ശോഭനമായ ഭാവി ആശംസിച്ച് പ്രസിഡൻറ് ശൈഖ് മുഹമ്മദ്
text_fieldsശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും
അബൂദബി: രാജ്യത്തെ ജനങ്ങൾക്കും ലോകത്തിനും പുതുവത്സരാശംസ നേർന്ന് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. 2023 യു.എ.ഇക്ക് ഒരുരാഷ്ട്രമെന്ന നിലയിൽ പുരോഗതി കൈവരിക്കാനും കൂടുതൽ സമ്പന്നമായ ഭാവിയിലേക്ക് കുതിച്ചു മുന്നേറാനുമുള്ള വർഷമായിരിക്കുമെന്നും അദ്ദേഹം ശുഭാപ്തി പ്രകടിപ്പിച്ചു. വരാനിരിക്കുന്ന വർഷം രാജ്യത്തെയും ലോകത്തെയും ജനങ്ങൾക്ക് സമാധാനവും സന്തോഷവും നൽകട്ടെയെന്ന് പ്രാർഥിക്കുന്നതായും പ്രസിഡൻറ് ട്വീറ്റിൽ കുറിച്ചു. ലോകമെമ്പാടും നന്മയും സമാധാനവും കൊണ്ടുവരാൻ 2023ന് കഴിയട്ടെ എന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ആശംസിച്ചു.
ട്വിറ്ററിൽ പുതുവത്സരത്തലേന്ന് പങ്കുവെച്ച സന്ദേശത്തിലാണ് ലോകസമൂഹത്തിന് ആശംസകൾ നേർന്നത്. 2022ൽ യു.എ.ഇ ഒരുദിവസം പോലും വിശ്രമമില്ലാതെ വികസനത്തിനും പുരോഗതിക്കുമായി പ്രവർത്തിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ മനോഹരമായ കാര്യങ്ങളാകും പുതിയ വർഷത്തിൽ വരാനിരിക്കുന്നതെന്നും അദ്ദേഹം പ്രത്യാശ പങ്കുവെച്ചു.
ട്വീറ്റിനൊപ്പം പങ്കുവെച്ച വിഡിയോയിൽ കഴിഞ്ഞ വർഷത്തിൽ യു.എ.ഇ കൈവരിച്ച നേട്ടങ്ങൾ വിവരിക്കുന്നുണ്ട്. ബഹിരാകാശ മേഖലയിലെ ശ്രദ്ധേയമായ ഉയർച്ച, ബിസിനസ് വളർച്ച, ആഗോള വേദികളിലെ പങ്കാളിത്തം എന്നിങ്ങനെയുള്ള കാര്യങ്ങൾ ഇതിൽ പറയുന്നു. വിവിധ മാനുഷിക സംരംഭങ്ങളിലൂടെ ലോകമെമ്പാടും ജീവിതങ്ങളെ മെച്ചപ്പെടുത്താൻ യു.എ.ഇയുടെ നടത്തുന്ന ശ്രമങ്ങളും വിഡിയോ പങ്കുവെക്കുന്നു. ദുബൈയിലെ എക്സ്പോ 2020 ദുബൈലും ഫ്യൂചർ മ്യൂസിയവും നേട്ടങ്ങളായി ഇതിൽ വിവരിച്ചിട്ടുണ്ട്. നമ്മുടെ നാടിനും ജനങ്ങൾക്കും പുതുവത്സരാശംസകൾ, അറബ്-ഇസ്ലാമിക ജനതക്കും ലോകമെമ്പാടുമുള്ള എല്ലാ ജനങ്ങൾക്കും പുതുവത്സരാശംസകൾ എന്നു പറഞ്ഞാണ് ട്വീറ്റ് അവസാനിക്കുന്നത്.
അതേസമയം, അതുല്യമായ ആത്മവിശ്വാസത്തോടെയാണ് പുതുവർഷത്തിലേക്ക് പ്രവേശിക്കുന്നതെന്ന് യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേശഷ്ടാവ് ഡോ. അൻവർ ഗർഗാഷ് പുതുവത്സര സന്ദേശത്തിൽ പറഞ്ഞു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദിന് കീഴിൽ യു.എ.ഇ രാഷ്ട്രീയ സ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

