Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫെബ്രുവരിയില്‍ പെയ്തത്...

ഫെബ്രുവരിയില്‍ പെയ്തത് വെറും മഴയല്ല, മേഘം പൊടിച്ച മഴ

text_fields
bookmark_border
ഫെബ്രുവരിയില്‍ പെയ്തത് വെറും മഴയല്ല, മേഘം പൊടിച്ച മഴ
cancel

അബൂദബി: ഫെബ്രുവരിയില്‍ യു.എ.ഇയില്‍ നല്ല മഴ ലഭിച്ചത് മേഘം പൊടിക്കല്‍ (ക്ളൗഡ് സീഡിങ്) പ്രക്രിയയിലൂടെ. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ദേശീയ കാലവസ്ഥ നിരീക്ഷണ-ഭൂകമ്പശാസ്ത്ര കേന്ദ്രത്തിലെ (എന്‍.സി.എം.എസ്) ശാസ്ത്രജ്ഞര്‍ 12 തവണയാണ് മേഘം പൊടിക്കല്‍  നടത്തിയത്. 
ഈ വര്‍ഷം   58 തവണ ഇതു ചെയ്തതായി എന്‍.സി.എം.എസിലെ കാലാവസ്ഥ വിദഗ്ധന്‍ ഡോ. അഹ്മദ് ഹബീബ് അറിയിച്ചു. 
മേഘത്തില്‍നിന്നുള്ള മഴത്തുള്ളികളുടെ വീഴ്ച വര്‍ധിപ്പിക്കാനുള്ള പ്രക്രിയയാണ് മേഘം പൊടിക്കലെന്ന്  ഡോ. അഹ്മദ് ഹബീബ് വിശദീകരിച്ചു. ഇതു വഴി പത്ത് മുതല്‍ 30 ശതമാനം വരെ മഴ വര്‍ധിപ്പിക്കാന്‍ സാധിക്കും. ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ എന്‍.സി.എം.എസ് 2002 മുതല്‍ 2006 വരെ നടത്തി. 2006ലാണ് മേഘം പൊടിക്കല്‍ ഒൗദ്യോഗികമായി ആരംഭിച്ചത്. ഞായറാഴ്ച അബൂദബി-ദുബൈ അതിര്‍ത്തിയില്‍ അല്‍ ഫഖയിലാണ് ഈ വര്‍ഷത്തെ ഏറ്റവും കനത്ത മഴ പെയ്തത്. 24 മില്ലിമീറ്റര്‍ മഴയാണ് ഞായറാഴ്ച അവിടെ ലഭിച്ചതെന്നും ഡോ. അഹ്മദ് ഹബീബ് പറഞ്ഞു.
വളരെ കൃത്യതയുള്ള ശാസ്ത്രീയ രീതിയൊന്നുമല്ല മേഘം പൊടിക്കലെന്നും ഡോ. അഹ്മദ് ഹബീബ് പറയുന്നു. ഈ പ്രക്രിയ നടത്തിയാലും മഴയുടെ ലഭ്യതയില്‍ അനിശ്ചിതത്വം ഉണ്ടാകാം. വ്യതിരിക്തമായ ഗുണവിശേഷങ്ങള്‍ കാരണം 60 വര്‍ഷത്തെ ഗവേഷണത്തിന് ശേഷവും  മഴയെയും മേഘത്തെയും കുറിച്ച് ധാരാളം കാര്യങ്ങള്‍ ഇനിയും അറിയാന്‍ ബാക്കിയാണ്. 
വേനല്‍ക്കാലത്ത് റാസല്‍ഖൈമ, ഫുജൈറ, അല്‍ഐന്‍ തുടങ്ങിയ കിഴക്കന്‍ മേഖലകളില്‍ ഈ പ്രക്രിയക്ക് അനുയോജ്യമായ പാരിസ്ഥിതിക സാഹചര്യമാണ്. പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍, പ്രത്യേകിച്ച് ലിവയില്‍ ജൂലൈക്കും ആഗസ്റ്റിനും ഇടയിലാണ് പൊടിക്കലിന് വിധേയമാക്കാന്‍ സാധിക്കുന്ന മേഘങ്ങള്‍ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യ  മേഘം പൊടിക്കലില്‍ പെയ്തത് അണക്കെട്ട് പൊട്ടുന്ന മഴ  
1915ല്‍ അനുഭവപ്പെട്ട കടുത്ത വരള്‍ച്ചയെ നേരിടാന്‍ കാലിഫോര്‍ണിയയിലെ സാന്‍ഡിയാഗോ നഗര അധികൃതരുടെ അപേക്ഷ പ്രകാരം അമേരിക്കന്‍ ശാസ്ത്രജ്ഞനായ ചാള്‍സ് ഹാറ്റ്ഫീല്‍ഡ് ആണ് മേഘം പൊടിക്കല്‍ പ്രക്രിയയിലൂടെ ആദ്യമായി മഴ വര്‍ഷിപ്പിച്ചത്. നഗരത്തിലെ തടാകം നിറയും വരെ മഴ പെയ്യിപ്പിച്ചാല്‍ 10,000 യു.എസ് ഡോളര്‍ പ്രതിഫലം  നല്‍കുമെന്നായിരുന്നു അധികൃതരും ഹാറ്റ്ഫീല്‍ഡും തമ്മില്‍ വാക്കാലുള്ള കരാര്‍. 
ചാള്‍സ് ഹാറ്റ്ഫീല്‍ഡ് അന്തരീക്ഷത്തില്‍ പ്രയോഗിച്ച ‘രഹസ്യക്കൂട്ട്’ കാരണം 1916 ജനുവരി അഞ്ചിന് മഴ തുടങ്ങി. എന്നാല്‍, തടാകം നിറഞ്ഞിട്ടും മഴ നിന്നില്ല. പെയ്ത് പെയ്ത് രണ്ട് പാലങ്ങള്‍ മഴ കൊണ്ടുപോയി. രണ്ട് അണക്കെട്ടുകള്‍ കവിഞ്ഞൊഴുകി. ഇതിലൊരു അണക്കെട്ടായ ലോവര്‍ ഒട്ടേയ് ജനുവരി 27ന് തകര്‍ന്ന് 20ലധികം പേര്‍ മരിച്ചു. 35 ലക്ഷം ഡോളറിലധികം നാശനഷ്ടങ്ങളാണ് നഗരത്തില്‍ ഉണ്ടായത്.

ചാള്‍സ് ഹാറ്റ്ഫീല്‍ഡ്
 


മഴ കാരണമായുള്ള നാശത്തിന് കാരണം താനല്ളെന്നും നഗര അധികൃതര്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാത്തതാണെന്നും ചാള്‍സ് ഹാറ്റ്ഫീല്‍ഡ് പ്രതികരിച്ചു. എന്നാല്‍, കുറ്റം ഹാറ്റ്ഫീല്‍ഡ് ഏറ്റില്ളെങ്കില്‍ പ്രതിഫലം നല്‍കില്ളെന്നായി അധികൃതര്‍. തുടര്‍ന്ന് അദ്ദേഹം കോടതിയെ സമീപിച്ചു. നാശനഷ്ടത്തിന് കാരണം ഹാറ്റ്ഫീല്‍ഡ് അല്ളെന്ന് കോടതി വിധിച്ചെങ്കിലും രേഖാമൂലമുള്ള കരാര്‍ ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന് തുക ലഭിച്ചില്ല. 
അതിന് ശേഷവും വിവിധ സ്ഥലങ്ങളില്‍ അദ്ദേഹം മഴ പെയ്യിപ്പിച്ച് നല്‍കി. 500ഓളം മഴ പെയ്യിപ്പിക്കല്‍ പ്രവൃത്തിയില്‍ വിജയം കണ്ടതായി അദ്ദേഹം അവകാശപ്പെട്ടിട്ടുണ്ട്. 
എന്നാല്‍, തന്‍െറ ‘രഹസ്യക്കൂട്ട്’ ഒരിക്കലും അദ്ദേഹം ലോകത്തിന് വേണ്ടി പങ്കുവെച്ചില്ല. 1958 ജനുവരി 12ന് ഹാറ്റ്ഫീല്‍ഡിന്‍െറ ഭൗതിക ശരീരത്തോടൊപ്പം അദ്ദേഹത്തിന്‍െറ രഹസ്യക്കൂട്ടും മണ്ണോട് ചേര്‍ന്നു.

എന്താണ് മേഘം പൊടിക്കല്‍
ഉപ്പ്, സില്‍വര്‍ അയഡൈഡ്, പൊട്ടാസ്യം അയഡൈഡ് തുടങ്ങിയവ അന്തരീക്ഷ വായുവില്‍ വിതറി മേഘത്തിനകത്തെ പ്രക്രിയകളില്‍ മാറ്റം സൃഷ്ടിച്ച് കൂടുതല്‍ മഴവെള്ളം ഭൂമിയിലേക്ക് വീഴ്ത്തുന്നതിന് ഉപയോഗിക്കുന്ന വിദ്യയാണ് മേഘം പൊടിക്കല്‍ അഥവാ ക്ളൗഡ് സീഡിങ്. 
എല്ലാ തരം മേഘങ്ങളും പൊടിക്കലിന് വിധേയമാക്കാന്‍ സാധിക്കില്ല. മഴ ഉല്‍പാദിപ്പിക്കാന്‍ സജ്ജമായ മേഘങ്ങളില്‍ മാത്രമേ ഈ പ്രക്രിയ ഫലപ്രദമാകൂ.  യു.എ.ഇയില്‍ ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയാണ് മേഘം പൊടിക്കലിന് ഏറ്റവും അനുയോജ്യമായ സമയം. അന്തരീക്ഷത്തില്‍നിന്ന് ഈര്‍പ്പം വലിച്ചെടുക്കാന്‍ കഴിവുള്ള (ഹൈഗ്രോസ്കോപിക്) ഉപ്പാണ് എന്‍.സി.എം.എസ് മേഘം പൊടിക്കലിന് ഉപയോഗിക്കുന്നത്. നാസയുടെയും മറ്റു ഏജന്‍സികളുടെയും നൈപുണ്യം കേന്ദ്രം ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. 
പ്രത്യേക സംവിധാനം ഘടിപ്പിച്ച വിമാനത്തിലാണ് മേഘം പൊടിക്കാനുള്ള പദാര്‍ഥം അന്തരീക്ഷത്തില്‍ വിതറുന്നത്. 
 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae rain
News Summary - uae rain
Next Story