അബൂദബി: ഹൃദയവിശാലതയുടെ ആൾരൂപമാണ് വിടവാങ്ങിയ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാൻ. മലയാളികൾ അടക്കമുള്ള പ്രവാസി സമൂഹത്തെ എന്നും ചേർത്തുപിടിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ഓഫിസിലും കൊട്ടാരത്തിലുമായി നിരവധി മലയാളികളാണ് ജോലി ചെയ്തിരുന്നത്.
1948 സെപ്റ്റംബർ ഏഴിനാണ് ജനനം. അബൂദബി എമിറേറ്റിന്‍റെ ഭരണാധികാരി, യു.എ.ഇ സായുധ സേനയുടെ സുപ്രീം കമാൻഡർ, സുപ്രീം പെട്രോളിയം കൗൺസിൽ ചെയർമാൻ എന്നീ സുപ്രധാന സ്ഥാനങ്ങൾക്കു പുറമെ 875 ബില്യൻ ഡോളർ ആസ്തി കൈകാര്യം ചെയ്യുന്ന അബൂദബി ഇൻവെസ്റ്റ്മന്‍റെ് അതോറിറ്റിയുടെ ചെയർമാൻ കൂടിയാണ് ശൈഖ് ഖലീഫ. ഒരു രാഷ്ട്രത്തലവൻ കൈകാര്യം ചെയ്യുന്ന ഏറ്റവും വലിയ തുകയാണിത്. പിതാവ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്‌യാന്‍റെ വിയോഗ ശേഷം 2004 നവംബർ രണ്ടിനാണ് അബൂദബി ഭരണാധികാരിയായി ശൈഖ് ഖലീഫ സ്ഥാനമേറ്റെടുത്തത്.
തൊട്ടടുത്ത ദിവസം യു.എ.ഇ പ്രസിഡന്‍റുമായി. 2014 ജനുവരിയിൽ ശൈഖ് ഖലീഫക്ക് പക്ഷാഘാതം സംഭവിച്ചെങ്കിലും ആരോഗ്യനില വീണ്ടെടുത്തിരുന്നു. 1948 സെപ്റ്റംബർ ഏഴിന് അബൂദബി എമിറേറ്റിലെ അൽ ഐനിലെ അൽ മുവൈജി കൊട്ടാരത്തിലായിരുന്നു അബൂദബി റൂളേഴ്‌സ് കുടുംബാംഗമായിരുന്ന ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്‌യാന്‍റെയും ഹസ്സ ബിന്ത് മുഹമ്മദ് ബിൻ ഖലീഫയുടെയും മൂത്ത മകനായി ശൈഖ് ഖലീഫ ജനിച്ചത്. സാൻഹർസ്റ്റിലെ റോയൽ മിലിട്ടറി അക്കാദമിയിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്.
1966 മുതൽ നേതൃത്വത്തിലേക്ക്
1966ൽ പിതാവ് ശൈഖ് സായിദ് അബൂദബി ഭരണാധികാരിയായപ്പോൾ ശൈഖ് ഖലീഫ അബൂദബിയുടെ കിഴക്കൻ മേഖലയായ അൽഐനിൽ ഭരണാധികാരിയുടെ പ്രതിനിധിയായി. 1969 ഫെബ്രുവരി ഒന്നിന് ശൈഖ് ഖലീഫയെ അബൂദബി കിരീടാവകാശിയായി നിയമിച്ചു.
അടുത്ത ദിവസം അബൂദബി പ്രതിരോധ വകുപ്പിന്‍റെ തലവനായും നിയമിച്ചു. 1971ൽ യു.എ.ഇ രൂപീകൃതമായ ശേഷം അബൂദബി യു.എ.ഇ സായുധ സേനയുടെ കേന്ദ്രമായതോടെ പ്രതിരോധ സേനയുടെ മേൽനോട്ടവും ശൈഖ് ഖലീഫയെ തേടിയെത്തി. 1971ൽ യു.എ.ഇ സ്ഥാപിതമായശേഷം ശൈഖ് ഖലീഫ അബൂദബിയിലെ ഒട്ടേറെ പദവികൾ ഏറ്റെടുത്തു.
രാഷ്ട്ര പിതാവ് ശൈഖ് സായിദിനു കീഴിൽ പ്രധാനമന്ത്രി, അബൂദബി മന്ത്രിസഭയുടെ തലവൻ, പ്രതിരോധ മന്ത്രി, ധനമന്ത്രി സ്ഥാനങ്ങളും വഹിച്ചു. യു.എ.ഇ മന്ത്രിസഭ പുനസംഘടിപ്പിച്ച ശേഷം അബൂദബി മന്ത്രിസഭ അബൂദബി എക്‌സിക്യൂട്ടീവ് കൗൺസിലായി. 1973 ഡിസംബർ 23ന് യു.എ.ഇയുടെ രണ്ടാം ഉപപ്രധാനമന്ത്രിയും 1974 ജനുവരി 20ന് അബൂദബി എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായി.
1976 മെയിലാണ് രാഷ്ട്രപതിയുടെ കീഴിൽ യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി കമാൻഡറാകുന്നത്. 1980 അവസാനം അദ്ദേഹം സുപ്രീം പെട്രോളിയം കൗൺസിലിന്‍റെ തലവനായി.