ഉർദുഖാനുമായി യു.എ.ഇ പ്രസിഡന്റ് ചർച്ച നടത്തി
text_fieldsതുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായി യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ചർച്ച നടത്തുന്നു
ദുബൈ: തുർക്കിയ പ്രസിഡന്റായി വീണ്ടും അധികാരത്തിലെത്തിയ റജബ് ത്വയ്യിബ് ഉർദുഗാനുമായി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ചർച്ച നടത്തി. ഇസ്തംബൂളിൽ പ്രസിഡന്റിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. തുർക്കിയയുമായുള്ള യു.എ.ഇയുടെ സാമ്പത്തിക സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ഇരുവരും ചർച്ച ചെയ്തു.
യു.എ.ഇ- തുർക്കിയ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഉഭയകക്ഷി ബന്ധത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. ഗൾഫ് മേഖലയുടെ വികസനത്തിൽ ഉഭയകക്ഷി ബന്ധം ഏറെ ഗുണം ചെയ്യുമെന്ന് ഇരു നേതാക്കളും പ്രത്യാശ പ്രകടിപ്പിച്ചു. അടുത്തിടെയാണ് തുർക്കിയയുമായി യു.എ.ഇ സമഗ്ര സാമ്പത്തിക സഹകരണ കരാറിൽ ഒപ്പിട്ടത്. ഇരു രാജ്യങ്ങളും കരാറിന് ഔദ്യോഗിക അംഗീകാരവും നൽകി. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര രംഗത്തെ മുന്നേറ്റത്തിന് കൂടുതൽ ഉത്തേജനമായി. യു.എ.ഇ പ്രസിഡന്റിന്റെ തുർക്കിയ സന്ദർശനം എല്ലാ തുറകളിലും സഹകരണം ശക്തിപ്പെടുത്താൻ വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ. അഞ്ച് വർഷത്തിനകം എണ്ണ ഇതരവ്യാപാരം 40 ശതകോടി ഡോളറിൽ എത്തിക്കുകയാണ് ലക്ഷ്യം.
നിലവിൽ ഇത് 18.9 ശതകോടി ഡോളറാണ്. യു.എ.ഇയുമായി സെപ കരാർ ഒപ്പുവെക്കുന്ന നാലാമത്തെ രാജ്യമാണ് തുർക്കിയ. ആദ്യം ഇന്ത്യയുമായി ഒപ്പുവെച്ച യു.എ.ഇ പിന്നീട് ഇസ്രായേൽ, ഇന്തോനേഷ്യ, കംബോഡിയ എന്നീ രാജ്യങ്ങളുമായും കരാറിലേർപ്പെട്ടിരുന്നു. കയറ്റിറക്കുമതി റെക്കോഡ് നേട്ടത്തിലേക്ക് കൊണ്ടുപോകാൻ സാധിക്കുമെന്ന പ്രതീക്ഷയാണ് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനും ചർച്ചയിൽ പങ്കുവെച്ചത്. മേഖലയുടെ വികാസത്തിനും സുസ്ഥിരതക്കും ഇരു രാജ്യങ്ങൾക്കും ഏറെ ചെയ്യാൻ സാധിക്കുമെന്നും ഇരു നേതാക്കളും വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

