ലോകരാജ്യങ്ങളുമായുള്ള ശക്തമായ ബന്ധത്തിന് പ്രതിജ്ഞാബദ്ധത ആവർത്തിച്ച് യു.എ.ഇ
text_fieldsഅബൂദബി: അൾജീരിയ യു.എ.ഇയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ച തീരുമാനത്തിന്‍റെ പശ്ചാത്തലത്തിൽ, ലോക രാജ്യങ്ങളുമായുള്ള ശക്തമായ ബന്ധത്തിന് യു.എ.ഇ വീണ്ടും പ്രതിജ്ഞാബദ്ധത വ്യക്തമാക്കി. പൊതുവായ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും പരസ്പര സഹകരണവും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ രാജ്യങ്ങളുമായുള്ള ബന്ധം വളർത്താനും ശക്തിപ്പെടുത്താനും രാജ്യം മുൻഗണന നൽകുന്നുവെന്ന് അധികൃതർ അറിയിച്ചു. യു.എ.ഇയും അൾജീരിയയും തമ്മിലുള്ള സഹോദരബന്ധം നിലനിർത്തുന്ന രീതിയിൽ, അൾജീരിയയുടെ ഈ തീരുമാനം താൽക്കാലികം മാത്രമായിരിക്കുമെന്ന പ്രതീക്ഷ യു.എ.ഇ വിദേശകാര്യ മന്ത്രാലയം പങ്കുവെച്ചു. ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന് വലിയ പ്രാധാന്യമാണ് യു.എ.ഇ നൽകുന്നത്.
അൾജീരിയൻ ജനതയോടുള്ള നിറഞ്ഞ ആദരവും സ്നേഹവും വിദേശകാര്യ മന്ത്രാലയം പ്രകടിപ്പിച്ചു. യു.എ.ഇയിൽ വസിക്കുന്ന അൾജീരിയൻ പ്രവാസികളും രാജ്യസന്ദർശനത്തിനെത്തുന്നവരുമായി നിലനിൽക്കുന്ന ഊഷ്മളമായ ബന്ധത്തിൽ അഭിമാനമുണ്ട്. ഈ ജനകീയ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള പങ്കാളിത്തവും താൽപര്യങ്ങളും സംരക്ഷിച്ച് വരുംദിവസങ്ങളിൽ സൗഹൃദ അന്തരീക്ഷം തിരികെ കൊണ്ടുവരാനാണ് യു.എ.ഇ ആഗ്രഹിക്കുന്നത്. മേഖലയിലെ സമാധാനവും സഹകരണവും ലക്ഷ്യമിട്ടുള്ള നയതന്ത്ര നിലപാടുകളുമായി രാജ്യം മുന്നോട്ട് പോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

