സാമ്പത്തിക അവസരങ്ങളിൽ യു.എ.ഇ അറബ് ലോകത്ത് ഒന്നാമത്
text_fieldsദുബൈ: താമസക്കാർക്കും നിക്ഷേപകർക്കും ഏറ്റവും കൂടുതൽ സാമ്പത്തിക അവസരങ്ങൾ ലഭ്യമാകുന്ന രാജ്യങ്ങളിൽ അറബ് ലോകത്ത് യു.എ.ഇ ഒന്നാമത്. വേൾഡ് സിറ്റിസൺഷിപ് റിപ്പോർട്ട്-2023ലാണ് മിഡിലീസ്റ്റ്, അറബ് മേഖലയിൽ ഇമാറാത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ആഗോള തലത്തിൽ 128 രാജ്യങ്ങൾ വിലയിരുത്തിയതിൽ 20ാം സ്ഥാനത്താണുള്ളത്. ഐസ്ലൻഡ്, മലേഷ്യ, ചൈന, ഖത്തർ, ഇറ്റലി, സൗദി, ദക്ഷിണ കൊറിയ, തുർക്കിയ എന്നീ രാജ്യങ്ങൾക്കു മുകളിലാണ് യു.എ.ഇയുടെ സ്ഥാനം. ലോകത്ത് സിംഗപ്പൂർ, യു.എസ്, ഹോങ്കോങ്, നെതർലൻഡ്സ്, ജപ്പാൻ എന്നിവയാണ് മികച്ച സാമ്പത്തിക അവസരങ്ങൾ നൽകുന്ന ആദ്യ അഞ്ചു രാജ്യങ്ങൾ.
ബിസിനസ് എളുപ്പമാക്കുന്നതിന് നടപ്പാക്കിയ നിരവധി പുത്തൻ സംരംഭങ്ങളും പരിഷ്കരണങ്ങളുമാണ് യു.എ.ഇയുടെ സ്ഥാനം ഉയർത്തിയത്. പുതിയ ദീർഘകാല വിസകൾ, വിദേശികൾക്ക് 100 ശതമാനം ഉടമസ്ഥാവകാശം, ആദായനികുതി ഇല്ലാത്തത്, വളരെ കുറഞ്ഞ കോർപറേറ്റ് നികുതി, നിരവധി രാജ്യങ്ങളുമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (സെപ) ഒപ്പിട്ടത് എന്നിവയെല്ലാം ഇക്കാര്യത്തിൽ സഹായകരമായിട്ടുണ്ട്. ഫെബ്രുവരിയിൽ പുറത്തുവിട്ട ഐ.എം.ഡി വേൾഡ് കോംപെറ്റിറ്റിവ്നസ് റാങ്കിങ് പ്രകാരം അറബ് ലോകത്തെ ഏറ്റവും മത്സരാധിഷ്ഠിത സമ്പദ്വ്യവസ്ഥ കൂടിയാണ് യു.എ.ഇ. അതോടൊപ്പം ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂനിറ്റും വേൾഡ് ബാങ്കും ഇമാറാത്തിന്റെ ബിസിനസ് സൗഹൃദ അന്തരീക്ഷത്തെ പ്രശംസിക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ലോകബാങ്കിലെ ഗൾഫ് സഹകരണ കൗൺസിൽ ഡയറക്ടർ ഇസ്സാം അബു സുലൈമാൻ യു.എ.ഇയുടെ സാമ്പത്തിക പ്രകടനത്തെ അഭിനന്ദിക്കുകയും 2023ലും മികവ് തുടരുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള സർക്കാർ ശ്രമങ്ങൾ, ബിസിനസിന് അനുകൂലമായ ആവാസവ്യവസ്ഥ, ബിസിനസ് ചെയ്യാനുള്ള എളുപ്പം, വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ കാരണമാണ് വളർച്ച പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേൾഡ് സിറ്റിസൺഷിപ് റിപ്പോർട്ട് പ്രകാരം ആഗോളതലത്തിൽ മൊബിലിറ്റിയിൽ 20ാം സ്ഥാനവും സാമ്പത്തിക സ്വാതന്ത്ര്യത്തിൽ 28ാം സ്ഥാനവും ജീവിതനിലവാരത്തിൽ 32ാം സ്ഥാനവുമാണ് യു.എ.ഇക്ക് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

