ഫ്രഞ്ച് പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തി യു.എ.ഇ പ്രസിഡന്‍റ്
text_fieldsജി7 ഉച്ചകോടിക്കിടെ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ.
അബൂദബി: ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. ഫ്രാൻസിലെ എവിയൻ-ലെ-ബെയ്ൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയുടെ പശ്ചാത്തലത്തിലായിരുന്നു ഇരു നേതാക്കളുടെയും കൂടിക്കാഴ്ച.
യു.എ.ഇയും ഫ്രാൻസും തമ്മിലുള്ള ദീർഘകാലത്തെ ദൃഢ ബന്ധം ഇരു നേതാക്കളും വിലയിരുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തത്തിന്‍റെ ചട്ടക്കൂടിൽ നിന്നുകൊണ്ട് നിക്ഷേപം, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഊർജ്ജം, സംസ്‌കാരം എന്നീ മേഖലകളിൽ സഹകരണം കൂടുതൽ വ്യാപിപ്പിക്കുന്നതിനുള്ള വഴികൾ ഇരു രാഷ്ട്രനേതാക്കളും ചർച്ച ചെയ്തു. മധ്യപൂർവേഷ്യയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഉൾപ്പെടെ, ഇരുരാജ്യങ്ങൾക്കും പൊതുവായ താൽപര്യമുള്ള നിരവധി വിഷയങ്ങളിൽ നേതാക്കൾ ആശയവിനിമയം നടത്തി.
തനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നന്ദി പറഞ്ഞു. ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചതിൽ അദ്ദേഹം അഭിനന്ദനമറിയിച്ചു. ലോകമെമ്പാടുമുള്ള ജനങ്ങളുടെ പുരോഗതിക്കും വികസനത്തിനും പിന്തുണ നൽകുന്ന തീരുമാനങ്ങളുമായി വിജയകരമായ ഉച്ചകോടിക്ക് നേതൃത്വം നൽകാൻ ഫ്രാൻസിന് ആശംസ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

