ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടായി യു.എ.ഇ പാസ്പോർട്ട്; 182 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം
text_fieldsദുബൈ: 2026-ലെ പാസ്പോർട്ട് ഇൻഡക്സ് റാങ്കിങ്ങിൽ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടായി യു.എ.ഇ പാസ്പോർട്ട് തെരഞ്ഞെടുക്കപ്പെട്ടു. മുൻകൂട്ടി വിസയെടുക്കാതെ ലോകത്തിലെ 182 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാൻ യു.എ.ഇ പൗരന്മാർക്ക് സാധിക്കും. അന്താരാഷ്ട്ര തലത്തിൽ യു.എ.ഇക്കുള്ള ഉയർന്ന ജനപ്രീതിയും വിശ്വാസ്യതയുമാണ് ഈ ഒന്നാം സ്ഥാനത്തിലൂടെ വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നത്.
ആർട്ടൺ ക്യാപിറ്റൽ തയാറാക്കിയ വിവരങ്ങൾ അനുസരിച്ച് 182 മൊബിലിറ്റി സ്കോറാണ് യു.എ.ഇ നേടിയിട്ടുള്ളത്. ഇതിൽ 138 രാജ്യങ്ങളിലേക്ക് വിസ തീർത്തും ആവശ്യമില്ലാത്തതും, 44 രാജ്യങ്ങളിൽ എത്തുമ്പോൾ ലഭിക്കുന്ന സൗജന്യ വിസയോ മറ്റ് ലളിതമായ വിസാ ക്രമീകരണങ്ങളോ ആണ് ഉൾപ്പെടുന്നത്. റാങ്കിങ്ങിൽ രണ്ടാംസ്ഥാനം പങ്കിടുന്ന സിംഗപ്പൂർ, മലേഷ്യ എന്നീ രാജ്യങ്ങളേക്കാൾ ഏഴു രാജ്യങ്ങളുടെയും, മൂന്നാം സ്ഥാനത്തുള്ള സ്പെയിനിനേക്കാൾ (174 രാജ്യങ്ങൾ) എട്ടു രാജ്യങ്ങളുടെയും അധിക മുൻതൂക്കം യു.എ.ഇക്കുണ്ട്. റാങ്കിങ്ങിൽ ബ്രിട്ടൻ ഏഴും യു.എസ് പത്തും സ്ഥാനത്താണ്.
ബെൽജിയം, ഫ്രാൻസ്, ജർമനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ 173 സ്കോറോടെ നാലാം സ്ഥാനത്തുണ്ട്. ദക്ഷിണ കൊറിയ, പോളണ്ട് എന്നീ രാജ്യങ്ങളാണ് അഞ്ചാം സ്ഥാനത്ത്. ആറാം സ്ഥാനത്ത് റൊമാനിയ, ബൾഗേറിയ എന്നീ രാജ്യങ്ങളും എട്ടാം സ്ഥാനത്ത് കാനഡ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളുമാണുള്ളത്.
ഐക്യരാഷ്ട്രസഭയിലെ 193 അംഗരാജ്യങ്ങളും തായ്വാനും ഫലസ്തീനും വത്തിക്കാൻ സിറ്റിയുമടക്കമുള്ള ആറ് പ്രദേശങ്ങളും ഉൾപ്പെടെ 199 പ്രദേശങ്ങളിലെ യാത്രാ സ്വാതന്ത്ര്യം കണക്കിലെടുത്താണ് ആർട്ടൺ ക്യാപിറ്റൽ റിയൽ-ടൈം അടിസ്ഥാനത്തിൽ ഈ റാങ്കിങ് തയാറാക്കുന്നത്. വിസാ ഇളവുകളിലും യാത്രാ നിയമങ്ങളിലും മാറ്റങ്ങൾ വരുമ്പോൾ അതിനനുസരിച്ച് ഇൻഡക്സിലെ കണക്കുകളും തത്സമയം പുതുക്കപ്പെടുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

