വ്യവസായിക രംഗത്തെ മികവ്: യു.എൻ സൂചികയിൽ യു.എ.ഇക്ക് മുന്നേറ്റം
text_fieldsദുബൈ: ലോകരാജ്യങ്ങളുടെ വ്യവസായിക പ്രകടനത്തെ അടിസ്ഥാനമാക്കി തയാറാക്കുന്ന ഐക്യരാഷ്ട്രസഭയുടെ സൂചികയിൽ യു.എ.ഇക്ക് മുന്നേറ്റം. അറബ് ലോകത്ത് ഒന്നാമതും ആഗോളാടിസ്ഥാനത്തിൽ 29ാമതുമായാണ് ഇമാറാത്ത് സ്ഥാനം പിടിച്ചിരിക്കുന്നത്.
യു.എൻ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ഓർഗനൈസേഷനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ സൂചികയിൽനിന്ന് രണ്ടു സ്ഥാനങ്ങൾ ഉയർന്നാണ് ഇത്തവണ നേട്ടം കൈവരിച്ചത്. 153 രാജ്യങ്ങളുടെ പ്രകടനത്തെ വിലയിരുത്തിയാണ് റാങ്കിങ് നടത്തിയത്. ആഗോള സമ്പദ്വ്യവസ്ഥയിലെ സംഭാവനകൾ, ഉൽപാദനത്തിനും കയറ്റുമതിക്കുമുള്ള സൗകര്യങ്ങൾ, സാങ്കേതികമായ സന്നാഹങ്ങൾ, നവീകരണം തുടങ്ങിയവ വിലയിരുത്തിയാണ് പട്ടിക തയാറാക്കുന്നത്. യു.എ.ഇയുടെ നേട്ടം വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രി ഡോ. സുൽത്താൻ അൽ ജാബിറാണ് വെളിപ്പെടുത്തിയത്.
2031ഓടെ രാജ്യത്തെ സുപ്രധാന വ്യവസായിക ഹബാക്കി മാറ്റുന്നതിനുള്ള ‘ഓപറേഷൻ 300 ബില്യൺ’ എന്ന പദ്ധതിക്ക് 2021ൽ തുടക്കമായിരുന്നു. മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ വ്യവസായ മേഖലയുടെ സംഭാവന പത്തു വർഷത്തിനുള്ളിൽ 300 ബില്യൺ ഡോളറാക്കി വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യംവെച്ചത്.
11 പ്രധാനപ്പെട്ട മേഖലകളിൽ ഉൽപാദനം വർധിപ്പിക്കുന്ന നയമാണ് ഇതിനായി രൂപപ്പെടുത്തിയത്. കഴിഞ്ഞ വർഷം ജി.ഡി.പിയിലെ വ്യവസായ മേഖലയുടെ സംഭാവന 180 ബില്യൺ ഡോളറാണ് രേഖപ്പെടുത്തിയത്. എണ്ണ ഇതര മേഖലകളിലെ വ്യവസായങ്ങളും വളരെ ശക്തമായ നിലയിൽ രാജ്യത്ത് വളർച്ച കൈവരിക്കുന്നുണ്ട്.
അതേസമയം, രാജ്യത്തെ വ്യവസായ മേഖലയുടെ പ്രവർത്തനങ്ങൾ പരിസ്ഥിതി അനുകൂലമായ നിലയിലാക്കാനും ശ്രദ്ധിക്കുന്നുണ്ട്. കാർബൺ പുറന്തള്ളൽ നിരക്ക് 2030ഓടെ 40 ശതമാനം കുറക്കുകയെന്ന രാജ്യത്തിന്റെ ലക്ഷ്യം കൈവരിക്കുന്നതിന് വ്യവസായ മേഖലക്ക് സുപ്രധാന പങ്കുവഹിക്കാനുണ്ടെന്ന് മന്ത്രി ഡോ. സുൽത്താൻ അൽ ജാബിർ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് മേഖലയുടെ വികാസം ആസൂത്രണം ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

