‘അദ്ദേഹത്തെ ഓർമയുണ്ടോ?’ പിതൃദിനത്തിൽ ശൈഖ് മുഹമ്മദിന്റെ ട്വീറ്റ് വൈറൽ
text_fieldsദുബൈ: പിതൃദിനത്തിൽ തന്റെ പിതാവിനെ ‘ഓർമയുണ്ടോ’ എന്നുചോദിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായ്ദ് ആൽ നഹ്യാൻ പങ്കുവെച്ച ട്വീറ്റ് ആഘോഷമാക്കി സമൂഹമാധ്യമങ്ങൾ. പിതാവും യു.എ.ഇയുടെ രാഷ്ട്രശിൽപിയുമായ ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാനൊപ്പമുള്ള ഓർമകളാണ് ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഫാദേഴ്സ് ഡേ ഹാഷ്ടാഗിൽ അറബിയിലായിരുന്നു ട്വീറ്റ്.
പിതാവിനൊപ്പമുള്ള അപൂർവ നിമിഷങ്ങളുടെ ഫോട്ടോകളും അദ്ദേഹം പങ്കുവെച്ചിരുന്നു. ട്വിറ്ററിൽ അഞ്ചുലക്ഷം ഫോളോവേഴ്സുള്ള ഇദ്ദേഹത്തിന്റെ സന്ദേശം മണിക്കൂറുകൾക്കുള്ളിലാണ് വൈറലായത്. ആയിരക്കണക്കിന് ലൈക്കും ഈ സന്ദേശത്തിന് ലഭിച്ചു.
പിതാവിനുവേണ്ടി പ്രാർഥിക്കുന്നുവെന്നായിരുന്നു ചിലരുടെ മറുട്വീറ്റ്. ഞങ്ങൾ ഞങ്ങളുടെ പിതാവിനെ ഒരിക്കലും മറക്കില്ല. ഞങ്ങളുടെ ഹൃദയത്തിൽ അദ്ദേഹം എപ്പോഴും ജീവിച്ചിരിക്കുന്നുവെന്നാണ് മറ്റൊരാളുടെ മറുപടി. അനവധി അപൂർവ ഫോട്ടോകളും ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. യു.എ.ഇയുടെ ആദ്യ പ്രസിഡന്റായിരുന്ന ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ രാഷ്ട്രശിൽപിയെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

