടുത്ത ചൂട് അനുഭവപ്പെടുമ്പോൾ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യത കൂടുതലാണ്. അനുയോജ്യമായ മേഘങ്ങൾ കണ്ടെത്തുമ്പോഴെല്ലാം ദേശീയ കാലാവസ്ഥ നിരീക്ഷണം കേന്ദ്രം (എൻ.സി.എം) കൃത്രിമ മഴപെയ്യിക്കാനായി ക്ലൗഡ് സീഡിങ് നടത്തുന്നുണ്ട്.

അന്തരീക്ഷ ഈർപ്പവും കാറ്റിന്‍റെ ഗതിയും അനുകൂലമാവുമ്പോൾ 50 ഡിഗ്രിയോട് അടുത്ത താപനിലയിലും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത തെളിയുന്നുവെന്ന് എൻ.സി.എം വ്യക്തമാക്കി.

സുഹൈൽ നക്ഷത്രത്തിന്റെ ഉദയം മുൻകാലങ്ങളിൽ കർഷകർക്കും മുത്തുച്ചിപ്പിയെടുക്കുന്നവർക്കുമൊക്കെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന സൂചകമായിരുന്നു. സുഹൈൽ ഉദിക്കുന്നതോടെ വരും ആഴ്ചകളിൽ ചൂടിന് ശമനമുണ്ടാകുമെന്ന അറിയിപ്പിൽ പ്രതീക്ഷയർപ്പിക്കുകയാണ് പ്രവാസികൾ ഉൾപ്പെടെയുള്ള യു.എ.ഇ നിവാസികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsUAEsuhail
News Summary - UAE resident, Suhail,
Next Story