പിതൃദിനത്തിൽ ആശംസകൾ പങ്കുവെച്ച് ഭരണാധികാരികൾ
text_fieldsദുബൈ: പിതൃദിനത്തിൽ ആശംസകളും വൈകാരിക കുറിപ്പുകളും പങ്കുവെച്ച് യു.എ.ഇ ഭരണാധികാരികൾ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാനൊപ്പമുള്ള വിഡിയോ ചിത്രങ്ങൾ എക്സ് അക്കൗണ്ടിൽ പങ്കുവെച്ചാണ് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ആശംസകൾ അറിയിച്ചത്. 42 സെക്കൻഡ് നീളമുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് വിഡിയോയിൽ ശൈഖ് സായിദിനൊപ്പം അദ്ദേഹം ഇരിക്കുന്ന ദൃശ്യമാണുള്ളത്. നമ്മുടെ രാഷ്ട്രപിതാവ് ശൈഖ് സായിദ്, മക്കൾക്കും രാഷ്ട്രത്തിനും മികച്ച ഉപദേഷ്ടാവും പ്രചോദനാത്മകമായ മാതൃകയുമായിരുന്നുവെന്നും അദ്ദേഹത്തിന്റെ പാരമ്പര്യം നമ്മുടെ രാജ്യത്തിന്റെയും ജനങ്ങളുടെയും തുടർച്ചയായ വികസനത്തെ രൂപപ്പെടുത്തിയെന്നും ശൈഖ് മുഹമ്മദ് കുറിച്ചു. യു.എ.ഇയിലെ എല്ലാ പിതാക്കൾക്കും അഭിനന്ദനമറിയിച്ച പ്രസിഡന്റ്, കുടുംബത്തിലും സമൂഹത്തിലും അവരുടെ പങ്ക് നിർണായകമാണെന്നും പറഞ്ഞു.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പിതാവ് ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമിന്റെ ഗുണവിശേഷങ്ങൾ പറഞ്ഞുകൊണ്ടാണ് ആശംസ കുറിപ്പിട്ടത്. ‘ജീവിതം എന്നെ പഠിപ്പിച്ചത്’ എന്ന പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിലെ പിതാവിനെക്കുറിച്ചുള്ള ഭാഗവും വിഡിയോ ദൃശ്യങ്ങളും ശൈഖ് മുഹമ്മദ് പങ്കുവെച്ചു. യു.എ.ഇ വൈസ്പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തുടങ്ങി മറ്റു പ്രമുഖരും ആശംസ കുറിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

