ഇന്ത്യയിൽ നിന്ന് എല്ലാ വിസക്കാർക്കും യു.എ.ഇയിലേക്ക് വരാൻ അനുമതി
text_fieldsദുബൈ: ഇന്ത്യയിൽ നിന്നുള്ള എല്ലാ വിസക്കാർക്കും യു.എ.ഇയിലേക്ക് മടങ്ങിവരാൻ കേന്ദ്രസർക്കാർ അനുമതി നൽകി. ഇതോടെ വിസിറ്റിങ് വിസക്കാർക്കടക്കം യു.എ.ഇയിലേക്ക് ഇന്ന് മുതൽ മടങ്ങിയെത്താൻ കഴിയും. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിെൻറ അനുമതി ലഭിച്ചെന്നും എല്ലാ വിസകളിലുള്ളവർക്കും മടങ്ങിയെത്താമെന്നും യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻകപൂറാണ് അറിയിച്ചത്.
വിസിറ്റിങ് വിസക്കാർക്ക് മടങ്ങിവരാൻ യു.എ.ഇ നേരത്തെ അനുമതി നൽകിയിരുന്നെങ്കിലും ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഇവരെ തടഞ്ഞിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ വിമാനം പുറപ്പെടുന്നതിന് തൊട്ടുമുൻപ് പോലും വിദ്യാർഥികളെ ഇറക്കിവെട്ട സംഭവവും ഉണ്ടായി. ഇതേ തുടർന്ന് സ്മാർട്ട് ട്രാവൽസ് എം.ഡി അഫി അഹ്മദ് ഇന്ത്യൻ എംബസിക്കും കോൺസുലേറ്റിനും നിവേദനം നൽകിയിരുന്നു. ഈ വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്ത് നൽകിയതായും ഉടൻ പ്രശ്നം പരിഹരിക്കുമെന്നാണ് കരുതുന്നതെന്നും അംബാസിഡർ പവൻ കപൂർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ അനുമതി നൽകിയത്.
നേരത്തെ റസിഡൻഡ് വിസക്കാർക്ക് മടങ്ങിവരാൻ അനുമതി നൽകിയിരുന്നു. അപ്പോഴും സന്ദർശക വിസക്കാർ പടിക്കുപുറത്തായിരുന്നു. ഇന്ത്യയിൽ നിന്ന് അനുമതി ലഭിക്കാത്തതിനാൽ അമേരിക്ക വഴി യാത്ര ചെയ്ത് യു.എ.ഇയിൽ എത്തിയ സംഭവം പോലുമുണ്ടായി. ഉടൻ മടങ്ങിയെത്തിയില്ലെങ്കിൽ ജോലി നഷ്ടമാകുമെന്ന ആശങ്കയിൽ കഴിഞ്ഞവർക്കാണ് ഈ നടപടി ഏറെ ആശ്വാസമായത്. മക്കളും മാതാപിതാക്കളും നാട്ടിൽ കുടുങ്ങിയവരും അനുമതിക്കായി കാത്തുനിൽക്കുകയായിരുന്നു. നൂറുകണക്കിന് യാത്രക്കാരാണ് വിസിറ്റിങ് വിസയിൽ വരാൻ കാത്തുനിൽക്കുന്നതെന്നും അനുമതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അഫി അഹ്മദ് പറഞ്ഞു.
അതേസമയം, ജോലി ഉറപ്പുള്ളവർ മാത്രം വിസിറ്റിങ് വിസയിൽ വന്നാൽ മതിയെന്നും ജോലി അന്വേഷിച്ച് ഇപ്പോൾ വരാതിരിക്കുന്നതാണ് ഉചിതമെന്നും പവൻ കപൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

