ഇന്ത്യക്ക് യു.എ.ഇയുടെ സഹായം; ഓക്സിജൻ കണ്ടയ്നറുകൾ അയച്ചു
text_fieldsദുബൈ: സൗദിക്ക് പിന്നാലെ ഇന്ത്യയിലേക്ക് ഓക്സിജൻ കണ്ടയ്നറുകൾ അയച്ച് യു.എ.ഇയും. തിങ്കളാഴ്ച രാത്രിയാണ് ഇന്ത്യയിൽ നിന്നെത്തിയ വിമാനത്തിൽ ക്രയോജനിക് ഓക്സിജൻ കണ്ടയ്നറുകൾ അയച്ചത്. ഇക്കാര്യം യു.എ.ഇയിലെ ഇന്ത്യൻ അംബാസിഡർ പവൻ കപൂർ സ്ഥിരീകരിച്ചു.
എയർഫോഴ്സിെൻറ സി 17 വിമാനത്തിലാണ് ഓക്സിജൻ അയച്ചത്. കഴിഞ്ഞ ദിവസം സൗദിയിൽ നിന്ന് 80 മെട്രിക് ടൺ ലിക്വിഡ് ഓക്സിജനും നാല് ഐ.എസ്.ഒ ക്രയോജനിക് ടാങ്കുകളും അയച്ചിരുന്നു.
യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദല്ല ബിൻ സായിദ് ആൽ നെഹ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറുമായി ഫോണിൽ വിളിച്ച് സംസാരിച്ച് പിന്തുണ അറിയിച്ചു. ഇതിന് പിന്നാലെയാണ് കണ്ടയ്നറുകൾ അയക്കാനുള്ള വിമാനം ഇന്ത്യയിൽ നിന്ന് ദുബൈയിലെത്തിയത്. യു.എ.ഇയുടെ സ്നേഹത്തിനും പിന്തുണക്കും നന്ദി അറിയിക്കുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ ട്വിറ്ററിൽ കുറിച്ചു.

