52 ഫാൽക്കണുകളെ കൂടി സ്വതന്ത്രമാക്കി യു.എ.ഇ
text_fieldsശൈഖ് സായിദ് ഫാൽക്കൺ സ്വതന്ത്ര പ്രോഗ്രാമിന്റെ ഭാഗമായി കസാഖ്സ്താനിലെ കാരഗണ്ടയിൽ ഫാൽക്കണുകളെ
തുറന്നുവിടുന്നു
ദുബൈ: 52 ഫാൽക്കണുകളെ കൂടി യു.എ.ഇ സ്വതന്ത്രമാക്കി. കസാഖ്സ്താനിലെ കാരഗണ്ട കാടുകളിലാണ് ഇവയെ വെള്ളിയാഴ്ച രാവിലെ തുറന്നുവിട്ടത്. വംശനാശ ഭീഷണി നേരിടുന്ന ഫാൽക്കണുകളുടെ അതിജീവനത്തെ സഹായിക്കുന്നതിനായി 30 വർഷം മുമ്പ് രൂപം നൽകിയ ശൈഖ് സായ്ദ് ഫാൽക്കൺ സ്വതന്ത്ര പ്രോഗ്രാമിന്റെ ഭാഗമായാണ് നടപടി. അബൂദബിയിലെ പരിസ്ഥിതി ഏജൻസിയുടെ മേൽനോട്ടത്തിലായിരുന്നു സ്വതന്ത്രമാക്കൽ.
പക്ഷികളെ തുറന്നുവിടുന്നതിന് മുന്നോടിയായി ഏജൻസി ഇവക്ക് വൈദ്യപരിശോധനയും പരിശീലനവും പൂർത്തിയാക്കിയിരുന്നു. ഫാൽക്കണുകളുടെ ശരീരത്തിൽ പ്രത്യേക തിരിച്ചറിയൽ മോതിരവും ഇലക്ട്രോണിക് ചിപ്പും ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ 11 ഫാൽക്കണുകളിൽ അതിജീവന നിരക്ക്, വ്യാപനം, പരമ്പരാഗതമായ ദേശാന്തരഗമനം നടത്തുന്ന വഴികൾ എന്നിവ നിരീക്ഷിക്കുന്നതിന് സോളാറിൽ പ്രവർത്തിക്കുന്ന സാറ്റലൈറ്റ് ട്രാക്കിങ് സംവിധാനവും ഘടിപ്പിച്ചിരുന്നു.
ഫാൽക്കണുകൾക്ക് യോജിച്ച സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതിനും, പുനരധിവാസം, പരിശീലനം, സ്വതന്ത്രമാക്കൽ, മുന്നൊരുക്കങ്ങളുടെ രൂപം എന്നിവ വികസിപ്പിക്കുന്നതിനായി ശാസ്ത്രീയ വിവരങ്ങൾ ഇവ ശേഖരിക്കും. കാരഗണ്ട മേഖല ഇവയുടെ ആവാസ വ്യവസ്ഥക്ക് യോജിച്ചതാണെന്ന് മുമ്പ് ശേഖരിച്ച വിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ടെന്ന് അബൂദബിയിലെ ഏജൻസി പറഞ്ഞു.
ഫാൽക്കണുകളുടെ വളർച്ചക്ക് അത്യാവശ്യമായ ഇരകൾക്ക് ജീവിക്കാനുള്ള പർവതങ്ങളും സമതലങ്ങളും ഫാൽക്കണുകളെ സ്വതന്ത്രമാക്കാനുള്ള അനുയോജ്യമായ സ്ഥലം കസാഖ്സ്താൻ നൽകുന്നുണ്ട്.
അതേസമയം, ശൈഖ് സായിദ് ഫാക്കൽ സ്വതന്ത്ര പ്രോഗ്രാം വഴി ഇതുവരെ 2,211 ഫാൽക്കണുകളെയാണ് സ്വതന്ത്രമാക്കിയത്. ഇതിൽ 14ാം തവണയാണ് കസാഖ്സ്താനെ തിരഞ്ഞെടുക്കുന്നത്. 293 സകേർ ഫാൽക്കണുകളും 618 പെരിഗ്രീൻ ഫാൽക്കണുകളും ഉൾപ്പെടെ 911 ഫാൽക്കണുകളെയാണ് കസാഖ്സ്താനിൽ മാത്രം സ്വതന്ത്രമാക്കിയത്.
കസാഖ്സ്താൻ കാർഷിക മന്ത്രാലയത്തിന് കീഴിലുള്ള വനം, വന്യജീവി കമ്മിറ്റിയാണ് ഇതിന് മേൽനോട്ടം വഹിക്കുന്നത്. കഴിഞ്ഞ മേയ് അഞ്ച്, ആറ് തീയതികളിൽ 23 പെരിഗ്രീൻ ഫാൽക്കണുകളേയും 29 സകേർ ഫാൽക്കണുകളേയും കാരഗണ്ടയിൽ തുറന്നുവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

