യു.എ.ഇയും ഒമാനും 129 ശതകോടിയുടെ നിക്ഷേപ പങ്കാളിത്തത്തിന്
text_fieldsയു.എ.ഇ സന്ദർശനത്തിനെത്തിയ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിൽ യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ ഖബറിടം സന്ദർശിക്കുന്നു
അബൂദബി: യു.എ.ഇയും ഒമാനും 129 ശതകോടി ദിർഹമിന്റെ നിക്ഷേപ പങ്കാളിത്തത്തിന് കരാറിലെത്തി. പുനരുപയോഗ ഊർജം, റെയിൽവേ, ഗ്രീൻ മെറ്റൽസ്, സാങ്കേതികവിദ്യ തുടങ്ങിയ രംഗങ്ങളിലാണ് പങ്കാളിത്തം രൂപപ്പെടുത്തുക.
ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ യു.എ.ഇ സന്ദർശനത്തോടനുബന്ധിച്ചാണ് വൻകിട പങ്കാളിത്തം പ്രഖ്യാപിച്ചത്.
പദ്ധതിയുടെ ഭാഗമായി 117 ശതകോടി ദിർഹം മൂല്യമുള്ള വൻകിട വ്യവസായ, ഊർജ പദ്ധതി ഇരു രാജ്യങ്ങളും ചേർന്ന് വികസിപ്പിക്കും. സോളാർ, വിൻഡ് പദ്ധതികളും ഗ്രീൻ മെറ്റൽ ഉൽപാദക യൂനിറ്റുകളും അടങ്ങിയതായിരിക്കും ഈ പദ്ധതിയെന്ന് യു.എ.ഇ നിക്ഷേപ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.
അബൂദബി നാഷനൽ എനർജി കമ്പനി (താഖ), മസ്ദർ, എമിറേറ്റ്സ് ഗ്ലോബൽ അലൂമിനിയം, എമിറേറ്റ്സ് സ്റ്റീൽ അർക്കൻ, ഒമാനിലെ ഒ.ക്യു ആൾട്ടർനേറ്റിവ് എനർജി, ഒമാൻ ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ കമ്പനി എന്നിവ പുതിയ നിക്ഷേപ കരാറിന്റെ ഭാഗമാകും. ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധത്തിലെ പ്രധാന നാഴികക്കല്ലാണ് കരാറുകളെന്നും അവ പുരോഗതിയെയും സമൃദ്ധിയെയും കുറിച്ച കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന് വഴിയൊരുക്കുമെന്നും നിക്ഷേപ മന്ത്രി മുഹമ്മദ് അൽസുവൈദി പറഞ്ഞു.
ഒമാനിലും വിശാലമായ ‘മെന’ മേഖലയിലും ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിൽ നിക്ഷേപിക്കുന്നതിന് 66 കോടി ദിർഹം മൂല്യമുള്ള സാങ്കേതിക കേന്ദ്രീകൃത ഫണ്ട് രൂപവത്കരിക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. അബൂദബി ഹോൾഡിങ് കമ്പനിയായ എ.ഡി.ക്യുവും ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയും ഫണ്ടിന്റെ ഭാഗമാകും.
11 ശതകോടി ദിർഹം മൂല്യമുള്ള യു.എ.ഇ-ഒമാൻ റെയിൽ പദ്ധതിയും 3 ശതകോടി ദിർഹം മൂല്യമുള്ള ഇത്തിഹാദ് റെയിൽ, മുബദാല, ഒമാനി അസ്യാദ് ഗ്രൂപ് കമ്പനി എന്നിവയുടെ ഓഹരി പങ്കാളിത്തവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന 300 കി.മീറ്റർ ദൂരത്തിലുള്ള റെയിൽ ശൃംഖല നിർമിക്കുന്നതിന് നേരത്തേ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ ഒമാൻ സന്ദർശന വേളയിൽ കരാർ ഒപ്പിട്ടിരുന്നു. മണിക്കൂറിൽ 200 കി.മീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ട്രെയ്നുകൾ അബൂദബിയെയും ഒമാനിലെ സുഹാനിയെയും ബന്ധിപ്പിക്കുന്ന രീതിയിലാണ് നിർമിക്കുക.
ഈ പാതയിൽ ചരക്ക് ട്രെയിനുകൾ മണിക്കൂറിൽ 120 കി.മീറ്റർ വേഗത്തിൽ വരെ സഞ്ചരിക്കും. പാസഞ്ചർ ട്രെയിനുകൾ സുഹാറിനും അബൂദബിക്കുമിടയിൽ 100 മിനിറ്റിലും സുഹാറിനും അൽഐനുമിടയിൽ 47 മിനിറ്റിലും എത്തിച്ചേരും. പദ്ധതി പൂർത്തീകരിച്ചാൽ മേഖലയിൽ ചരക്ക്, യാത്ര രംഗത്ത് വലിയ മാറ്റമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
യു.എ.ഇ സന്ദർശനത്തിനെത്തിയ ഒമാൻ സുൽത്താൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും അബൂദബി ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

