കനത്തുപെയ്ത് മഴ; മലയോര മേഖലകളിൽ മിന്നൽ പ്രളയ മുന്നറിയിപ്പ്
text_fieldsമലയോര പ്രദേശത്ത് കനത്ത മഴ പെയ്തതിനെ തുടർന്നുണ്ടായ വെള്ളപ്പാച്ചിൽ. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പങ്കുവെച്ച ചിത്രം
ദുബൈ: യുഎ..ഇയുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച പെയ്ത കനത്ത മഴയിൽ താഴ്‌വരകളും മലയോര മേഖലകളും വെള്ളത്തിനടിയിലായി. ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിലാണ് ശക്തമായ മഴ ലഭിച്ചത്. മഴ കനത്തതോടെ വാദികൾ നിറഞ്ഞൊഴുകാനും വെള്ളക്കെട്ടുണ്ടാകാനും സാധ്യതയുള്ളതിനാൽ ചില മലയോര മേഖലകളിൽ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) മിന്നൽ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
ഫുജൈറ, റാസൽഖൈമ, അൽ ഐന്‍റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതു മണി വരെ കാലാവസ്ഥാ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഷാർജയുടെ വിവിധ ഭാഗങ്ങളിൽ നേരിയ ചാറ്റൽ മഴക്ക് സാധ്യതയുണ്ടെന്നും എൻ.സി.എം വ്യക്തമാക്കി.
വെള്ളിയാഴ്ചയും മഴ തുടരാൻ സാധ്യതയുണ്ട്. എന്നാൽ, വാരാന്ത്യത്തിൽ മഴക്ക് കുറയുമെന്നാണ് പ്രവചനം. എങ്കിലും തീരദേശ മേഖലകളിലും വടക്കൻ പ്രദേശങ്ങളിലും മേഘാവൃതമായ അന്തരീക്ഷം തുടരും. തിങ്കളാഴ്ചയോടെ രാജ്യത്തിന്‍റെ കിഴക്കൻ, വടക്കൻ മേഖലകളിൽ വീണ്ടും മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
രാജ്യത്ത് ശൈത്യകാലം ആരംഭിക്കുന്നതോടെ മഴ ശക്തമാകുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലേക്ക് പോകുന്ന താമസക്കാരും വിനോദസഞ്ചാരികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു. വാദികൾ കരകവിഞ്ഞൊഴുകുമ്പോൾ വാഹനങ്ങൾ ഒഴുക്കിൽപ്പെടാനും ചെളിയിൽ പുതയാനും സാധ്യതയുള്ളതിനാൽ ഇത്തരം പ്രദേശങ്ങളിൽനിന്ന് വിട്ടുനിൽക്കാനും നിർദേശമുണ്ട്.

