ഒപെക് ബന്ധം അവസാനിപ്പിച്ച് യു.എ.ഇ; മേയ് ഒന്നുമുതൽ പിന്മാറ്റം പ്രാബല്യത്തിൽ
text_fieldsദുബൈ: എണ്ണകയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകുമായുള്ള അഞ്ച് പതിറ്റാണ്ടിലധികം നീണ്ട ബന്ധം അവസാനിപ്പിച്ച് യു.എ.ഇ. ഒപെക് പ്ലസിൽ നിന്നും രാജ്യം വിട്ടുനിൽക്കും. മെയ് ഒന്ന് മുതൽ തീരുമാനം പ്രാബല്യത്തിലാവും. വിയന്നയിൽ ബുധനാഴ്ച ഒപെക് രാജ്യങ്ങളുടെ യോഗം ചേരാനിരിക്കെയാണ് യു.എ.ഇയുടെ അപ്രതീക്ഷിത പ്രഖ്യാപനം.
രാജ്യതാൽപര്യം മുൻനിർത്തി കൂടുതൽ സ്വതന്ത്രമായ ഉൽപാദനം ലക്ഷ്യമിട്ടാണ് നിർണായകമായ തീരുമാനത്തിലെത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം. എണ്ണ വിപണിയിലെ ആവശ്യങ്ങൾ നിറവേറ്റാൻ സ്വതന്ത്രമായ ഉൽപാദനവും വിതരണവും അനിവാര്യമാണെന്നാണ് യു.എ.ഇയുടെ വിലയിരുത്തൽ. ഹുർമുസിലും അറേബ്യൻ ഗൾഫിലും എണ്ണവിതരണം തടസപ്പെടുന്ന സാഹചര്യത്തിൽ എണ്ണയുൽപാദന മേഖലയുടെ സുസ്ഥിരത ഉറപ്പാക്കാനാണ് ഒപെക് വിടുന്നതെന്ന് യു.എ.ഇ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എണ്ണയുൽപാദന മേഖലയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച രാജ്യം എന്ന നിലയിൽ കൂടുതൽ സ്വതന്ത്രമായ ഉൽപാദനവും കയറ്റുമതിയും ആവശ്യമാണെന്ന് യു.എ.ഇ വിലയിരുത്തുന്നു.
ഇറാൻ ഉൾപ്പെടുന്ന കൂട്ടായ്മ കൂടിയാണ് ഒപെക്. ഇറാഖ്, സൗദി, കുവൈത്ത്, വെനിസ്വല തുടങ്ങി 13 രാജ്യങ്ങളാണ് കൂട്ടായ്മയിലുണ്ടായിരുന്നത്. എണ്ണയുൽപാദനത്തിന്‍റെ 80 ശതമാനം കൈയാളുന്ന കൂട്ടായ്മയിൽനിന്ന് രണ്ട് വർഷം മുമ്പ് അങ്കോള പുറത്തുപോയിരുന്നു. യു.എ.ഇ കൂടി പടിയിറങ്ങുന്നതോടെ അംഗരാജ്യങ്ങളുടെ എണ്ണം പതിനൊന്നായി ചുരുങ്ങും. ആഗോളതലത്തിൽ എണ്ണവിലയേയും ഉൽപാദനത്തേയും നിയന്ത്രിക്കാനുള്ള ഒപെകിന്‍റെ നിർണായക സ്വാധീനത്തെ യു.എ.ഇയുടെ പിൻമാറ്റം ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
അബൂദബി എമിറേറ്റ് 1967 മുതൽ ഒപെകിന്‍റെ ഭാഗമായിരുന്നു. പിന്നീട് യു.എ.ഇ രൂപവത്കരിച്ചപ്പോൾ മുതൽ കൂട്ടായ്മ അംഗമാണ്. ഒപെകിൽനിന്ന് പുറത്തുപോയാലും എണ്ണയുൽപാദന മേഖലയുടെ സ്ഥിരത ഉറപ്പാക്കാൻ സഹകരിക്കുമെന്ന് യു.എ.ഇ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

