യു.എ.ഇ വിമാനങ്ങൾക്ക് ഖത്തർ മാർഗ തടസ്സം സൃഷ്ടിച്ചു
text_fieldsഅബൂദബി: ബഹ്റൈൻ തലസ്ഥാനമായ മനാമയിലേക്കുള്ള രണ്ട് യു.എ.ഇ യാത്രാവിമാനങ്ങൾക്ക് ഖത്തർ യുദ്ധവിമാനങ്ങൾ തടസ്സം സൃഷ്ടിച്ചതായി യു.എ.ഇ വ്യോമയാന പൊതു അതോറിറ്റി . തിങ്കളാഴ്ച രാവിലെ 10.30നും 11നുമാണ് വിമാനങ്ങളുടെ വഴിയിൽ ഖത്തർ യുദ്ധവിമാനങ്ങൾ തടസ്സം സൃഷ്ടിച്ചതെന്ന് അതോറിറ്റി മേധാവി സൈഫ് ആൽ സുവൈദി വ്യക്തമാക്കി.
രണ്ട് വിമാനങ്ങളും സുരക്ഷിതമായി മനാമയിൽ ഇറങ്ങി തിരിച്ച് യു.എ.ഇയിൽ എത്തിയിട്ടുണ്ട്. സംഭവത്തിൽ മരണമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇരു വിമാനങ്ങളും പതിവായി സർവീസ് നടത്തുന്നതാണെന്നും മുമ്പ് ഖത്തർ ഇൗ വിമാനങ്ങളുടെ പാതയിൽ തടസ്സം സൃഷ്ടിച്ചിരുന്നില്ലെന്നും സൈഫ് ആൽ സുവൈദി പറഞ്ഞു.
എന്തുകൊണ്ടാണ് ഖത്തർ യുദ്ധവിമാനങ്ങൾ തടസ്സം സൃഷ്ടിച്ചതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൗ സംഭവം വിമാനയാത്രക്ക് ഭീഷണിയല്ലെന്നും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നിയമനടപടി കൈക്കൊള്ളുമെന്നും യു.എ.ഇ വ്യക്തമാക്കി.യു.എ.ഇ വിമാനങ്ങൾ വ്യോമപരിധി ലംഘിക്കുന്നുവെന്ന് ഖത്തർ ആരോപിച്ചതിന് പിന്നാലെയാണ് വിമാനങ്ങളുടെ വഴിയിൽ തടസ്സം സൃഷ്ടിക്കുന്ന സംഭവമുണ്ടായത്. 2017 ഡിസംബർ 27ന് യു.എ.ഇ വിമാനം വ്യോമപരിധി ലംഘിച്ചുവെന്ന് ആരോപിച്ച് വ്യാഴാഴ്ച ഖത്തർ െഎക്യരാഷ്ട്രസഭക്ക് പരാതി നൽകിയിരുന്നു.
എന്നാൽ, ഖത്തറിെൻറ വാദം അസത്യവും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നതുമാണെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രി ട്വിറ്ററിൽ വ്യക്തമാക്കി. ഇതിന് പിന്നാലെ, ജനുവരി മൂന്നിനും യു.എ.ഇ വിമാനം വ്യോമപരിധി ലംഘിച്ചതായി കാണിച്ച് യു.എന്നിന് പരാതി നൽകിയിട്ടുണ്ടെന്ന് ഖത്തർ പ്രസ്താവിച്ചിരുന്നു.2017 ജൂൺ മുതൽ സൗദി അറേബ്യ, ബഹ്റൈൻ, ഇൗജിപ്ത് രാജ്യങ്ങൾക്കൊപ്പം യു.എ.ഇ ഖത്തറിനെ ബഹിഷ്കരിച്ച് വരികയാണ്. ഖത്തർ തീവ്രവാദികൾക്ക് സഹായം നൽകുന്നുവെന്നും അയൽരാജ്യങ്ങളുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടുന്നുവെന്നുമാണ് ചതുർരാഷ്ട്രങ്ങൾ ഖത്തറിനെതിരെ ഉന്നയിക്കുന്ന ആരോപണം.
അതിനിടെ ഖത്തർ നടപടിയെ ബഹ്റൈൻ വിദേശ മന്ത്രാലയം ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഒാർഗനൈസേഷെൻറ ചട്ടങ്ങളുടെയും മര്യാദകളുടെയും ലംഘനമാണ് നടപടി. ശത്രുതാ മനോഭാവത്തോടെയുള്ള നീക്കങ്ങൾ ഖത്തർ ആവർത്തിക്കുകയാണ്. സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുള്ള യു.എ.ഇയുടെ എല്ലാ ശ്രമങ്ങളെയും ബഹ്റൈൻ പിന്തുണക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
